Advertisment

പിതാക്കൻമാരോട് ഒരു അഭ്യർത്ഥന... കഴിയുന്നതും കാപട്യക്കാരായ രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമല്ലാത്ത വിഷയങ്ങൾ സംസാരിക്കുവാൻ അരമനകളിൽ കയറ്റാതിരിക്കുക. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഏതായാലും ഇതിൽപ്പെട്ട തീവ്രവാദികളെപ്പറ്റി പറഞ്ഞാൽ ഇവിടുത്തെ മതസൗഹാർദ്ദത്തിന് ഒരു കുഴപ്പവും വരില്ല. ഇവിടെ തീവ്രവാദ പ്രവർത്തനമല്ല വേണ്ടത് സമാധാന ജീവിതമാണ്... പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ഫറോന പള്ളിയിൽ വച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ നടത്തിയ ഒരു പരാമർശമാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ഏറ്റെടുത്തിരിക്കുന്നത്.

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതെന്താണ്? ലൗ ജിഹാദിന് പിന്നാലെ കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് എന്ന പ്രതിഭാസവുമുണ്ട്. അതായത് ജിഹാദികൾ മയക്ക്മരുന്ന് കൊടുത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ വശത്താക്കി നശിപ്പിക്കുന്ന ഒരു പ്രതിഭാസം കേരളത്തിൽ നടക്കുന്നുണ്ട്. വിദ്യാർത്ഥിനികൾ സൗഹൃദങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കണം.

എത്ര ആലോചിച്ചിട്ടും എന്ത് തെറ്റാണ് ഈ വെളിപ്പെടുത്തലിൽ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല. ഒരു ക്രിസ്തീയ സഭയുടെ മേലദ്ധ്യക്ഷനെന്ന നിലയിൽ പിതാവിന് ഇത് പറയാൻ അവകാശമില്ലേ ?

സഭയിലെ വിശ്വാസികളെ നേർവഴിക്ക് നടത്തേണ്ട ചുമതലയും ഉത്തരവാദിത്വവും പിതാവിനില്ലേ ?

പള്ളിയിൽ അല്ലാതെ പിതാവ് എവിടെയാണ് ഇത് പറയേണ്ടത്? ഒരു പള്ളിയിലെ വിശ്വാസികളോട് ഒരു വിപത്തിനെക്കുറിച്ച് സൂചിപ്പിക്കുന്നതിൽ ആർക്കാണ് ഇത്ര പ്രയാസം?

കല്ലറങ്ങാട്ട് പിതാവിന്റെ വെളിപ്പെടുത്തൽ മൂലം കേരളത്തിലെ മതസൗഹാർദ്ദത്തിന് എന്ത് ച്യുതി ആണ് ഉണ്ടായത്?

ഇക്കാര്യം വിശകലനം ചെയുമ്പോൾ ഇതിലെ വസ്തുത എന്താണ് എന്ന് പരിശോധിക്കണം.

നമുക്ക് ചുറ്റുമുള്ള ജീവിക്കുന്ന ചില ഉദാഹരണങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ലൗ ജിഹാദിൽ പെട്ട് ഐ എസിൽ ചേർന്ന് ഇസ്ലാമിക ലോകം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ച മലയാളി പെൺകുട്ടികൾ അഫ്ഗാൻ ജയിലുകളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത് സത്യമല്ല എന്ന് പറയാൻ പറ്റുമോ ?

സർവീസിൽ ഡിജിപി ആയിരിക്കുമ്പോൾ ലൗ ജിഹാദില്ല എന്ന് പറഞ്ഞ ലോക് നാഥ് ബെഹ്റ റിട്ടയർ ചെയ്ത ദിവസം പറഞ്ഞത് ലൗ ജിഹാദ് ഉണ്ട് എന്നാണ്. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് ഇന്നും ഒരു വിവരവുമില്ല. ഇങ്ങിനെയുള്ള അനവധി സംഭവങ്ങൾ മുൻനിർത്തി കല്ലറങ്ങാട്ട് പിതാവ് ഒരു കാര്യം പറഞ്ഞപ്പോൾ അത് മതസ്പർദ്ധ ഉണ്ടാക്കി എന്നാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞത്. എന്നിട്ടും അഫ്ഗാൻ ജയിലുകളിൽ കിടക്കുന്ന പെൺകുട്ടികളെക്കുറിച്ച് ഒന്നും പറയുന്നില്ല.

