ബോളിവുഡില്‍ കട്ട് & ആക്ഷനുമായി പച്ച സ്വദേശി ഡോ. സിമ്മി ജോസഫ്; 'അന്യ' നാളെ റിലീസ് ചെയ്യും

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

എടത്വ: ബോളിവുഡില്‍ കട്ട് ആന്റ് ആക്ഷനുമായി പച്ച സ്വദേശിയായ യുവാവ് ഡോ. സിമ്മി ജോസഫ്. എടത്വ പച്ച ചേന്ദങ്കര ഇരുപത്തഞ്ചില്‍ ജോസഫ്, റീത്താമ്മ ദമ്പതികളുടെ മകനായ ഡോ. സിമ്മി ജോസഫാണ് ഹിന്ദി സിനിമയില്‍ തനത് വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

Advertisment

പുതുമുഖ മലയാളി സംവിധായകര്‍ക്ക് അന്യമായ ഭാഷയില്‍ 'അന്യ' എന്ന സിനിമായിലൂടെ മലയാളി തിളക്കം ബോളിവുഡില്‍ ഇനി കാണും. രാജ്യത്തെ വിവിധ തീയറ്ററുകളില്‍ നാളെയാണ് (ജൂണ്‍ 10) അന്യ റിലീസ് ചെയ്യുന്നത്.

കേരളത്തില്‍ പ്രധാന തീയറ്റുകളിലും അന്യ റിലീസിന് എത്തും. മനുഷ്യകടത്തും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കിയുള്ളതാണീ സിനിമ. പഠനത്തിനൊപ്പം സിനിമ സ്വപ്നവുമായി ഡല്‍ഹിക്ക് വണ്ടികയറിയ സിമ്മി സുഹൃത്തുക്കളുടെ സഹായത്തോടെ ഹിന്ദി മറാത്തി ഭാഷയില്‍ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു.

എടത്വ സെന്റ് അലോഷ്യസ് കോളേജ് യുണിയന്‍ ചെയര്‍മാനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സിമ്മി ജോസഫ് തുടര്‍പഠനത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്‌സിറ്റിയില്‍ എത്തി. ഇവിടെ നിന്ന് ജര്‍മ്മന്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി എടുത്തു.

ജെ.എന്‍.യുവില്‍ എന്‍.എസ്.യു പ്രസിഡന്റായും തിരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിക്ക് സുപരിചിതനായ സിമ്മി ഗാന്ധി കുടുംബമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ദില്ലി മലയാളികളെ ഒന്നിപ്പിച്ച് നിര്‍ത്തുവാന്‍ പല ഗ്രൂപ്പ് സംഘടനകളെ ചേര്‍ത്തു നിര്‍ത്തി അവിടെയും പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

സിനിമയും രാഷ്ട്രീയവും ഒരുപോലെ സ്വപ്നം കണ്ട് കുട്ടനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും വണ്ടികയറിയ സിമ്മി ഹിന്ദി സിനിമയില്‍ കട്ട് ആന്റ് ആക്ഷന്‍ യാഥാത്യമാകുമെന്ന് ആദ്യകാലങ്ങളില്‍ കരുതിയിരുന്നില്ല.

സൗഹൃദങ്ങള്‍ മാത്രം കരുത്താക്കിയാണ് സിനിമ പിടിച്ചത്. അന്യ സിനിമായുടെ സംവിധാനത്തിനൊപ്പം നിര്‍മ്മാതാവിന്റെ മേലങ്കി അണിഞ്ഞു. അതുല്‍ കുല്‍ക്കര്‍ണി, റൈമാ സെന്‍, മറാത്തിയില്‍ പ്രശസ്തനായ പ്രതമേഷ് പരബ് എന്നിവരാണ് കേന്ദ്ര കഥാപത്രമായി അവതരിപ്പിക്കുന്നത്.

സജന്‍ കളത്തിലാണ് സിനിമ ഫോട്ടോഗ്രാഫര്‍. കോവിഡ് കാലം ഉള്‍പ്പെടെയുള്ള എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് അന്യ തിയേറ്ററുകളില്‍ എത്തിക്കുന്നതെന്ന് സിമ്മി പറഞ്ഞു. ഷൈന്‍ ജോസഫ്, ജോര്‍ജ്ജുകുട്ടി ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

Advertisment