പ്രതികരണം

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ യുവ അധ്യാപികയുടെ അനുഭവം കേരള പോലീസിന് അപമാനമാണ്. ജോലി സ്ഥലത്തെ പീഡനം എന്ന കേസ് ഈ കേരളത്തില്‍ ഇങ്ങനെ നീര്‍വീര്യമാകാന്‍ പാടുണ്ടോ ? – പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

സത്യം ഡെസ്ക്
Wednesday, September 22, 2021

-തിരുമേനി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളുടേയും പീഡനങ്ങളുടേയും കാര്യത്തിൽ സമാനതകളില്ലാത്ത വർദ്ധനവാണ് കേരളത്തിൽ ഉണ്ടാകുന്നത്.

സ്ത്രീധന പീഡനം, ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം, ജോലി സ്ഥലത്തെ പീഡനം , കൊച്ചു കുട്ടികൾക്കെതിരെയുള്ള പീഡനം, ബലാത്സംഗം ഇവയെല്ലാം ഓരോ ദിവസവും കൂടി വരുന്നു. പലതിലും പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്.

വളരെ സമർത്ഥരെന്ന് ഉദ്ഘോഷിക്കപ്പെടുന്ന കേരള പോലീസ് നിർവീര്യമായി നിൽക്കണമെങ്കിൽ അവർക്ക് കൂച്ചുവിലങ്ങ് ഇട്ടു കാണണം. പല കേസുകളിലും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്.

ഇവയിൽ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചാൽ ഓരോ കറുത്ത കൈകളുടെ അദൃശ്യമായ സാന്നിദ്ധ്യം അനുഭവപ്പെടും. ഈയിടെ ജോലി സ്ഥലത്ത് ഉണ്ടായ പീഡനത്തിന് എതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥയെ ആ ഓഫീസിൽ നിന്നും സഥലം മാറ്റി. പീഡിപ്പിച്ച വ്യക്തി അവിടെ തന്നെ സുഖമായി വാഴുന്നു.

മിക്കവാറും കേസുകളിലും മേലധികാരികളും പോലീസും ഇരയുടെ കൂടെയല്ല എന്നത് വേദനിപ്പിക്കുന്ന സത്യമായി മാറുന്നു.

അടുത്ത കാലത്ത് വാർത്താ ചാനലുകൾ ഉൾപ്പെടെ മിക്ക മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പുറത്ത് വിട്ട ഒരു പീഡന വാർത്തയാണ് ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിലേത്.

ഈ കോളേജിലെ ഒരു യുവ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ഒരു വർഷമായി മാനസികമായി പീഡിപ്പിച്ച് ഇല്ലാതാക്കുവാൻ ശ്രമിക്കുകയും അതിനെതിരെ പരാതി നൽകിയതിന്റെ പേരിൽ ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ചെയ്ത ഹീനമായ കൃത്യം ചെയ്തത് അതേ കോളേജിലെ ഒരുപറ്റം അധ്യാപകരാണ്.

തളർന്ന് വീണ അധ്യാപിക ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലായപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു . ഒരാഴ്ചത്തെ വിദഗ്ധ ചികിത്സക്ക് ശേഷം പോലീസിന് മൊഴി നൽകുകയും പ്രിൻസിപ്പൽ ഉൾപ്പടെ ഏഴ് അധ്യാപകരെ പ്രതി ചേർത്ത് പോലീസ് കേസ് എടുക്കുകയും ചെയ്തു.

ഇവർ ഏഴ് പേരും ഇടത് പക്ഷ കോളേജ് അധ്യാപക സംഘടനായ എ.കെ.പി.സി.ടി.എ യുടെ സജീവ പ്രവർത്തകരാണ്. ഒന്നാം പ്രതി ഡോ.എസ്.ആർ.രാജീവ് ഇതിന് മുൻപ് ഒരു ശിക്ഷണ നടപടിയുടെ ഭാഗമായി ചെങ്ങന്നൂർ എസ്.എൻ.കോളേജിൽ നിന്നും പുനലൂർ എസ്.എൻ.കോളേജിലേക്ക് സ്ഥലം മാറ്റപ്പെട്ട വ്യക്തിയാണ്.

