പ്രതികരണം

കൊച്ചിയിലെ 10 രൂപ ഊണ് പരിപാടിക്ക് വലിയ പരിവേഷവും പബ്ലിസിറ്റിയും നൽകിയാൽ നാട് നീളെ പദ്ധതി നടപ്പാക്കാൻ ധാരാളം നന്മ മരങ്ങൾ മുന്നിട്ടിറങ്ങും! അതുവഴി ഹോട്ടൽ നടത്തിപ്പ്കാരുടെ വരുമാനമാകേണ്ട പണം അത്രയും ഖജനാവിലെത്തും… (പ്രതികരണം)

സമദ് കല്ലടിക്കോട്
Wednesday, October 13, 2021

-കെഎം ഹിലാൽ

പത്ത് രൂപയ്ക്ക് കൊച്ചിയിൽ ഊണ് കൊടുക്കുന്നത് വലിയ സംഭവമായി നാം ചർച്ച ചെയ്യുന്നുണ്ട്.
കേരളത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം വലുതും ചെറുതുമായ ആരാധനാലയങ്ങളിലും ഹൈന്ദവ ധർമ്മ സ്ഥാപനങ്ങളിലും കാലാകാലങ്ങളായി അന്നദാനം നടക്കുന്നത് ആരും ചർച്ച ചെയ്യാത്തത് ആ ചർച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിചാരിച്ചിട്ടാകാൻ വഴിയില്ല.

“അത്താഴപ്പട്ടിണിക്കാരുണ്ടോ” എന്ന് ഉറക്കെ വിളിച്ച് ചോദിച്ചിട്ട് എല്ലാവരും കഴിച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം നടയടയ്ക്കുന്ന പ്രശസ്തമായ ക്ഷേത്രങ്ങൾ ഉള്ള നാടാണ് നമ്മുടേത്.
മറ്റ് മത സ്ഥാപനങ്ങളും പണ്ട് മുതലേ സൗജന്യമായി ഭക്ഷണവും ഭക്ഷ്യവസ്തുക്കളും നൽകി വരുന്നുണ്ട്.

പിന്നെ എന്താണ് ഇപ്പോൾ 10 രൂപ ഊണിൻ്റെ വലിയ ചർച്ചയ്ക്ക് കാരണം? അത് മറ്റൊന്നുമല്ല, അത് നടപ്പാക്കുന്നത് ഇടതുപക്ഷക്കാരുടെ ഭരണത്തിലുള്ള കൊച്ചി നഗരസഭാ അധികൃതരുടെ നേതൃത്വത്തിലാണ് എന്നതാണ്. കുഴിയാനയെ കിട്ടിയാലും നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ച് നാട്ടുകാരെ കാണിക്കുന്ന അല്പന്മാർ വളരെ കൊട്ടിഘോഷിക്കും ഈ പത്ത് രൂപ ഊണ് പരിപാടി.

അപ്പോൾ അൽഖേരളത്തിലെ പൊട്ടന്മാർ ചോദിക്കും, പാവങ്ങൾക്ക് 10 രൂപയ്ക്ക് ചോറ് കിട്ടുന്നത് നല്ല കാര്യമല്ലേ എന്ന്. ഖേരളത്തിൽ ഇപ്പോഴും ധാരാളം ദാരിദ്ര്യവാസികളുണ്ടെന്നാണ് അവർ പരോക്ഷമായി പറയുന്നത്. എന്നാൽ ഇതൊന്നുമല്ല ഇതിന് പിന്നിൽ.

വേലയെടുക്കാതെ ജീവിക്കുന്നതാണ് അന്തസ്സ് എന്ന് ജനങ്ങളെ പഠിപ്പിച്ച കമ്യൂണിസ്റ്റുകൾക്ക്, ഈ പദ്ധതിക്ക് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ട്. ഇന്ന് ശരാശരി മലയാളികളിലെ ഭൂരിഭാഗം പുരുഷന്മാരും കൂലിപ്പണിക്കും മറ്റും പോകുന്നത് കുടുംബം പോറ്റാൻ മാത്രമല്ല, വൈകിട്ട് നന്നായി ഒന്ന് മിനുങ്ങാൻ കൂടിയാണ്.

നാട് നീളെ ബീവറേജ് ഔട്ട് ലെറ്റുകൾ തുറന്ന് വെച്ച് മദ്യത്തിൻ്റെ വിലയുടെ 4 ഇരട്ടി നികുതി ചുമത്തുന്ന ഭരണ കൊള്ളക്കാർ മറ്റ് സംസ്ഥാനങ്ങൾ ചെയ്യുന്നത് പോലെ അന്തസ്സായ വരുമാന മാർഗ്ഗങ്ങളൊന്നും സ്വീകരിക്കാതെ കൂലിപ്പണിക്കാരുടേയും മറ്റ് ഇടത്തരക്കാരുടേയും പോക്കറ്റ് കാലിയാക്കാൻ മറ്റൊരു വഴി കണ്ടെത്തിയതാണ് ഈ 10 രൂപ ഊണ്.

ഓരോരുത്തരും നന്മ മരമാകാൻ മത്സരിക്കുന്ന അല്പജ്ഞ കേരളത്തിൽ സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ പണം മുടക്കാതെ പിരിവെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉപജ്ഞാതാവ് പഴയ ധനകാര്യനായ കയറ്പിരി ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിൻ്റെ നിയോജക മണ്ഡലത്തിൽ 20 രൂപയ്ക്കായിരുന്നു ഊണ് ലഭിച്ചിരുന്നത്.

അവിടെ ഇടിച്ച് കയറിയിരുന്നവരിൽ അധികവും ബീവറേജിൽ പണം നിക്ഷേപിച്ച് രാഷ്ട്ര സേവനം ചെയ്യുന്ന പാമ്പൻമാരായിരുന്നു! ലവന്മാർ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വെച്ചിരുന്ന പണം കൂടി ബീവറേജ് വഴി ഖജനാവിലെത്തിക്കുന്ന മാജിക്.

കൊച്ചിയിലെ 10 രൂപ ഊണ് പരിപാടിക്ക് വലിയ പരിവേഷവും പബ്ലിസിറ്റിയും നൽകിയാൽ നാട് നീളെ പദ്ധതി നടപ്പാക്കാൻ ധാരാളം നന്മ മരങ്ങൾ മുന്നിട്ടിറങ്ങും! അതുവഴി ഹോട്ടൽ നടത്തിപ്പ്കാരുടെ വരുമാനമാകേണ്ട പണം അത്രയും ഖജനാവിലെത്തും. ചെറുതൊന്നുമല്ല ബുദ്ധി!

×