Advertisment

വാഴപ്പഴത്തിന്റെ വിവിധ ഇനങ്ങള്‍ ഇതാ, മാങ്ങ കഴിഞ്ഞാല്‍ കേമന്‍ വാഴപ്പഴം തന്നെ; ഹൈടെക്കായി വാഴ വളര്‍ത്താൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

author-image
admin
Updated On
New Update

publive-image

Advertisment

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ കുറവാണ്.

സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം നല്ല പങ്കും ഇന്നും അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അതേസമയം വാഴക്കുലയുമായി വിപണിയിലെത്തുന്ന കേരളത്തിലെ കൃഷിക്കാർക്ക് ആദായകരമായ വില കിട്ടുന്നത് അപൂര്‍വം. വില ഉയരുന്ന അവസരത്തിൽ ഉൽപാദനം തീരെ കുറവായിരിക്കുമെന്നതിനാൽ അതിന്റെ നേട്ടം നമ്മുടെ കൃഷിക്കാരിലെത്താറില്ലതാനും.

ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഈ സസ്യത്തിന്റെ വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴകളും ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളാണ്.

സാൻസിബാർ,മോൺസ് മേരി, ഗ്രാൻറ് നെയിൻ, ഡാർഫ് കാവൻഡിഷ്,ഗ്രോമിഷേൽ തുടങ്ങിയ നിരവധി വിദേശ ഇനം വാഴകളും സങ്കര ഇനങ്ങളായ ബിആർഎസ് 1 ഉം ബിആർഎസ് 2 ഉം കൃഷി ചെയ്ത് വരുന്നു. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ കന്നാണ് സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്. ടിഷ്യുകൾച്ചർ രീതിയിലും ഇപ്പോൾ വാഴകന്നുകൾ ഉണ്ടാക്കിയെടുക്കുന്നു.

നല്ലതുപോലെ വളം ചേർത്ത് ഫലഭൂയിഷ്ടമായ കുറച്ചു നനഞ്ഞ മണ്ണാണ് വാഴകൃഷിക്ക് ഏറ്റവും നല്ലത്. കൃഷിക്കാലം മഴയെ ആശ്രയിച്ചു വ്യത്യസ്തപ്പെടും. ഏപ്രിൽ മേയ് മാസങ്ങളിൽ നട്ടാൽ മഴക്കാലം വരുന്നതോടെ നന കുറച്ചു മതി. എന്നാൽ ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ നട്ടാൽ നല്ലതു പോലെ ജലസേചനം നടത്തണം. എന്നാൽ പ്രാദേശികമായി നടീൽ കാലം ചിലപ്പോൾ വ്യത്യാസപ്പെടും. അതനുസരിച്ചു ക്രമീകരിക്കാം.

ചൂട് കൂടിയ കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമല്ല. വാഴയുടെ വളർച്ചയ്‌ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെൽഷ്യസാണ്. ഉയർന്ന താപനിലയും വരൾച്ചയും വിളവിനെ ദോഷകരമായി ബാധിക്കും.

വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ പഴത്തൊലിയാൽ പൊതിഞ്ഞാണ് കാണപ്പെടുന്നത്. ചില ഇനങ്ങളിൽ തവിട്ട് നിറത്തിലും മറ്റ് നിറത്തിലും കാണപ്പെടുന്നു. ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ് വാഴപ്പഴം.

ഹൈടെക്കായി വാഴ വളര്‍ത്താം

ഇന്ന് സാധാരണ കര്‍ഷകര്‍ ഹൈടെക്കിലേക്ക് മാറുന്നത് കൂടുതല്‍ വിളവ് മുന്നില്‍ക്കണ്ടാണ്. തമിഴ്‌നാട്ടിലെ സേലം, തൃശിനാപ്പള്ളി, തേനി, കമ്പം എന്നിവിടങ്ങളില്‍ ഹൈടെക്ക് വാഴക്കൃഷി നടത്തുന്നു.

ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉപയോഗിച്ചാണ് ഹൈടെക് വാഴക്കൃഷി നടത്തുന്നത്. ഒരേ രീതിയില്‍ വളര്‍ന്ന് ഒരുമിച്ച് വിളവെടുപ്പ് നടത്താമെന്നതാണ് ഹൈടെക് വാഴക്കൃഷിയുടെ മേന്മ. നല്ലയിനം തൈകള്‍ തിരഞ്ഞെടുക്കണം.

ഗ്രാന്‍ഡ് നെയ്ന്‍, സ്വര്‍ണമുഖി എന്നിവ കേരളത്തില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് വിജയിച്ച വാഴയിനങ്ങളാണ്.

ശരിയായ രീതിയില്‍ പോഷകങ്ങളടങ്ങിയ അടിവളം ചേര്‍ത്ത് മണ്ണ് ഒരുക്കിവേണം വാഴകള്‍ നടാന്‍. കുഴിയില്‍ നിന്ന് മുകളിലേക്ക് വളര്‍ന്നു കഴിഞ്ഞാല്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് പുതയിടുന്നത് ഹൈടെക് കൃഷിയില്‍ അത്യാവശ്യമാണ്.

ഹൈടെക് വാഴക്കൃഷിയില്‍ തുള്ളിനനയിലൂടെ വെള്ളവും വളവും നല്‍കാം. കൃത്യമായി മണ്ണ് പരിശോധിച്ച് വേണം ഏതെല്ലാം പോഷകങ്ങള്‍  വാഴയ്ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍.

ഹൈടെക്ക് ആയി വാഴ കൃഷി ചെയ്യുമ്പോള്‍ അതേ കുഴിയില്‍ തന്നെ വീണ്ടും വാഴക്കന്നുകള്‍ നിലനിര്‍ത്തി രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് കുലകള്‍ വെട്ടാം.

ഈ രീതിയില്‍ ആദ്യവാഴില്‍ കുലവരുന്നതു വരെ ചുവട്ടിലുണ്ടാകുന്ന കന്നുകള്‍ ചവുട്ടിക്കളയാം. കുല വന്നതിന് ശേഷം വരുന്ന രണ്ട് നല്ല കന്നുകള്‍ നിലനിര്‍ത്തി വളവും വെള്ളവും നല്‍കി കുലപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏഴുമാസം കൊണ്ട് ആദ്യമുണ്ടാകുന്ന കന്നില്‍ നിന്ന് വിളവ് കിട്ടും. രണ്ടാമത്തെ കന്നില്‍ നിന്ന് പത്തുമാസം കൊണ്ടും വിളവ് ലഭിക്കും.

Advertisment