ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; ക്ഷീരകർഷകർക്ക് മഴക്കാലത്ത് കന്നുകാലികളുടെ രോഗങ്ങൾ തടയാം

author-image
admin
Updated On
New Update

publive-image

Advertisment

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴ എന്നാൽ ക്ഷീരകർഷകർക്ക് തലവേദനയായി മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾ കൂടിയാണ്. പരിപാലനമുറകളിൽ അൽപം ശ്രദ്ധിച്ചാൽ രോഗങ്ങളെ പടിക്കു പുറത്തു നിർത്താൻ ക്ഷീരകർഷകർക്ക് സാധിക്കും.

മഴക്കാലത്ത് കന്നുകാലികളുടെ ആരോഗ്യം, തൊഴുത്ത്, ചാണകക്കുഴിയും പരിസര പ്രദേശങ്ങളുടേയും ശുചിത്വം, കറവക്കാരന്റെ ശുചിത്വം, കർഷകന്റെ ശുചിത്വം എന്നിവയിൽ ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യപരമായി മഴയെ നേരിടാം. എല്ലാ ജില്ലകളിലും മഴ കനത്തതിനാൽ കർഷകർ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്.

പാലുൽപാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് തണുപ്പിനോട് താദാത്മ്യം പ്രാപിക്കാൻ ഊർജം കൂടുതലുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകേണ്ടതാണ്
മേയ്-ജൂൺ മാസങ്ങളിൽ ബാഹ്യ പരാദങ്ങളായ ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവ പെരുകുന്നതായി കാണുന്നുണ്ട്. ഇവയെ നിയന്ത്രിക്കുക വഴി പല രോഗബാധകളും തടയാനാകും. കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകയ്ക്കുന്നത് കൊതുക്, ഈച്ച എന്നിവയെ തുരത്താൻ സഹായിക്കും.

തൊഴുത്ത് എപ്പോഴും ശുചിയായി സൂക്ഷിക്കേണ്ടതാണ് തൊഴുത്ത് വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതുവഴി തൊഴുത്തിലെ രോഗാണുക്കളുടെ അളവ് കുറയ്ക്കാൻ സാധിക്കും. തറയിൽ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണ്ടതാണ്.

വെള്ളവും പാലും കെട്ടിക്കിടക്കുമ്പോൾ രോഗാണുക്കൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. കറവക്കാരൻ ശുചിത്വം ഉറപ്പുവരുത്തണം. കറവയ്ക്ക് മുൻപായി അകിട് വൃത്തിയായി കഴുകി തുടയ്ക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അകിടിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളും നിസ്സാരമായി തള്ളിക്കളയാതെ ആവശ്യമായ ചികിത്സ നൽകണം.

പൂർണമായും പശുവിനെ കറക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കറവയ്ക്ക് ശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നതിലൂടെ അകിടുവീക്കം തടയാൻ സാധിക്കും. മഴക്കാലത്ത് തൊഴുത്തിലേക്ക് വെള്ളം അടിച്ചു കയറാതെ സൂക്ഷിക്കുക .
ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കണം. പശുവിനെ പരിപാലിക്കുന്ന ക്ഷീരകർഷകൻ വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. മനുഷ്യരിലേക്ക് പകരുന്ന പല രോഗങ്ങളുടേയും സ്രോതസ്സായി തൊഴുത്തും പരിസരവും മാറാതെ ശ്രദ്ധിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ കുത്തിവയ്പ്പിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന കുളമ്പുരോഗം നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. മ്യഗങ്ങളോട് അടുത്ത് പെരുമാറുന്നവരും ക്ഷീര കർഷകരും വ്യക്തിശുചിത്വം പാലിക്കുന്നതു വഴി എലിപ്പനി പോലെയുള്ള ജന്തുജന്യരോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Advertisment