കുരുമുളക്
ഇടമുറിയാതെ മഴ പെയ്തിറങ്ങുകയാണ്. കുരുമുളകു നടാൻ ഇതാണ് ഏറ്റവും പറ്റിയ സമയം. മഴയിലൂടെയാണല്ലോ കുരുമുളകിന്റെ പരാഗണം നടക്കുന്നത്. അതിനാൽ ഇപ്പോഴത്തെ മഴ പുതിയ കൃഷിക്കും നിലവിലെ കൃഷിക്കും ഉത്തമമാണ്. നല്ല മഴയും മിതമായ ചൂടും ലഭിക്കുന്ന സ്ഥലമാണെങ്കിൽ കുരുമുളക് കൃഷി നല്ലരീയിൽ ഉണ്ടാകും. പശ്ചിമഘട്ട മലനിരകളോടു ചേർന്ന പ്രദേശങ്ങളിലാണു കറുത്തപൊന്ന് കൂടുതലായും കൃഷി ചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നഴ്സറികളിൽ കുരുമുളകു തൈകൾ നടീൽവസ്തുക്കളായി ലഭിക്കുമെങ്കിലും ഏറ്റവും നല്ലത് ഏതെന്ന് കാര്യത്തിൽ പലർക്കും സംശയമുണ്ട്.
ഇനങ്ങൾ
നാടൻ ഇനങ്ങളും അത്യുൽപാദനശേഷിയുള്ള പന്നിയൂർ 1 മുതൽ പന്നിയൂർ 10 വരെയുള്ള ഇനങ്ങൾ, ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ഐഐഎസ്ആർ ഗിരിമുണ്ട, ഐഐഎസ്ആർ മലബാർ എക്സൽ, ഐഐഎസ്ആർ തേവം, ഐഐഎസ്ആർ ശക്തി എന്നിവയെല്ലാം നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നുണ്ട്. വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ് ഐഐഎസ്ആർ ഇനങ്ങൾ. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലാണ് ഐഐഎസ്ആർ ഇനങ്ങൾ ലഭിക്കുക. നാടൻ ഇനങ്ങളായ കരിമുണ്ട, വെള്ളമുണ്ട, നീലമുണ്ട, കുതിരവാലി എന്നിവയും കർഷകരുടെ ഇഷ്ട ഇനങ്ങളാണ്.
/sathyam/media/post_attachments/0E4zpRttAiGVerhAtG2J.png)
തൈകളുടെ ഉൽപാദനം
കുരുമുളകിലെ പ്രധാനശാഖകളായ കേറുതല, ചെന്തല, കണ്ണിത്തല എന്നിവയിൽ നിന്നെല്ലാം പുതിയ ചെടികളെ വളർത്തിയെടുക്കാം. താങ്ങുകാലുകളിൽ പറ്റിപ്പിടിച്ചു വളരുന്നവയാണു കേറുതല. ചെടിയുടെ ചുവടുഭാഗത്തുനിന്നുണ്ടാകുന്നവ ചെന്തലയും തിരികൾ ഉണ്ടാകുന്നവ കണ്ണിത്തലയുമാണ്.
നടീൽ വസ്തുക്കളായി ഉപയോഗിക്കാൻ ഏറ്റവും നല്ലത് ചെന്തലകളാണ്. മാതൃചെടിയിൽ നിന്നു ശാഖയായി വന്ന് നിലത്തേക്കു പടർന്നു വളരുന്നതാണ് ചെന്തല. ഇവ നിലത്തു പടരാൻ വിടാതെ താങ്ങുകാലിലേക്കു കെട്ടി വളർത്തിവിടണം. അതിൽ നിന്നു വേണം കമ്പു മുറിച്ചെടുക്കാൻ. അഞ്ചു മുതൽ 12 വർഷം വരെ പ്രായമുള്ള, രോഗങ്ങളെ ചെറുത്തുനിൽക്കുന്ന ചെടിയിൽ നിന്നാണു ചെന്തല എടുക്കുക. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങൾ മുറിച്ചെടുത്ത് മണ്ണിൽ നേരിട്ടു നടാം. ഒരു മുട്ടെങ്കിലും മണ്ണിനടിയിലായിട്ടു വേണം നടാൻ. ഏപ്രിൽ– മേയ് മാസങ്ങളിൽ നട്ടുപിടിപ്പിച്ച കമ്പുകളും നടാം.