മുസ്ലീം തീവ്രവാദികളെക്കുറിച്ച് പറഞ്ഞാൽ അത് എങ്ങിനെയാണ് മതസൗഹാർദ്ദത്തെ ബാധിക്കുന്നത്. കേരളത്തിലെ 99.9 ശതമാനം മുസ്ലീങ്ങളും വളരെ നല്ലവരാണ്. സമാധാന ജീവിതം കാംക്ഷിക്കുന്നവരാണ്. പിതാവ് മുസ്ലീമിനെതിരെ പറഞ്ഞിരിക്കുന്നു എന്ന് വളച്ചൊടിച്ച് കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്.

ഇന്ത്യയിൽ മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ നാം കാണുന്നില്ലേ ? മുസ്ലീം വിഭാഗത്തിനെതിരെ പിതാവ് എന്തെങ്കിലും പറഞ്ഞോ? ജിഹാദികൾ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ എന്തിനാണ് കോമരം തുള്ളുന്നത്?

മുസ്ലീം ലീഗിന്റെ ഇരട്ടത്താപ്പാണ് പ്രശ്നം. ലീഗ് എന്തുകൊണ്ട് മുസ്ലീം തീവ്രവാദത്തെ തള്ളിപ്പറയുന്നില്ല. പറഞ്ഞിരുന്നെങ്കിൽ ഈ ചർച്ച അന്ന് അവസാനിക്കുമായിരുന്നു.

പിണറായി വിജയനും വേണ്ടത്ര ആർജവം ഇക്കാര്യത്തിൽ കാണിച്ചില്ല.

ഒന്നുകിൽ മുഖ്യമന്ത്രി പിതാവ് പറഞ്ഞതിനെ തള്ളിപ്പറയണമായിരുന്നു. അല്ലെങ്കിൽ അന്വേഷണത്തിന് തയ്യാറാകണമായിരുന്നു. രണ്ടുമല്ലാത്ത അഴകൊഴമ്പൻ നിലപാട് ആണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.

നിലക്കൽ പ്രശ്നം വന്നപ്പോൾ കരുണാകരൻ എന്താണ് ചെയ്തത്? ബിഷപ്പിനോട് പറയേണ്ടത് ബിഷപ്പിനോട് പറഞ്ഞു. കുമ്മനത്തിനോട് പറയേണ്ടത് കുമ്മനത്തിനോട് പറഞ്ഞു. പ്രശ്നം തീർന്നു.

അതാണ് ഭരണാധികാരി.

ഇവിടെ കേട്ടപാടെ വാളെടുത്തിറങ്ങിയത് വി.ഡി സതീശനാണ്. ബിഷപ്പ് ഭരണഘടന പോലും ലംഘിച്ചു എന്ന് പറഞ്ഞു വച്ചു. പിന്നീട് ബിഷപ്പിന് പിന്തുണ വർദ്ധിച്ചു വന്നപ്പോൾ പറഞ്ഞതൊക്കെ വി.ഡി സതീശൻ വിഴുങ്ങി. ഇപ്പോൾ മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ അരമന തോറും കയറിയിറങ്ങുകയാണ്.

ബി.ജെ.പിക്ക് പാലാ അരമനയിൽ കയറിയിറങ്ങാൻ അവസരമുണ്ടാക്കിയത് കോൺഗ്രസുകാരല്ലേ ? ഇവിടെ മതസൗഹാർദ്ദത്തിനഒരു കുഴപ്പവുമില്ല. തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാറിന്റെ കൈപ്പത്തി മുസ്ലീം തീവ്രവാദികൾ വെട്ടിമാറ്റിയപ്പോൾ ഇവരെയാരേയും കണ്ടില്ലല്ലോ?

പിതാക്കൻമാരോട് ഒരു അഭ്യർത്ഥന. കഴിയുന്നതും കാപട്യക്കാരായ രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമല്ലാത്ത വിഷയങ്ങൾ സംസാരിക്കുവാൻ അരമനകളിൽ കയറ്റാതിരിക്കുക. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഏതായാലും ഇതിൽപ്പെട്ട തീവ്രവാദികളെപ്പറ്റി പറഞ്ഞാൽ ഇവിടുത്തെ മതസൗഹാർദ്ദത്തിന് ഒരു കുഴപ്പവും വരില്ല. ഇവിടെ തീവ്രവാദ പ്രവർത്തനമല്ല വേണ്ടത് സമാധാന ജീവിതമാണ്.

voices
Advertisment