കുവൈറ്റിലെ എല്ലാ ആരോഗ്യമേഖലകളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മാനസികാരോഗ്യ ക്ലിനിക്കുകള്‍ തുറക്കുമെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ആരോഗ്യമേഖലകളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മാനസികാരോഗ്യ ക്ലിനിക്കുകള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്ര വകുപ്പ് ഡയറക്ടര്‍ ഡോ. ദിന അല്‍ ദാബിബ് പറഞ്ഞു.

13 പുതിയ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നതോടെ ഭാവിയില്‍ ആകെ മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 35 ആകുമെന്നും അവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ എല്ലാ ആരോഗ്യമേഖലകളിലുമുള്ള പ്രാഥമിക മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 22 ആണ്. കാപിറ്റല്‍ ഹെല്‍ത്ത് സോണില്‍ പന്ത്രണ്ടും ഹവല്ലിയില്‍ രണ്ടും ജഹ്‌റയില്‍ ഒന്നും ഫര്‍വാനിയയില്‍ മൂന്നും അഹ്മദിയില്‍ നാലും ക്ലിനിക്കുകളാണുള്ളത്.

ഹവല്ലിയില്‍ മൂന്ന് പുതിയ ക്ലിനിക്കുകള്‍ (മിഷ്രെഫ്, അല്‍ സലാം, ബയാന്‍) വരുന്നതോടെ ഇവിടത്തെ ആകെ ക്ലിനിക്കുകളുടെ എണ്ണം അഞ്ചാകും. കാപിറ്റലില്‍ പുതിയതായി ആറ് ക്ലിനിക്കുകള്‍ (ജാബര്‍ അല്‍ അഹ്മദ്, ദോഹ, സുറ, അബ്ദുല്ല അല്‍ സലേം, അല്‍ അഹ്ഖാത്തി, സല്‍സലാ) തുറക്കുന്നതോടെ കാപിറ്റലിലെ ആകെ ക്ലിനിക്കുകളുടെ എണ്ണം 18 ആയി ഉയരും.

അഹ്മദിയില്‍ പുതിയതായി രണ്ട് മെന്റല്‍ ക്ലിനിക്കുകള്‍ (ഹദിയ, ഫഹഹീല്‍) തുറക്കുന്നതോടെ ഇവിടത്തെ ആകെ ക്ലിനിക്കുകളുടെ എണ്ണം ആറാകും. ഫര്‍വാനിയയില്‍ പുതിയതായി രണ്ട് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതോടെ (റിഹാബ്, ആന്‍ദലാസ്) ആകെ ക്ലിനിക്കുകള്‍ മൂന്നാകും.

×