ഇയാൾ എ.കെ.പി.സി.ടി.എ യുടെ സംസ്ഥാനതല നേതാവാണ്. രണ്ടാം പ്രതി ഡോ.വിനോദ്.പി.ഹരിദാസ് പ്രിൻസിപ്പൽ ആണ്. കേരളത്തിലെ ഒരു കോളേജ് പ്രിൻസിപ്പൽ ഒരു പീഡനക്കേസിൽ പ്രതിയാകുന്നത് അപൂർവമായ സംഭവമാണ്.

ഈ കേസ് അട്ടിമറിക്കാൻ തുടക്കത്തിലേ ശ്രമം തുടങ്ങിയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ സ്വാധീനിച്ച് കേസ് ഷീറ്റ് മാറ്റിയെഴുതാൻ എസ്.എൻ. ട്രസ്‌റ്റ്‌ ട്രഷറർ ഡോ. ജയദേവൻ നിർബ്ബന്ധിച്ചുവെന്ന് ഡ്യൂട്ടി ഡോക്ടർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതികളില്‍ ചിലരെ രക്ഷപെടുത്താൻ പിന്നീട് രംഗത്തെത്തിയത് സി.പി.എം. ആലപ്പുഴ ജില്ലാ നേതൃത്വമാണ്. ആദ്യ പടിയായി കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇപ്പോൾ ഹരിപ്പാട് മുതുകുളം സ്വദേശിയായ പാർട്ടി അനുഭാവിയായ വ്യക്തിയാണ് പുതിയ എസ്.എച്ച്. ഒ.

ഭരണത്തിലും പോലീസിലും പാർട്ടി ഇടപെടരുത് എന്ന് കോടിയേരി ബാലകൃഷ്ണൻ ശക്തമായി താക്കീത് നൽകിയതിന്റെ പിറ്റേ ദിവസമാണ് എസ്.എച്ച്. ഒ യെ മാറ്റിയത്. ഇത് സി.പി.എം. ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ട് ആണ് ഉദ്യോഗസ്ഥനെ മാറ്റിയത് എന്നാണ് സൂചന.
അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്.

ഇതിനിടെ രസകരമായ വസ്തുത എസ്.എൻ. ട്രസ്റ്റിന്റെ ഇടപെടലാണ്. പരാതിക്കാരിയായ അധ്യാപികക്കെതിരെ ട്രസ്റ്റ് മുൻകൈ എടുത്ത് ചില അധ്യാപകരുടെ പരാതി എഴുതി വാങ്ങിയിരിക്കുകയാണ്. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപികയെ വിളിപ്പിച്ചിരിക്കുകയാണ്.

പരാതി നൽകിയതിന്റെ പേരിൽ നേരത്തെ അധ്യാപികയെ ചെങ്ങന്നൂർ എസ്.എൻ.കോളേജിലേക്ക് മാറ്റിയിരുന്നു. കൈയ്യേറ്റം നടന്ന ടി.കെ.എം.എം കോളേജിലേക്ക് തന്നെ അന്വേഷണത്തിനായി എത്തണമെന്നാണ് അധ്യാപികയോട് ട്രസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

പല കോളേജുകളിലും എ.കെ.പി.സി.ടി.എ.യിൽ ഉള്ളത് അധ്യാപകരല്ല മറിച്ച് അധ്യാപക ഗുണ്ടകളാണ്. ഇവർ സാധാരണ ക്ലാസുകളിൽ പോവാറില്ല. പ്രിൻസിപ്പൽമാർക്ക് ഇവരെ ഭയമാണ്. പല കോളേജുകളിലേയും ഇന്നത്തെ അവസ്ഥ ഇതാണ്. ഭരിക്കുന്ന പാർട്ടിയും മാനേജ്മെന്റും ഒന്നിച്ചാൽ പിന്നെ പോലീസും നിർവീര്യമാകും.

ഒരിക്കലും പീഡിപ്പിക്കപ്പെടുന്ന ഇരക്ക് നീതി കിട്ടില്ല. പ്രതിപക്ഷനേതാവ് ഉൾപ്പടെ ശക്തമായി അന്വേഷണം ആവശ്യപ്പെട്ടിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് എടുത്തിരിക്കുന്നത്.
കേസന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി വെളിപ്പെടുത്തി.

