മലയോര കർഷകർ പ്രതീക്ഷയോടെ കണ്ട കശുവണ്ടി സീസൺ ഇക്കുറി സമ്മാനിച്ചത് കണ്ണീർ മാത്രം. ഏപ്രിലിലെ ചാറ്റൽ മഴ കർഷക മനസ്സുകളിൽ പ്രതീക്ഷയുടെ നാമ്പിട്ടെങ്കിലും മേയ് മാസത്തിലെ കനത്ത വേനൽ മഴ കശുവണ്ടി കർഷകർക്ക് ഒരുമാസത്തെ ഉൽപാദനം പൂർണമായി നഷ്ടമാക്കി.
രണ്ടാംഘട്ട ഉൽപാദനം മികച്ചതായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ കശുവണ്ടിയുടെ വിപണിയെ തന്നെ ഇല്ലാതാക്കി. ഇപ്പോൾ വിളവുണ്ടായിട്ടും വിപണിയില്ലാത്തതിനാൽ കശുവണ്ടി ശേഖരിക്കാൻ കഴിയാതെ തോട്ടങ്ങളിൽ മുളച്ച് പൊന്തുകയാണ്.
മലയോര മേഖലയിൽ മേയ് അവസാനം വരെ ലഭിക്കേണ്ട വിളവാണ് തോട്ടങ്ങളിൽ ശേഖരിക്കാൻ കഴിയാതെ കിളിർത്തുപൊന്തുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് തോരാത്ത മഴ കർഷകന് ഇക്കുറി സമ്മാനിച്ചത്. വിപണി വിലയിൽ ഇടപെടാൻ സർക്കാർ സംവിധാനം ഇല്ലാത്തതിനാൽ വേനൽ മഴയിൽ വില കുത്തനെ ഇടിയുകയായിരുന്നു.
ഇക്കുറി വിലയുമില്ല, വിപണിയുമില്ലാത അവസ്ഥയാണ് കർഷകർ നേരിടുന്നത്. മലയോര മേഖലയിൽ കുറച്ച് ദിവസങ്ങളായി കശുവണ്ടി ആരും ശേഖരിക്കുന്നില്ല. മഴക്കൊപ്പം കൊതുക് കടിയുമേറ്റ് തോട്ടങ്ങളിൽ നിന്നും പെറുക്കിയെടുത്ത കശുവണ്ടിയുമായി വിപണിയിൽ എത്തുന്ന കർഷകൻ വിൽക്കാൻ കഴിയാതെ തിരിച്ചുപോകുന്ന കാഴ്ചയാണ്.
കഴിഞ്ഞ വർഷം മേയ് അവസാനം പിന്നിട്ടിട്ടും മഴ കശുവണ്ടി വിപണിയെ ബാധിച്ചിരുന്നില്ല. ഉൽപാദനം തീരെ കുറഞ്ഞതോടെ തോട്ടങ്ങളിൽ നിന്നുളള ശേഖരണം നിർത്തുകയായിരുന്നു കർഷകർ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വരെ ഒരു കിന്റലോളം കശുവണ്ടി ശേഖരിച്ചിരുന്ന തോട്ടങ്ങൾ മേഖലയിൽ ഉണ്ടായിരുന്നു. പൊടുന്നനെ വിപണി ഇല്ലാതായതോടെ കുറച്ചുദിവസമായി ആരും തോട്ടങ്ങളിൽനിന്ന് കശുവണ്ടി ശേഖരിക്കുന്നില്ല. വിലയും പകുതിയിലധികമായി കുറഞ്ഞു.
ഉൽപാദനത്തിന്റെ തുടക്കത്തിൽ 118രൂപവരെ കിലോക്ക് ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ ദിവസം 60രൂപയാണ് കർഷകന് ലഭിച്ചത്. നല്ല വിളവുള്ളതിനാൽ 60രൂപക്കായാലും കശുവണ്ടി പെറുക്കിയെടുത്ത് വിൽക്കാൻ കർഷകൻ തയാറായിരുന്നു. ഇപ്പോൾ വിൽക്കാൻ വിപണിയില്ലാതായതോടെ കശുവണ്ടി നശിക്കുകയാണ്. തുടർച്ചയായ മഴകാരണം കശുവണ്ടിയുടെ ഗുണമേന്മ കുറഞ്ഞുവെന്നാണ് വ്യാപാരികൾ പറയുന്നത്.
മഹരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കശുവണ്ടി ഫാക്ടറികളിലേക്കാണ് മലബാറിൽ നിന്നുള്ള കശുവണ്ടി പ്രധാനമായും കയറ്റി അയച്ചുകൊണ്ടിരുന്നത്. അവിടങ്ങളിലെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റം കാരണവും തുടർച്ചയായ ദിവസങ്ങളിൽ മഴ ലഭിക്കുന്നതും സംഭരണത്തെ സാരമായി ബാധിച്ചു.