പാക്കിസ്ഥാനിൽ നിന്നും കാമുകനെ തേടി ഇന്ത്യയിലേക്ക് അതിസാഹസിക യാത്ര; സീമയും സച്ചിനും ഒന്നിച്ച ഒരു ഇന്തോ-പാക് പബ്ജി പ്രണയ കഥ!

New Update

publive-image

Advertisment

പ്രണയത്തിന് ശരിയായ നിർവചനം നൽകാൻ ഇനിയുമാർക്കും കഴിഞ്ഞിട്ടില്ല. പ്രണയം ഒരു പ്രഹേളിക തന്നെയാണ്.. ഇതാ നോക്കുക...ഒരു യുവതി തൻ്റെ നാലു മക്കളുമായി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെ തൻ്റെ കാമുകന്റെയടുത്തേക്ക് നടത്തിയ അതിസാഹസിക യാത്ര ആരെയും അതിശയിപ്പിക്കുന്നതാണ്.

ചിത്രത്തിൽ കാണുന്ന യുവതി പാക്കിസ്ഥാനിലെ കറാച്ചി സ്വാദേശിനിയാണ്. മൂന്നു പെൺകുട്ടികളും ഒരു മകനുമുള്ള 27 കാരിയായ വീട്ടമ്മ സീമ ഗുലാം ഹൈദർ. ഭർത്താവിന്റെ പീഡനങ്ങൾ പലപ്പോഴും അതിക്രൂരമായിരുന്നു. ഭർത്താവ് ഹൈദർ 2020 ൽ കോവിഡ് കാലത്ത് ജോലിക്കായി സൗദി അറേബിയക്ക് പോയി. തുടർന്ന് കുട്ടികളും സീമയും ലോക്ക്‌ ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെട്ടു.

ഈ കാലയളവിൽ ഓൺലൈൻ ഗെയിമായ PUBG വഴി സീമ ഗ്രെയ്റ്റർ നോയിഡയിൽ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന സച്ചിൻ എന്ന 22 കാരനുമായി പരിചയത്തിലായി. സീമയുടെ ഒറ്റപ്പെട്ട ജീവിതവും ഭർത്താവി ൽ നിന്നും ഉണ്ടായ പീഡനങ്ങളുമെല്ലാം അവർ സച്ചിനുമായി പങ്കുവച്ചു. ആ പരിചയം മെല്ലെ പ്രണയമായി മാറി.

publive-image

അവർ മൂന്നു വര്ഷം കൊണ്ട് അകലാനാകാത്തവിധം അടുപ്പത്തിലായി. ഇക്കഴിഞ്ഞ 2023 ജനുവരിയിൽ ഇരുവർക്കും പരസ്പരം നേരിട്ട് കാണണമെന്ന ആഗ്രഹത്താൽ സീമ, കറാച്ചിയിൽനിന്നും വിമാനമാർഗ്ഗം നേപ്പാളിലെത്തി. കുട്ടികളെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയായിരുന്നു യാത്ര. സച്ചിനും സീമയും കാട്മണ്ഡുവിൽ പരസ്പ്പരം കണ്ടു, സംസാരിച്ചു. വിവാഹിതരാകാനും തീരുമാനിച്ചു. ഇന്ത്യയിലെത്തി സച്ചിനെ വിവാഹം കഴിച്ചു ജീവിക്കാമെന്ന ധാരണയോടെ അവർ മടങ്ങി. 2020 ൽ സൗദിയിൽ ജോലിക്കുപോയ സീമയുടെ ഭർത്താവ് ഇതുവരെ മടങ്ങിവന്നിട്ടില്ല.

മുൻ തീരുമാനപ്രകാരം സീമ തൻ്റെ കറാച്ചിയിലെ വീട് 12 ലക്ഷം രൂപയ്ക്ക് ഭർത്താവും മറ്റാരുമറിയാതെ രഹസ്യമായി വിറ്റശേഷം നാലുകുട്ടികളുമായി ഒരു മാസം മുൻപ് ( ജൂൺ രണ്ടാം വാരം) കറാച്ചിയിൽ നിന്നും ദുബായ്‌വഴി കാട്മണ്ഡുവിനു വിമാനം കയറി.

