ആലപ്പുഴ

‘ലോക്ക് ഡൗൺ സീരിസ്’; ഇംഗ്ലീഷ് കവിതാ സമാഹാരവുമായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുട്ടികള്‍ക്ക് പ്രചോദനമാകുന്നു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, September 19, 2021

മാന്നാർ: കോവിഡ് മഹാമാരിയിൽ വിദ്യാലയങ്ങൾ അടക്കപ്പെട്ടപ്പോൾ വീടുകളിലിരുന്ന് വീർപ്പുമുട്ടുന്ന കുട്ടികൾക്ക് പ്രചോദനമാവുകയാണ് എണ്ണയ്ക്കാട് ആശാൻ്റയ്യത്ത് വീട്ടിൽ സ്വകാര്യ ട്യൂഷൻ അധ്യാപകൻ ബി.സന്തോഷ് കുമാറിൻ്റെയും മാന്നാർ നായർ സമാജം സ്കൂൾ അധ്യാപിക രാധിക സന്തോഷിൻ്റെയും മകൾ ദേവേന്ദു. ആർ.

കോവിഡ് കാലത്ത് തൻ്റെ അനന്യമായ ഭാവനാ ശേഷിയിൽ വിരിഞ്ഞ ആംഗലേയ ഭാഷയിലുള്ള കവിതാ ശകലങ്ങൾ സമാഹരിച്ച് ‘ലോക്ക് ഡൗൺ സീരിസ്’ എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറക്കുകയാണ് മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി. ആർക്കും ഇഷ്ടപ്പെടുന്ന തികച്ചും ലളിതമായ ഭാഷയിലുള്ള വിത്യസ്ത വിഷയങ്ങളിലുള്ള പത്ത് കവിതകളുടെ സമാഹാരമാണിത്.

ലോകം മുഴുവൻ കോവിഡ് ഭയാശങ്കയിൽ വിറങ്ങലിച്ച് നിൽക്കവേ ചുറ്റുമുള്ള കാഴ്ചകളിലാകെ ആത്മ വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും തിരിനാളങ്ങൾ പകരാനുള്ള എളിയ ശ്രമമാണ് ദേവേന്ദുവിൻ്റെ കവിതാ സമാഹാരം. നായർ സമാജം സ്കൂളിൽ വെച്ച് സംസ്ഥാന സാംസ്കാരിക, യുവജനക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

വായനയെ എന്നും സ്നേഹിച്ചിരുന്ന ദേവേന്ദു എഴുത്തിൻ്റെ ലോകത്തേക്ക് എത്തിപ്പെടാൻ സഹായകമായത് കഴിഞ്ഞ ലോക് ഡൗൺ ആയിരുന്നു. അതിനാൽ കവിതാ സമാഹാരത്തിന് ലോക് ഡൗൺ സീരിസ് എന്ന് പേരും നൽകി.

ദേവേന്ദുവിൻ്റെ ഈ കവിതാ സമാഹാരത്തിന് നായർ സമാജം സ്കൂളിലെ അധ്യാപകർ നൽകിയ പിന്തുണയും സഹായവും വളരെ വലുതാണ്. അധ്യാപകരായ മാതാപിതാക്കളും കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച മൂത്ത സഹോദരി ദൃശ്യ സന്തോഷും ദേവേന്ദുവിന് എല്ലാ പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.

×