Advertisment

വീട്ടിൽ മരച്ചീനി ഉള്ളവർ ഇപ്പൊ പണക്കാരാ, ഒരു കിലോയ്ക്ക് വില നാൽപ്പതുരൂപയ്ക്ക് മുകളിൽ, ഇതുവരെ ഉണ്ടാകാത്ത രീതിയിൽ വില കൂടാൻ കാരണം ഇതാണ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: മൂന്നിരട്ടിയോളം വില കുത്തനെ കയറിയതോടെ കപ്പയ്ക്ക് നഗരത്തിൽ ഇന്നലെ വില 42ലെത്തി. ഒരുമാസം മുമ്പ് കിലോയ്ക്ക് 15രൂപയായിരുന്നു വില. കനത്തമഴയെത്തുടർന്ന് കർഷകർ വിളവിറക്കാത്തതിനാൽ കപ്പയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. കഴിഞ്ഞ വർഷത്തെ വിലക്കുറവും വിളവിറക്കാത്തതിന് കാരണമാണ്.

വിപണിയിൽ നല്ല വിലയുണ്ടെങ്കിലും മരച്ചീനി കർഷകർക്ക് ഇതിന്റെ പ്രയോജനം ഒട്ടും തന്നെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. മൊത്തവ്യാപാരികൾ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന കപ്പ ചെറുകിടക്കാർക്ക് 35രൂപയ്ക്കാണ് നൽകുന്നത്. വില വർദ്ധന കപ്പ ഉപ്പേരി വ്യാപാരമേഖലയെയും പ്രതിസന്ധിയിലാക്കി. വൻകിട ഉപ്പേരി വ്യാപാരികൾ പച്ചക്കപ്പയ്ക്കായി തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇനിയും വിലകൂടാനാണ് സാദ്ധ്യത. ഓണം വരെ കപ്പയുടെ വില ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കപ്പക്കൃഷിയുള്ളത്. ആലപ്പുഴയിലെ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് കാർത്തികപ്പള്ളി താലൂക്കൂകളിലാണ് കപ്പകൃഷി നടത്തിയിരുന്നത്. ഡിസംബർ മുതൽ ഇടയ്ക്കിടെ പെയ്ത തോരമഴയും വേലിയേറ്റവും കൃഷിയെ പ്രതികൂലമായി ബാധിച്ചതിനാൽ ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയില്ല. ഉത്പാദന ചെലവിന് അനുസരിച്ചുള്ള വിലയും പലപ്പോഴും കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു.

കർഷകന് വില മൂന്നിലൊന്ന്

കപ്പക്ക് നാട്ടിൻ പുറത്ത് തീവിലയാണെങ്കിലും കർഷകന് നേട്ടമില്ല. കഴിഞ്ഞ വർഷം 8 മുതൽ 12രൂപ വരെയാണ് ഒരുകിലോ കപ്പക്ക് കർഷകന് ലഭിച്ചത്. അന്ന് പൊതുമാർക്കറ്റിൽ 25രൂപയായിരുന്നു വില. ഇപ്പോൾ 42രൂപയിൽ എത്തിയപ്പോൾ കർഷകന് ലഭിക്കുന്നത് 15രൂപയാണ്. മൊത്തവ്യാപാരികൾ തോട്ടത്തിലെ മൂന്നോ നാലോ ചുവട് കപ്പ പറിച്ചെടുത്ത് ശരാശരി കിലോ അനുസരിച്ച് ഒരുചുവടിനായി വില നിശ്ചയിക്കും. ചുവട് എണ്ണിയാണ് കർഷകന് വില നൽകുന്നത്. ഒരുചുവടിൽ നിന്ന് ശരാശരി ആറു മുതൽ പത്തുകിലോവരെ തൂക്കം കപ്പലഭിക്കും.

വില ഉയർന്ന് കപ്പ ഉപ്പേരിയും

കഴിഞ്ഞ ആഴ്ച കിലോ 200രൂപയ്ക്ക് ലഭിച്ചിരുന്ന കപ്പ ഉപ്പേരിയുടെ വില ഇന്നലെ 240രൂപയിൽ എത്തി. ഇനിയും വില വർദ്ധിക്കാനാണ് സാദ്ധ്യത. സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതിനാൽ തമിഴ് നാട്ടിലെ മീനാക്ഷിപുരത്തുനിന്നാണ് ഇപ്പോൾ കപ്പവാങ്ങുന്നത്. തമിഴ്നാടൻ കപ്പ ക്ക്ഗുണനിലവാരം കുറവാണ്. തമിഴ്നാട്ടിലും വിളവെടുപ്പ് സീസൺ അവസാനിക്കുന്നത് വില വർദ്ധിക്കാൻ ഇടയാകും. ഇന്ധന വിലവർദ്ധനവും കയറ്റിറക്കു കൂലിയും എണ്ണവിലയും പാചകവാതക വിലവർദ്ധനവും കണക്കിലെടുക്കുമ്പോൾ വിലവർദ്ധിപ്പിക്കാതെ ഉപ്പേരി വിപണിയിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

Advertisment