വളർച്ചയെത്തിയ ചെടിയുടെ അഗ്രകാണ്ഡങ്ങളാണ് കേറുതലകൾ. ഇവയിൽ നിന്നു മുറിച്ചെടുത്തു നടുന്ന ചെടികൾ വേഗം കായ്ക്കുമെങ്കിലും ദീർഘകാലം വിളവുതരില്ല.
പ്രധാന തണ്ടിന്റെ ചുവട്ടിൽ നിന്നു വളരുന്ന കണ്ണിത്തലകളിൽ നിന്നു മുറിച്ചെടുത്താണ് കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്. വീട്ടുമുറ്റത്ത് ചെടികളായി വളർത്താൻ കുറ്റിക്കുരുമുളകാണ് ഉപയോഗിക്കുന്നത്. എല്ലാ കാലത്തും വിളവു ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നടീൽ
താങ്ങുകാലുകളുടെ വടക്കുഭാഗത്തു തടം തയാറാക്കി ജൈവവളം ചേർക്കണം. ട്രൈക്കോഡെർമ ചേർത്ത ജൈവമിശ്രിതമാണു അടിവളമായി നൽകേണ്ടത്. താങ്ങുകാലിനോടു ചേർത്തുവേണം തൈകൾ നടാൻ. തടത്തിനു ചുറ്റും മണ്ണുകൊണ്ടു ചെറിയ ബണ്ടുണ്ടാക്കുന്നതു നല്ലതാണ്. മഴവെള്ളം ഒലിച്ചിറങ്ങി വള്ളികൾ നശിച്ചുപോകാതിരിക്കാൻ ഇതു തടയും. വള്ളികൾ പടരാറാകുമ്പോൾ താങ്ങുകാലുകളിൽ ചേർത്തുകെട്ടണം. ചെടികളുടെ ചുവട് തൂമ്പയോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ഇളക്കരുത്. ചെടിയുടെ വേരിനു ക്ഷതമേൽക്കാതിരിക്കാനാണിത്.
കണ്ണിത്തലകൾ ധാരാളമുണ്ടാകുമ്പോഴാണു കൂടുതൽ വിളവു ലഭിക്കുക. പുതുതായി നടുന്ന ചില ചെടികളിൽ കണ്ണിത്തല തീരെയുണ്ടാകില്ല. അത്തരം ചെടികളെ താങ്ങുകാലിലെ ബന്ധം വേർപ്പെടുത്തി വള്ളി താഴെയിറക്കി വളച്ചു മണ്ണോടു ചേർത്തു വീണ്ടും ഇതേ മരത്തിൽ കെട്ടാം. ചെടിയുടെ വേരിനു ക്ഷതമേൽക്കാതെ വേണം ഇങ്ങനെ ചെയ്യാൻ.
രോഗം
മഴക്കാലത്താണു കുരുമുളകു കൃഷിക്കു കൂടുതൽ ശ്രദ്ധ വേണ്ടത്. പുതിയ തൈകൾക്കും നിലവിൽ കായ്ക്കുന്ന വള്ളികൾക്കും അസുഖം വരാനുള്ള സാധ്യതയേറെയാണ്. ഈ സമയത്താണു ദ്രുതവാട്ടം കൂടുതലായി കാണുന്നത്. ചെടിയെ പൂർണമായും നശിപ്പിക്കാൻ ശക്തിയുള്ളതാണ് ഇതുണ്ടാക്കുന്ന കുമിളുകൾ. സ്യൂഡോമോണാസും ട്രൈക്കോഡെർമയും 15 ദിവസം ഇടവിട്ടു ചെടികളുടെ ഇലകളിലും അടിഭാഗത്തും തളിച്ചുകൊടുക്കണം. അസുഖം വന്ന ചെടികൾ പറിച്ചെടുത്തു നശിപ്പിക്കുന്നതാണു നല്ലത്.
