Advertisment

ഇല്ലിക്കൽ കല്ലിലേക്ക് പുതിയൊരു വഴി കൂടി !

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ഒരു കാലത്ത് സാഹസികരുടെ ഹരമായിരുന്ന ഇല്ലിക്കൽ കല്ല് ഇന്ന് കേരളത്തിലെമ്പാടുമുള്ള യാത്രാ പ്രേമികളുടെയും കുടുംബങ്ങളുടെയും ഇഷ്ട സ്ഥലങ്ങളിലോന്നാണ്. പണ്ട് തലനാടു നിന്നോ അടുക്കത്ത് നിന്നോ കഷ്ടപ്പെട്ട് നടന്നു മല കയറിയാണ് ആളുകൾ ഈ ഗിരിരാജന്റെ നെറുകയിൽ എത്തിയിരുന്നത്.

അന്ന് കല്ലിന്റെ മുകളിലെ പാറയിൽ രാത്രി താമസിച്ച് പിറ്റേന്ന് മല ഇറങ്ങുന്നത് ഒരു ഹരമായിരുന്നു. പൗർണമി നാളുകളിൽ നിലാവിൽ കുളിച്ച് നിൽക്കുന്ന താഴ് വരകൾ കണ്ട് കൊണ്ട് മുകളിൽ ഇരിക്കുന്നത് പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതിയാണ്.

publive-image

തെളിഞ്ഞ പകൽ സമയത്ത് മല മുകളിൽ നിന്ന് നോക്കുമ്പോൾ ദൂരേ പടിഞ്ഞാറൻ ചക്രവാളത്തിൽ നീലരേഖ പോലെ തെളിഞ്ഞ് കാണുന്ന അറബിക്കടൽ കൗതുകമുളവാക്കും.

പണ്ട് വളരെ കുറച്ച് ആളുകൾ മാത്രമേ ഇവിടെ വരാറുള്ളൂ. സ്ത്രീകളും കുട്ടികളുമായി വരുന്നവർ അപൂർവ്വം. എന്നാലിന്ന് മേലടുക്കം വഴി പുതിയ റോഡ് വന്നപ്പോൾ ദൂരദിക്കിൽ നിന്ന് പോലും ഇല്ലിക്കൽ കല്ലിന്റെ മുകളിൽ കയറുവാൻ ആളുകൾ വന്നു തുടങ്ങി.

അപകടകരമായ പല സ്ഥലത്ത് കൂടിയും ആളുകൾ കയറുകയും ചിലർ വീണു മരിക്കുകയും ചെയ്തതോടെ ചില നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്തി. ഇപ്പൊൾ ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ ജീപ്പിൽ മാത്രമേ മുകളിൽ കയറാൻ കഴിയൂ. അപകട മേഖലകൾ വേലി കെട്ടി അടയ്ക്കുകയും ചെയ്തു.

തലനാട്ടിൽ നിന്നുള്ള നടപ്പ് വഴി അറിയാവുന്നവർ മാത്രം അത് വഴി മുകളിലേക്ക് പോയികൊണ്ടിരുന്നു. ഇപ്പൊൾ ആ വഴിയും വീതികൂട്ടി പണിതു കൊണ്ടിരിക്കുകയാണ്. ഭാവിയിൽ രണ്ട് വശത്ത് കൂടിയും നമുക്ക് ഇല്ലിക്കൽ കല്ല് കാണുവാൻ കഴിയും.

പുതിയ വഴിയിലൂടെയുള്ള കാഴ്ചകളും മനോഹരമാണ്. ചെങ്കുത്തായ താഴ്വരയും വളഞ്ഞ് പുളഞ്ഞ റോഡും. റോഡ് അവസാനിക്കുന്നിടത്ത് നിന്ന് കുറച്ച് കൂടി മുകളിൽ കയറി കാഴ്ചകൾ കാണാം. ഇതുവഴിയായാലും കല്ലിന്റെ മുകളിൽ കയറുന്നത് അപകടകരമാണ്.

publive-image

പുല്ല് നിറഞ്ഞ മലഞ്ചെരുവിൽ കൃത്യമായ വഴികളൊന്നുമില്ലെങ്കിലും മുൻപ് കയറി പോയവർ നടന്ന അടയാളങ്ങൾ കാണാം. ധൃതി കൂട്ടാതെ ശ്രദ്ധിച്ച് നടന്നാൽ നല്ലൊരു വ്യൂ പോയിന്റ് വരെ നടന്നെത്താം. തൊട്ടാൽ ബ്ലേഡ് പോലെ വരഞ്ഞു മുറിവ് ഏൽക്കുന്ന തെരുവപ്പുല്ലുകളും കുലച്ച് നിൽക്കുന്ന ചിറ്റീന്തിൻെറ കാടുകളുമാണ് വഴി നീളെ. പലയിടത്തും ചെറിയ ഉറവകൾ ഉള്ളത് കൊണ്ട് പാറയിൽ ചില സ്ഥലത്ത് വഴുക്കൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇവിടെ നിന്ന് നോക്കുമ്പോൾ മങ്കൊമ്പ്, അഞ്ചു കുടിയാർ പ്രദേശങ്ങളും പാലാ, ഈരാറ്റുപേട്ട മുതലായ പട്ടണങ്ങളും കാണാം. ഇവിടെ നിന്ന് ഉറവയെടുക്കുന്ന ചെറിയ നീർച്ചാലുകൾ ഇല്ലിക്കൽ കല്ലിന്റെ നാലുവശത്തുകൂടിയും ചെറിയ പുഴകളായി മാറുന്നു. ഒടുവിൽ ഇവയെല്ലാം ഈരാറ്റുപേട്ടയിൽ ഒന്ന് ചേർന്ന് മീനച്ചിലാർ രൂപപ്പെടുന്നു.

തലനാട് നിന്ന് കാളകൂട് ഗ്രാമത്തിലൂടെയാണ് പുതിയ വഴി. തിരികെ വരുമ്പോൾ കാളകൂടിന് മുൻപ് ഇടത്തേക്ക് തിരിഞ്ഞാൽ മേലടുക്കത്ത് എത്തിച്ചേരാം. അവിടെ നിന്ന് പതിവ് വഴിയിലൂടെ ഇല്ലിക്കൽ കല്ലിന്റെ പ്രധാന വ്യൂ പോയിന്റിലേക്കും ഇലവീഴാ പൂഞ്ചിറയിലേക്കും എളുപ്പത്തിൽ പോകുവാൻ കഴിയും.

പുതിയ വഴിയിലൂടെയുള്ള യാത്രയുടെ വീഡിയോ കാണാം : ">

travel
Advertisment