താലിബാൻ പഴയ രൂപത്തിലേക്ക് വീണ്ടുമെത്തി..
അഫ്‌ഗാനിസ്ഥാനിലെ ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനകം അടച്ചുപൂട്ടാനുത്തരവ്. ഇതിനുള്ള കാരണം ഒരു മാസം കഴിയുമ്പോൾ പറയാമെന്നാണ് താലിബാൻ നിലപാട്..
അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ബ്യൂട്ടി പാർലറുകളുണ്ട്. ഇതിന്റെയെല്ലാം ഉടമകളും നടത്തിപ്പുകാരും സ്ത്രീകളാണ്. പുരുഷന്മാർക്ക് ഇവിടെ പ്രവേശനമില്ല. എന്നിട്ടും താലിബാൻ ഇപ്പോഴെടുത്ത ഈ നിലപാടിൽ കടുത്ത അമർഷത്തിലാണ് അവിടുത്തെ സ്ത്രീസമൂഹം.
ബ്യൂട്ടി പാർലറുകൾ അനാവശ്യമാണെന്നും അവിടെ നടക്കുന്നത് സാമൂഹികമായ പരദൂഷണങ്ങൾ മാത്രമാണെന്നുമുള്ള നിലപാടിലാണ് താലിബാൻ ഭരണകൂടം.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസ സൗകര്യവും ഉറപ്പാക്കാമെന്ന ഖത്തർ ഒത്തു തീർപ്പ് വ്യവസ്ഥകൾ പൂർണ്ണമായും ലംഘിക്കുന്ന നടപടികളാണ് 2021 ആഗസ്റ്റ് 15 ന് അഫ്‌ഗാൻ ഭരണം പിടിച്ചെടുത്തശേഷം താലിബാൻ ചെയ്തുവരുന്നത്.
സ്ത്രീകളുടെ ജോലിചെയ്യാനുള്ള അധികാരം,പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസ അവകാശം, സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്രചെയ്യാനുള്ള സ്വാതന്ത്ര്യം ഒക്കെ ഒന്നൊന്നായി അവസാനിപ്പിച്ച താലിബാൻ, സ്ത്രീകളെ പൂർണ്ണമായും വീടുകൾക്കുള്ളിൽ തളച്ചിടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾ പരസ്പരം സംസാരിക്കുമ്പോൾ അത് മറ്റൊരു പുരുഷൻ കേൾക്കാൻ പാടില്ലാത്തവിധം ശബ്ദം താഴ്തിയാവണമെന്നും ഉത്തരവുണ്ടായി. ഈ നീക്കങ്ങൾക്കെല്ലാം അവർ മറയാക്കുന്നത് അവിടുത്തെ മൗലവിമാരെയും അവരുടെ ഫത്വകളുമാണ്.
എതിർപ്പുമായി രംഗത്തുവരുന്ന സ്ത്രീകളെ തെരുവിൽ വടികൊണ്ടടിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതുകൂടാതെ ചിലരെ അവർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു..
2000 മാണ്ടിൽ താലിബാൻ ഭരണകാലത്ത് ഒരൊറ്റ പെൺകുട്ടിയും സ്‌കൂളിൽ പോകുമായിരുന്നില്ല. എന്നാൽ 2018 ൽ 83 % പെൺകുട്ടികൾ പഠനം നടത്തിയിരുന്നു.
2018 ൽ അഫ്‌ഗാനിസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 249 സീറ്റുകളിൽ 69 സീറ്റുകളിൽ അതായത് 27 % ത്തിൽ സ്ത്രീകളാണ് വിജയിച്ചത്. ഇത് പാക്കിസ്ഥാൻ, ബംഗ്ലാദേശ്,ചൈന എന്നീ രാജ്യങ്ങളിലെ വനിതാ പ്രാധിനിധ്യത്തേക്കാൾ അധികമാണ്.
അഫ്‌ഗാൻ സ്‌കൂളുകളിലെ അദ്ധ്യാപകരിൽ 77 % സ്ത്രീകളായിരുന്നു. സർക്കാർ സർവീസിൽ സ്ത്രീ പ്രാധിനിധ്യം 50 % ഉണ്ടായിരുന്നു. കാബൂൾ നഗരത്തിലെ ഡോക്ടർമാരിൽ 40 % വും സ്ത്രീകളായിരുന്നു.
അഫ്ഗാനിസ്ഥാനിൽ 300 വനിതാ ജഡ്ജിമാരുണ്ടായിരുന്നതിൽ താലിബാന്റെ വരവോടെ എല്ലാവരും രാജ്യം വിട്ടുപോയി. സ്ത്രീകൾക്ക് കോടതികളിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാനും അനുവാദമില്ല.
" അഫ്ഗാനിസ്ഥാനിൽ നിന്ന് സ്ത്രീകളെ ഒന്നാകെ താലിബാൻ പുറത്താക്കിയാൽ നന്നായിരുന്നു. ഇങ്ങനെ ജീവിക്കുന്നതിൽ ഭേദം മരിക്കുന്നതാണ് നല്ലത്. ഞങ്ങൾ സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ ജനിച്ചില്ലായിരു ന്നെങ്കിൽ എന്നാശിച്ചുപോകുന്നു..." ഇന്നലെ ഒരു ബ്യൂട്ടി പാർലർ മാനേജർ പറഞ്ഞ വാക്കുകളാണിത്...
( 'It would have been better if there were no women here' After the Taliban's decision, the manager of a beauty parlor in Kabul said - It would have been better if the Taliban had expelled women from Afghanistan. Would have ended their existence. Now death is better. It would have been better if we had not taken birth in Afghanistan.)