ആഗസ്റ്റ് 16 ന് കോളേജിൽ അധ്യാപികയെ കൈയ്യേറ്റം ചെയ്തത് കൃത്യമായി നടന്ന ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നത് വ്യക്തമാണ്.

ഡോ.രാജീവിനെതിരെ അധ്യാപിക പ്രിൻസിപ്പലിന് നൽകിയ പരാതി അന്വേഷിക്കാതെ തീർപ്പാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെതിരെ ട്രസ്റ്റിൽ പരാതി നൽകാൻ അധ്യാപിക തയ്യാറാകുന്നുവെന്ന് സൂചന ലഭിച്ചപ്പോൾ അധ്യാപികയെ അടിയന്തിരമായി സ്ഥലം മാറ്റണമെന്ന് പ്രിൻസിപ്പൽ ട്രസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇത് ട്രസ്റ്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചതായി സൂചനയുണ്ട്. തുടർന്ന് ആഗസ്റ്റ് 10 ന് അധ്യാപികയെ ചെങ്ങന്നൂർക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് മാനേജ്‌മെന്റ് പ്രിൻസിപ്പലിന് നൽകുകയായിരുന്നു.

സ്ഥലം മാറ്റ വിവരം അധ്യാപികയിൽ നിന്ന് മറച്ച് വച്ച് പ്രിൻസിപ്പലും ഒന്നാം പ്രതിയും ഗൂഢാലോചന നടത്തി അധ്യാപികയെ 16 ന് നടന്ന സ്റ്റാഫ് അസോസിയേഷൻ യോഗത്തിൽ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് മറ്റധ്യാപകർ പറയുന്നു.

യോഗത്തിൽ അധ്യാപികയെ ചോദ്യം ചെയ്ത് കലുഷിത അന്തരീക്ഷം സൃഷ്ടിച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് മറ്റൊരു അധ്യാപകൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യോഗത്തിൽ വച്ച് അധ്യാപികയെ കൈയ്യേറ്റം ചെയ്യുന്നതിന് അവസരം ഉണ്ടാക്കിയ മൂന്ന് അധ്യാപികമാരേയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്.

ഈ കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നും രണ്ടും പ്രതികൾക്ക് ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കേസാണിതെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അസോസിയേഷൻ യോഗത്തിൽ സംബന്ധിച്ച മറ്റെല്ലാ അംഗങ്ങളും എ.കെ.പി.സി.ടി.എ അംഗങ്ങൾ ആയത് കൊണ്ട് മൊഴി നൽകിയ അധ്യാപകന്റെ വാക്കുകൾക്ക് വിശ്വാസ്യതയേറും.

കേരളത്തിലെ എയ്ഡഡ് കോളേജ് മാനേജ്മെന്റുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന വഴിവിട്ട അധികാരവും കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം. പല മാനേജ്മെന്റുകളും ഇത് അധ്യാപകരേയും ജീവനക്കാരേയും പീഡിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്.

എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് സർക്കാരും മാനേജ്മെന്റുകളും ഡയറക്ട് പേയ്മെന്റ് ഉടമ്പടിയിൽ ഒപ്പുവച്ചത്. അന്നുവരെ മാനേജ്മെന്റുകൾ ആണ് അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം നൽകിയിരുന്നത്. ഉടമ്പടി അനുസരിച്ച് ശമ്പളം സർക്കാർ നൽകണം.

നിയമന അധികാരം മാനേജ്മെന്റുകൾക്കാണ്. പല മാനേജ്മെന്റുകളും 50 ലക്ഷത്തിന് മേലെയാണ് നിയമനത്തിനായി വാങ്ങുന്നത്. പി.ജി.യും നെറ്റും പി.എച്ച്.ഡിയും ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് ഇത്രയും തുക വാങ്ങി നിയമിക്കുന്നത്. എയ്ഡഡ് കോളേജ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഇതിനോടകം ഉയർന്നിട്ടുണ്ട്.

×