കഴിച്ചു കഴിഞ്ഞാൽ നമ്മുടെ വിയർപ്പിന് സുഗന്ധമേകുന്ന പഴവർഗമാണ് കെപ്പൽ. ഇന്തോനേഷ്യയാണ് ഇതിന്റെ സ്വദേശം. ഇന്തോനേഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്റെ സമീപമൊഴികെ കെപ്പൽ മരം വളർത്തുന്നതു നിയമവിരുദ്ധമായിരുന്നു.
അതിനാൽ ഇവയുടെ പ്രചാരണം സാവധാനത്തിലായി. രാജഭരണമവസാനിച്ചതോടെ ഇവയുടെ സുഗന്ധം പൊഴിക്കുന്ന പ്രത്യേകത അറിഞ്ഞ് പലരും തങ്ങളുടെ രാജ്യങ്ങളിലുമെത്തിച്ചു.ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്‌ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ.
തായ്‌ത്തടിയിൽ ഗോളാകൃതിയിലുള്ള കായ്‌കൾ കൂട്ടമായി വിളയുന്നു. പഴങ്ങൾക്കു പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. പഴക്കാമ്പ് നേരിട്ടു കഴിക്കാം. വിത്തുകളാണ് കെപ്പൽ മരത്തിന്റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലമാണെങ്കിൽ പ്രത്യേകപരിചരണം കെപ്പൽച്ചെടിക്ക് ആവശ്യമില്ല.