Advertisment

സ്ഥലമുള്ളവർ ഒരു പ്ലാവെങ്കിലും വീട്ടിൽ വച്ചു പിടിപ്പിച്ചാൽ 'ചക്ക' കൊണ്ട് നേടാം കൈ നിറയെ പണം; വിപണന സാദ്ധ്യതകൾ ഏറെ

author-image
admin
New Update

publive-imagegr

Advertisment

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് ഇത് നല്ലകാലം. കേരളത്തിൽ ഒരു സീസണിൽ കായ്ക്കുന്ന ചക്കയുടെ എണ്ണം 28.6 കോടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 12.2 കോടിയും പാലക്കാട് ഉൾപ്പെടുന്ന മലബാർ ജില്ലകളിൽ നിന്നാണ്. സംസ്ഥാന കാർഷിക സ്ഥിതിവിവര കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായിട്ടുള്ള ആപ്ളിക്കേഷൻ വരെ പ്ളേസ്റ്റോറിലെത്തി കഴിഞ്ഞു.

‘ജാക്ക് ഫ്രൂട്ട് വേൾഡ്’ എന്നു പേരിട്ട ആപ്ളിക്കേഷൻ ഇതിനോടകം 500 പേർ ഡൗൺലോഡ് ചെയ്തു. 390 പേർ സജീവമായി ഉപയോഗിക്കുന്നു. വൈകാതെ കൂടുതൽപേരിലേക്ക്‌ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. വരുന്ന ചിങ്ങത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങുണ്ടാകും.

കേരളത്തിൽ ചക്ക ഉത്പാദനത്തിൽ മുന്നിലുള്ള ജില്ല ഇടുക്കിയാണ്, 5.7 കോടി ചക്കയാണ് ഇടുക്കിയിൽ ഓരോ സീസണിലും ശരാശരി ഉത്പാദിപ്പിക്കുന്നത്. തൊട്ടുപിറകിലുള്ളത് വയനാടും തിരുവനന്തപുരവുമാണ്. ഇവിടെങ്ങളിൽ ഉത്പാദിപ്പിക്കുന്ന ചക്കകളുടെ എണ്ണം 2.6 കോടിയാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 2.4 കോടി ചക്ക ഉത്പാദിപ്പിക്കുന്നുണ്ട്. പാലക്കാട് 2.1 കോടി, കണ്ണൂർ 1.5 കോടി എന്നിങ്ങനെയാണ് മറ്റ് മലബാർ ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് ഏറ്റവും കുറവ് ഉത്പാദനം ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 60 ലക്ഷം ചക്ക മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കൊല്ലം 1.9 കോടി, തൃശൂർ 1.6 കോടി, എറണാകുളം 1.5 കോടി, കോട്ടയം 1.4 കോടി, കാസർകോട് 1.2 കോടി, പത്തനംതിട്ട 1.1 കോടി എന്നിവയാണ് മറ്റു ജില്ലകളിലെ ചക്ക കണക്കുകൾ.

നിലവിൽ ഇടുക്കി ജില്ലയിലെ കലയന്താനിയിലും വയനാട് മുട്ടിലിലും ചക്ക വിപണനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഈ ജില്ലകളിലെ വിപണനശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന് ചക്കസംഭരണത്തിന് കിലോക്ക് അഞ്ച് രൂപ നിരക്കിൽ കർഷകർക്ക് സഹായം നൽകാനും പദ്ധതിയുണ്ട്.

എന്നാൽ, ഇത്തരം പദ്ധതികൾ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിട്ടില്ല. 2021 - 22 കാലയളവിൽ നൂറുടണ്ണോളം ചക്കയുടെ വിപണനം നടത്തിയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ചക്കപ്പൊടി, ചക്ക ഹൽവ, ചക്കക്കുരു പൊടി തുടങ്ങിയവക്കെല്ലാം ഓൺലൈൻ വിപണിയിലടക്കം പ്രിയമേറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൂടുതൽ വിപണന സാദ്ധ്യതകൾക്ക് അവസരം ഒരുക്കണമെന്നാണ് കാർഷിക മേഖലയിലുള്ളവരുടെ ആവശ്യം. വി.എഫ്.പി.സി.കെ മുഖേന പഴവർഗ കൃഷി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ചക്കയുടെ സംഭരണം, വിപണനം, മൂല്യവർധന എന്നിവ നടപ്പാക്കുന്നതിന് പദ്ധതി വരുന്നുണ്ടെന്നും കൃഷി വകുപ്പ് അധികൃതർ പറയുന്നു.

Advertisment