സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു

ബെയ് ലോണ്‍ എബ്രഹാം
Saturday, January 13, 2018

കായംകുളം:  സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധിസമ്മേളനം പികെസി നഗറില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ നാസറിന്റെ താല്‍കാലിക അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ രക്തസാക്ഷി പ്രമേയവും ജി വേണുഗോപാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എ അലിയാര്‍ സ്വാഗതം പറഞ്ഞു.

രാവിലെ സമ്മേളന നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ദീപശിഖ തെളിച്ചു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം സി ജോസഫൈന്‍, വൈക്കം വിശ്വന്‍, എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 16 ഏരിയകളില്‍ നിന്നു തെരഞ്ഞെടുത്ത 340 പ്രതിനിധികളും 42 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ച ഇന്നും നാളെയും നടക്കും. തിങ്കളാഴ്ച ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്. ചുവപ്പുസേനാ മാര്‍ച്ചിനും പൊതുപ്രകടനത്തിനും ശേഷം തിങ്കളാഴ്ച പകല്‍ അഞ്ചിന് കെ കെ ചെല്ലപ്പന്‍ നഗറില്‍ (എല്‍മെക്‌സ് ഗ്രൗണ്ട്) പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജി സുധാകരന്‍ അധ്യക്ഷനാകും.

×