പാലക്കാട്: 'നെഞ്ചില്‍ എഴുനിറമായി...' സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കിയ 'മിഷന്‍ സി' യിലെ ഗാനം സൂപ്പര്‍ഹിറ്റായതിന്‍റെ സന്തോഷം പങ്കിട്ട് കേരളാ പോലീസ് സേനയിലെ ഓഫീസര്‍ സുനില്‍ ജി ചെറുകടവ്.
ഇപ്പോള്‍ ഏറെ അഭിമാനത്തിലും സന്തോഷത്തിലുമാണ് നവാഗതനായ ഈ പാട്ടെഴുത്തുകാരന്‍. വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലറായ പുതിയ ചിത്രമാണ് മിഷന്‍ സി.
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ചിത്രം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ചിത്രത്തിന്‍റെ ട്രെയ്ലര്‍ വലിയ തരംഗമായി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിലെ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മലയാളത്തിന്‍റെ ശ്രദ്ധേയ താരങ്ങള്‍ ഈ ഗാനം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം പാട്ട് വന്‍ഹിറ്റായി.
വിജയ് യേശുദാസ് ആലപിച്ച 'നെഞ്ചില്‍ എഴുനിറമായി...' എന്ന ഗാനം മലയാളത്തില്‍ സമീപകാലങ്ങളില്‍ ഇറങ്ങിയ സിനിമകളിലെ പാട്ടുകളിൽ നിന്നെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.
മികച്ച പാട്ടുകളുടെ പട്ടികയിലും ഈ ഗാനം ഇടംതേടി. ഗാനം സൂപ്പര്‍ഹിറ്റായതിന്‍റെ അഭിമാനത്തിലാണ് ഗാനം രചിച്ച സുനില്‍ ജി ചെറുകടവ്. ഗാനരചയിതാവിലേക്ക് നാം ചെല്ലുമ്പോഴാണ് മറ്റൊരു കൗതുകകരമായ വാര്‍ത്ത പുറത്തുവരുന്നത്.
കോവിഡ് മഹാമാരിയില്‍ ജീവനും ജീവിതവും മറന്ന് ഔദ്യോഗിക ജീവിതവുമായി പൊരുതുന്ന ഒരു പോലീസ് ഓഫീസറാണ് ഈ പാട്ടിന്‍റെ രചയിതാവ്. വടക്കേക്കര പോലീസ് ഇന്‍സ്പെക്ടറാണ് ജി സുനില്‍കുമാര്‍ എന്ന സുനില്‍ ജി ചെറുകടവ്.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ സുനില്‍ ഒട്ടേറെ പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. കവിതയോടും പാട്ടെഴുത്തിനോടും കുട്ടിക്കാലം മുതല്‍ പ്രണയമായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പാട്ടുകളും കവിതകളും കുത്തിക്കുറിച്ചു. പിന്നീട് വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും തിരക്കുകള്‍ക്കിടയിലും പാട്ടെഴുത്ത് കൈവിട്ടില്ല.
അഞ്ച് സിനിമകള്‍ക്കുമായി ഏതാണ്ട് നൂറ്റി ഇരുപതോളം ഗാനങ്ങള്‍ രചിച്ചു. 2016 ല്‍ ആറ്റിങ്ങള്‍ സി ഐ ആയിരിക്കുമ്പോള്‍ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റിനായാണ് ആദ്യഗാനം എഴുതിയത്. ആ ഗാനം ശ്രദ്ധേയമായതോടെ അവസരങ്ങള്‍ തേടിവന്നു സുനില്‍ പറയുന്നു.
അവസരങ്ങളും പ്രശസ്തിക്കുമപ്പുറം നല്ല പാട്ടുകള്‍ എഴുതുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിയാണ് എനിക്ക് ഏറെ സന്തോഷം തരുന്നത്. മിഷന്‍ സിയിലെ ഗാനം ഹിറ്റായതില്‍ ഒത്തിരി ഒത്തിരി സന്തോഷം.
ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്യാനും എനിക്ക് അവസരം കിട്ടി. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ സിനിമയുടെ സിറ്റുവേഷന്‍ പറഞ്ഞുതന്നു. അതിനനുസരിച്ച് പാട്ടെഴുതുകയായിരുന്നു. സംഗീത സംവിധാനം നിര്‍വ്വഹിച്ച പാര്‍ത്ഥസാരഥിയും ഒപ്പം നിന്നു. അദ്ദേഹത്തിന്‍റെ സപ്പോര്‍ട്ടും വളരെ വലുതായിരുന്നു. എല്ലാവരോടും നന്ദി. ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ പാട്ടുകള്‍ എഴുതണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. സുനില്‍ ജി ചെറുകടവ് പറയുന്നു.
-പി ആര്‍ സുമേരന്‍ (പിആര്‍ഒ)