ഇലപ്പുള്ളി രോഗവും മഴക്കാലത്തു സ്ഥിരമായി കാണുന്നതാണ്. ഇലകൾ മഞ്ഞനിറമായി അതിനകത്തു കറുത്തപൊട്ടുകൾ രൂപപ്പെട്ടും. പതുക്കെ തിരികളെല്ലാം കൊഴിഞ്ഞുപോകും. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ഒരുശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം 30 ദിവസം ഇടവിട്ടു തളിച്ചുകൊടുക്കണം.
മഴക്കാലത്താണു പൊള്ളുവണ്ടിന്റെ ആക്രമണവും ഉണ്ടാകുക. പെൺവണ്ടുകൾ തിരികളിൽ മുട്ടയിടും. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തിരികളിലെ മണികൾ തുളച്ചുകയറി ഉൾക്കാമ്പു തിന്നുതീർക്കും. വേപ്പെണ്ണ കൊണ്ടുള്ള കീടനാശിനിയായ നീം ഗോൾഡ് മൂന്നാഴ്ച ഇടവിട്ട് അടിച്ചുകൊടുക്കാം. ഇലയുടെ അടിവശത്തും തിരികളിലുമെല്ലാം ഇതു തളിക്കണം..
പുതുതായി തളിർക്കുന്ന കാണ്ഡങ്ങളെ തിന്നുതീർക്കുന്ന തണ്ടുതുരപ്പനും മഴക്കാലത്തുണ്ടാകുന്ന മറ്റൊരു ശല്യമാണ്. മുകുളങ്ങൾ കരിഞ്ഞു ചെടിയുടെ വളർച്ച മുരടിച്ചുപോകും. സ്യൂഡോമോണാസ് ലായനി 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം.
രോഗം പടർത്താൻ സാധ്യതയുള്ള കളകൾ, ചെടികൾ എന്നിവ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കുരുമുളകിനടുത്ത് തക്കാളി, വെള്ളരി, ചേമ്പ്, വാഴ എന്നിവ കൃഷി ചെയ്താൽ വൈറസ് രോഗം വരാൻ സാധ്യതയേറെയാണ്. സൂക്ഷ്മമൂലകമായ സിങ്കിന്റെ അഭാവം ഉണ്ടെങ്കിൽ ഇല കുരുടിച്ചുപോകും. സിങ്ക് സൾഫേറ്റ് 30 ഗ്രാം ഒരു ചെടിക്കു നൽകിയാൽ ഈ അസുഖം മാറും.
പന്നിയൂർ 10
കുരുമുളക് കൃഷി ചെയ്യുന്നവർക്കെല്ലാം പന്നിയൂർ ഇനങ്ങളെ അറിയാം. ഈ ശ്രേണിയിൽ ഏറ്റവും പുതിയതാണ് പന്നിയൂർ 10. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ഈ ഇനത്തിന്റെ പ്രത്യേകതയെന്ന് പന്നിയൂർ കുരുമുളകു ഗവേഷണകേന്ദ്രത്തിലെ ഡോ. വി.പി.നീമ പറഞ്ഞു. കഠിനമായ വരൾച്ച, കനത്തമഴ, രോഗ–കീടബാധകളെ അതിജീവിക്കാനുള്ള ശേഷി ഇവയ്ക്കു കൂടുതലാണ്. ഉൽപാദനത്തിലും ഇവ പിന്നിലല്ല. ഒരു ചെടിയിൽ നിന്ന് ശരാശരി 6 കിലോ പച്ചക്കുരുമുളക് ലഭിക്കും. നീണ്ടതിരികളും അവയിൽ വലിയ മണികളുമാണുള്ളത്. വാണിജ്യാടിസ്ഥാനത്തിൽ തൈകൾ തയാറാകുന്നതേയുള്ളൂ. പന്നിയൂർ 9 ഇപ്പോൾ കണ്ണൂർ കാഞ്ഞിരോട്ടെ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.
