കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസത്തെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയായ ന്യൂസ് അവർ ആണ് ഈ കുറിപ്പിനാധാരം. ചർച്ച നയിക്കുന്നത് വിനു വി ജോൺ. വിഷയം അനുപമ ചന്ദ്രന്റെ കുഞ്ഞിനെ സംബന്ധിച്ചാണ്.
ചർച്ചയിൽ വിനുവിനെക്കൂടാതെ അനുപമ ചന്ദ്രൻ ഉണ്ട്. രണ്ട് സാമൂഹ്യ പ്രവർത്തക( social activists) കളും ഉണ്ട്. അനുപമ തന്റെ വിഷയത്തിൽ ഒതുങ്ങി നിന്നുകൊണ്ട് നന്നായി വിനുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. സ്വന്തം കുഞ്ഞിനെ അനുപമക്ക് തിരികെ ലഭിക്കണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. അത് അനുപമയുടേയും ആ കുഞ്ഞിന്റേയും അവകാശമാണ്.
പിറന്ന് വീണ ഒരു കുഞ്ഞിനും ആ കുഞ്ഞിനെ പ്രസവിച്ച അമ്മക്കും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിലൊന്നും ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. എന്നാൽ അനുപമയെ സഹായിക്കാനെന്ന വ്യാജേന ചാനലിൽ കയറിയിരുന്ന് അസഭ്യം പറയുന്നവരെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.
മനുഷ്യൻ കേട്ടാൽ അറക്കുന്ന വാക്കുകൾ, സമൂഹത്തിൽ പുരുഷമേധാവിത്വമുണ്ടെന്ന വ്യാജേന പുരുഷന്മാർക്കെതിരെയുള്ള പുലമ്പൽ, സ്ത്രീ സമത്വം, സ്ത്രീവിമോചനം എന്നിവയെക്കുറിച്ച് ദാർശനിക കാഴ്ചപ്പാടിലുള്ള ഉപദേശങ്ങൾ ഇവയൊക്കെ ഇക്കൂട്ടരുടെ മാസ്റ്റർപീസാണ്.
മേൽ പറഞ്ഞ ദിവസത്തെ ചർച്ചയിൽ അഭിഭാഷകയായ ഒരു സാമൂഹ്യ പ്രവർത്തകയുടെ ദാർശനിക സ്വഭാവമുള്ള മൊഴികളാണ് താഴെ പറയുന്നത്.
1 ഏത് പുരുഷന്റെ കൂടെ ശയിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം നിഷേധിക്കാൻ പാടില്ല. ഇത് നിഷേധിക്കുന്നത് ഭർത്താവായാലും അത് നിയമ ലംഘനമാണ്. ഇത് സ്ത്രീത്വത്തിനെതിരെയുള്ള കടന്നുകയറ്റമാണ്.
ഇടയ്ക്ക് അനുപമ ചന്ദ്രൻ പറഞ്ഞു. ഗൃഹത്തിലുള്ള പീഡനം ഭർത്താവിന്റേത് മാത്രമല്ല, അച്ഛനും അമ്മയും നടത്തുന്നതും പീഡനമാണ്. മേൽ പറഞ്ഞ സാമൂഹ്യ പ്രവർത്തകക്ക് ഇതിൽപരം സന്തോഷം വരാനില്ല. എന്തോ കാര്യമായി വീണു കിട്ടിയതുപോലെ അടുത്ത നിരീക്ഷണം ഉടൻ വന്നു.
2 കേരളത്തിലെ 90% വീടുകളിലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. അച്ഛൻ, അമ്മ, സഹോദരൻ ഇവരൊക്കെയാണ് പീഡന വീരർ. ഭയപ്പാടുള്ളതു കൊണ്ടാണ് പെൺകുട്ടികൾ പുറത്ത് പറയാത്തത്. ഇതാണ് മഹതിയുടെ നിരീക്ഷണം.
ഇതിൽപരം കേരള സമൂഹത്തെ അപമാനിക്കാനുണ്ടോ ? കേരളത്തിലെ എത്ര ജില്ലകളിൽ നല്ല മിടുക്കികളായ പെൺകുട്ടികൾ കളക്ടർമാരായി ഇപ്പോൾ ഉണ്ട് എന്ന് ഈ മഹതിക്കറിയാമോ?
കേരള പോലീസിൽ മലയാളികളായ എത്ര ഐ.പി. സ് വനിതകൾ ഉണ്ടെന്ന് ഇവർക്കറിയാമോ?
ഗവ. സെക്രട്ടറിയറ്റിൽ ഉന്നത പദവികളിൽ ഭൂരിഭാഗവും വനിതകൾ ആണെന്ന് ഈ സ്ത്രീക്കറിയാമോ? അന്താരാഷ്ട തലത്തിൽ എത്ര മലയാളി വനിതകൾ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ടെന്ന് ഇവർക്കറിയാമോ? മലയാള സാഹിത്യത്തിലെ വനിതാ എഴുത്തുകാരിൽ എല്ലാവരും സ്ത്രീവിമോചനത്തിന് വേണ്ടി വാദിക്കുന്നവരാണോ?