പിന്നീട് നേപ്പാളിൽ നിന്നും ബസ്സിലാണ് സീമയും കുട്ടികളും ഡൽഹിക്കുവന്നത്. നേപ്പാൾ ബോർഡറിൽ നാലു കുട്ടികളും ഒരമ്മയും എന്ന പരിഗണനയിൽ അധികം ചോദ്യമൊന്നുമുണ്ടായില്ല. പേര് ചോദിച്ചപ്പോൾ സീമ എന്ന് മാത്രം പറഞ്ഞു. മുൻകൂട്ടി കരുതിയിരുന്ന നെറ്റിയിലെ പൊട്ടും ഹിന്ദു പേരും അതിർത്തിയിൽ ആർക്കും സംശയം തോന്നിയില്ല.ഇല്ലെങ്കിൽ അവിടെ പിടിക്കപ്പെടുമായിരുന്നു.

സച്ചിൻ ഡൽഹിയിൽ കാത്തുനിന്നു. അവരെക്കൂട്ടി ഗ്രെയ്റ്റർ നോയിഡയിലെ റബുപുരയിലുള്ള അംബേദ്‌കർ നഗർ കോളനിയിലുള്ള തൻ്റെ ഫ്ലാറ്റിൽ കൊണ്ടുപോയി. കഴിഞ്ഞ ഒരു മാസമായി അവിടെയാണ് താമസം. ഇതിനിടെ വിവാഹിതരാകാൻ വേണ്ടി അവർ ഒരു അഭിഭാഷകനെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

publive-image

നോയിഡ പോലീസ് എല്ലാവരെയും കസ്റ്റഡിയില്ലെടുത്തു ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരു കയാണ്. പാക്കിസ്ഥാൻ എംബസിക്കും വിവരം കൈമാറി. ഇപ്പോൾ നോയിഡ പോലീസ്, റാ, ഇന്റലിജൻസ്, പാക്കിസ്ഥാൻ എംബസി എന്നീ നാല് ഏജൻസികളാണ് സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നത്.

സീമയ്‌ക്കോ ,സീമയുടെ ഭർത്താവിനോ എന്തെങ്കിലും തീവ്രവാദ ബന്ധമോ , ചാരപ്രവർത്തന ലക്ഷ്യമോ ഉണ്ടോയെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്നത്.

ചോദ്യം ചെയ്യലിൽ താനിനി പാക്കിസ്ഥാനിലേക്കില്ലെന്നും സച്ചിനെ വിവാഹം കഴിച്ച് ഇന്ത്യയിൽത്തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സീമ, ഇരു രാജ്യത്തെയും ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. സീമയെ അല്ലാതെ മറ്റാരെയും താൻ വിവാഹം കഴിക്കില്ലെന്ന് സച്ചിനും വെളിപ്പെടുത്തി. സച്ചിന്റെ മാതാപിതാക്കളും മകന്റെ തീരുമാനത്തിനൊപ്പമാണ്.

സച്ചിനെത്തേടിയുള്ള സീമയുടെ കുട്ടികൾക്കൊപ്പമുള്ള സാഹസിക യാത്രയും അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച രീതികളും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചുകളഞ്ഞു.

ഇനി നിയമപരമായ നൂലാമാലകൾ ഏറെയാണ്. ഒപ്പം ഇരു രാജ്യങ്ങളും അന്വേഷണം പൂർത്തിയാക്കാനുമുണ്ട്. മുന്നോട്ടുള്ള കാര്യത്തിൽ പ്രത്യേകിച്ചും നാല് കുട്ടികളുടെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാ രാണ്. ഇപ്പോൾ അമ്മയും നാല് മക്കളും നോയിഡ പോലീസിന്റെ കസ്റ്റഡിയിലാണ്.

Advertisment