നഴ്സറി പരിപാലനം
കുരുമുളക് തൈകൾ ഉണ്ടാക്കി നല്ല വരുമാനം നേടാൻ കഴിയും. അതിന് നല്ല മാതൃചെടി വേണം. ഒക്ടോബർ, നവംബർ മാസങ്ങളിൽ മാതൃചെടികൾ തിരഞ്ഞെടുക്കണം. 5 മുതൽ 10 വർഷം വരെ പ്രായമായ ചെടികൾ തിരഞ്ഞെടുക്കാം. സ്ഥിരമായി ഉൽപാദനം തരുന്നതും രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതുമായിരിക്കണം മാതൃചെടികൾ. ധാരാളം കണ്ണിത്തലകളുള്ള ചെടികളായിരിക്കണം. നീളമുള്ള തിരികളുണ്ടാകുന്നവയായിരിക്കണം.
ചെന്തലകൾ ആണ് എടുക്കുന്നതെങ്കിൽ മണ്ണിൽ പടരാൻ വിടാതെ കമ്പുകളിൽ കയറ്റിവയ്ക്കണം. മണ്ണിൽക്കൂടിയുള്ള രോഗബാധ ഇങ്ങനെ തടയാം. ഫെബ്രുവരി മാസത്തിലാണു തൈകൾക്കുള്ള ശാഖകൾ മുറിച്ചെടുക്കുക. മൂപ്പുള്ളതും മൂപ്പുകുറഞ്ഞതുമായ ഭാഗങ്ങൾ ഒഴിവാക്കണം. നടുഭാഗത്തുള്ള മൂന്നു മുട്ടുള്ള കമ്പുകൾ മുറിച്ചെടുക്കാം. ഇലകൾ മുറിച്ചുകളഞ്ഞ റൂട്ട് ഹോർമോണിൽ കുത്തിവയ്ക്കുക. മഴ അധികമേൽക്കാത്ത സ്ഥലത്തുവേണം തൈകൾ നട്ട കവറുകൾ സൂക്ഷിക്കാൻ. മഴക്കാലം തുടങ്ങുമ്പോഴേക്കും ഈ തൈകൾ നടാൻ പ്രായമാകും.
വലയിൽകെട്ടി വളർത്താം
കുരുമുളക് പറിച്ചെടുക്കലാണ് കർഷകരുടെ വലിയ വെല്ലുവിളി. ഉയർന്നുപോകുന്ന താങ്ങുകാലുകളില്ലാതെ കൃഷി ചെയ്ത് ഇതിനു പരിഹാരം കാണാം. നല്ല ഉറപ്പുള്ള പ്ലാസ്റ്റിക് വലയിൽ ചെടി പടർത്താം. 5 മീറ്റർ നീളത്തിൽ വല മുകളിൽ നിന്നു താഴോട്ടു നല്ല ബലത്തോടെ വലിച്ചുകെട്ടുക. ഇതിലേക്കു ചെടികളെ പടർത്തുക. വിളവെടുപ്പാകുമ്പോൾ വലയുടെ കെട്ടഴിച്ചു താഴെയിറക്കുക. വിളവെടുത്തു കഴിഞ്ഞാൽ വീണ്ടും വല വലിച്ചുകെട്ടുക. വള്ളികൾക്കു കേടുവരാതെ വേണം ഇങ്ങനെ ചെയ്യാൻ. 3 മീറ്റർ നീളമുള്ള ജിഐ പൈപ്പ് മണ്ണിൽ കുഴിച്ചിട്ടു വേണം വല അതിലേക്കു വലിച്ചുകെട്ടാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us