ഇവരെയെല്ലാം അപമാനിക്കുന്ന നിരീക്ഷണമല്ലേ ഈ സാമൂഹ്യ പ്രവർത്തക നടത്തിയത്.
പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും വേണമെന്ന് ആഗ്രഹിക്കാത്ത മലയാളി രക്ഷിതാക്കൾ ഉണ്ടോ? ഏറ്റവും നല്ല സ്ക്കൂളിൽ , കോളേജിൽ അല്ലേ മാതാപിതാക്കൾ അവരെ ചേർക്കുന്നത്. പെൺകുട്ടികളോട് എന്ത് വിവേചനമാണ് കേരളത്തിൽ ഉള്ളത്?
കഷ്ടപ്പെട്ട് പഠിച്ച് ഉന്നത പദവിയിൽ ഇരിക്കുന്ന വനിതകളെ ഇങ്ങിനെ ആക്ഷേപിക്കുന്നത് സാമൂഹ്യ പ്രവർത്തക എന്ന ലേബലിൽ ചാനലിൽ കയറിയിരുന്ന് പ്രസംഗിക്കുന്ന വനിതകൾ തന്നെയാണ് എന്നതാണ് വിരോധാഭാസം.
ചാനൽ ചർച്ച എന്ന പേരിൽ എന്ത് തോന്നിവാസവും വിളിച്ച് പറയുന്ന ഒരു സംസ്ക്കാരം കേരളത്തിൽ വളർന്ന് വരികയാണ്. ഇത് വലിയ അപകടത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.
ഒരു പക്ഷേ ഇവരുടെ അനുഭവമായിരിക്കും ഇവർ പറയുന്നത്. ഇത് ഇവിടെ നിർത്തിയേ മതിയാകു. ഒരു സമൂഹത്തിൽ ന്യായീകരിക്കാൻ സാധിക്കാത്ത ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെന്നിരിക്കാം. അതിനെ പർവതീകരിച്ച് സാമാന്യവൽക്കരിക്കുന്നത് വലിയ അപകടം സമൂഹത്തിൽ ഉണ്ടാക്കും.
ശ്രീകണ്ഠൻ നായരും വിനു വി ജോണും തമ്മിലുള്ള യുദ്ധം അടിച്ചേൽപ്പിക്കേണ്ടത് കേരള സമൂഹത്തിൻ മേലല്ല. സദാചാര ബോധത്തെ വെല്ലുവിളിക്കുന്ന ഇത്തരം ചർച്ചകൾ ബഹിഷ്ക്കരിക്കുകയാണ് ചെയ്യേണ്ടത്. ഈ സാമൂഹ്യ പ്രവർത്തകയുടെ നിരീക്ഷണത്തോട് ഏഷ്യാനെറ്റും വിനു.വി.ജോണും യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
ഏഷ്യാനെറ്റിന് യോജിപ്പില്ലെങ്കിൽ ഇത്തരം പുലഭ്യങ്ങൾ വിളിച്ച് പറയുന്നവരെ ചാനലിൽ കയറ്റി ഇരുത്തരുത്. അത് ഏഷ്യാനെറ്റിന് ഭൂഷണമല്ല. മറ്റ് ചാനലുകളും വ്യത്യസ്തമല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരിൽ എന്ത് ആഭാസത്തരവും വിളിച്ച് പറയാൻ നമ്മൾ സമ്മതിക്കരുത്. നമ്മുടെ വീടുകളിൽ വളർന്ന് വരുന്ന കുഞ്ഞുങ്ങളെ ഇത് വഴി തെറ്റിക്കും.
ഇത്തരത്തിലുള്ള ചർച്ചകൾ അവസാനിപ്പിച്ചില്ലെങ്കിൽ നിയമപരമായി ഇതിനെ നേരിടേണ്ടിവരും. സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്ത ദോഷം മാത്രം ചെയ്യുന്ന ഇത്തരം ചർച്ചകൾ ബഹിഷ്ക്കരിക്കുക.
അനുപമ ചന്ദ്രനോട് ഒരപേക്ഷ, നാട്ടിലെ നല്ലൊരു വിഭാഗം ജനത അനുപമയുടെ കൂടെയുണ്ട്. എന്നാൽ ഇത്തരം വിഷം ചീറ്റുന്ന സോഷ്യൽ ആക്ടിവിസ്റ്റുകളുടെ കൂടെ കയറിയിരിക്കരുത്. ഇവരുടെ മഹദ് വചനങ്ങൾ സമൂഹത്തെ നന്നാക്കാനല്ല, മറിച്ച് ഇല്ലാതാക്കാനാണ്.