ബ്രിട്ടീഷുകാരോടു പൊരുതി ജയിക്കാന്‍ ഗാന്ധിജിക്ക് സഹന സമരം മതിയായിരുന്നുവെങ്കില്‍ മോദിയോട് ജയിക്കാന്‍ കോണ്‍ഗ്രസുകാരെന്തിന് ജോജുമാരോട് അതിക്രമം കാണിക്കണം ? ഒരു ബുദ്ധിമുട്ടിനെതിരെ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുത് - പ്രതികരണത്തില്‍ തിരുമേനി

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം എറണാകുളത്ത് അരൂർ - ഇടപ്പിള്ളി ബൈപാസിൽ വൈറ്റില ജംഗ്ഷനിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പെട്രോളിയം വിലവർദ്ധനക്കെതിരെ റോഡ് ഉപരോധിച്ച് കൊണ്ട് നടത്തിയ സമരം വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ്. റോഡിൽ വാഹനവുമായി കുറെ സമയം കാത്ത് കിടക്കേണ്ടി വന്ന യാത്രക്കാരിൽ ഒരാൾ നടൻ ജോജു ജോർജായിരുന്നു. ഇദ്ദേഹം കോൺഗ്രസുകാർ നടത്തിയ ഈ ഉപരോധ സമരത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പിന്നീട് ചില അനിഷ്ട സംഭവങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്തത് നാമെല്ലാം കണ്ടതാണ്.

ഇന്നലെ നിയമസഭയിൽ ഇത് ചർച്ചക്ക് വരികയും ജോജുവിനെ അനാവശ്യമായി മദ്യപനാക്കിയതിൽ മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ നല്ലൊരു വിഭാഗം ജോജുവിനെ അനുകൂലിക്കുമ്പോൾ എതിർക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട്. ജോജുവിന്റെ കാർ അടിച്ച് പൊട്ടിച്ച് അക്രമമുണ്ടാക്കി സമരത്തിന്റെ തീവ്രത ഇല്ലാതാക്കിയതിന് ശക്തമായ പ്രതിഷേധമുള്ള കോൺഗ്രസ് നേതാക്കളുമുണ്ട്.

എന്നാൽ ഇതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കോൺഗ്രസോ ജോജുവോ അല്ല. പോലീസാണ്.
ഈയിടെ കർഷക സമരം ദില്ലിയിൽ നടന്നപ്പോൾ ദിവസങ്ങളോളം ചില റോഡുകൾ ഉപരോധക്കാർ കൈയ്യടക്കി. ഇക്കാര്യത്തിൽ ഇടപെട്ടുകൊണ്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചു. സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ട് സമരം ചെയ്യാൻ പാടില്ല. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി വുക്തിക്കോ സംഘടനക്കോ സമരം ചെയ്യാൻ അവകാശമുണ്ട്. അതുപോലെ റോഡ് നികുതി അടക്കുന്ന എല്ലാ പൗരനും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇത് രണ്ടും നിഷേധിക്കാൻ പാടില്ല.

ഇവിടെ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി കോൺഗ്രസുകാർ റോഡ് ഉപരോധിച്ച് സമരം ചെയ്തപ്പോൾ അത് ജോജുവിന്റേയും മറ്റ് യാത്രക്കാരുടേയും അവകാശം നിഷേധിക്കപ്പെട്ടു. നവംബർ 1, ഇരുപത് മാസത്തെ ഇടവേളക്ക് ശേഷം സ്ക്കൂൾ തുറക്കുന്നു. അതുപോലെ ആശുപത്രിയിൽ പോകേണ്ടവർ, എയർപോർട്ടിൽ പോകേണ്ടവർ, ഓഫീസിൽ പോകേണ്ടവർ ഇവരെയൊക്കെയാണ് മണിക്കൂറുകളോളം വഴിയിൽ പിടിച്ചിട്ടത്. വഴി തിരിച്ചു വിട്ടു എന്ന് പറയുന്നതിനൊന്നും സാംഗത്യമില്ല.

കോടതി വിധി നിൽക്കുമ്പോൾ ഉപരോധ സമരം നടത്താൻ അനുവാദം നൽകിയ പോലീസാണ് യഥാർത്ഥ കുറ്റക്കാർ. സംഭവ ദിവസം ഒരു ദൃശ്യ മാധ്യമത്തിന്റെ ലേഖകൻ ഡെപ്യൂട്ടി കമ്മീഷണറോട് ചോദ്യം ചോദിച്ചത് ചാനലിൽ കണ്ടതാണ്. ഈ സമരത്തിന് പോലീസ് അനുവാദം നൽകിയിട്ടുണ്ടോ? എന്നായിരുന്നു ചോദ്യം. സമര നോട്ടീസ് നൽകിയിരുന്നോ എന്നും ചോദിച്ചിരുന്നു.

അതിന്റെ മറുപടി ഡിസിപി ഇംഗ്ലീഷിലാണ് പറഞ്ഞത്. സമരക്കാർ എഴുതി തന്നിട്ടില്ല എന്നാൽ വാക്കാൽ അറിയിച്ചിട്ടുണ്ട്. അതായത് ഉപരോധ സമരം നിയമ വിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധി നിലനിൽക്കുമ്പോൾ അത് നടത്താൻ പോലീസ് വാക്കാൽ അനുവാദം നൽകി എന്ന്.

ഇതല്ലേ നിയമ വിരുദ്ധം? ഇത് കോടതിയലക്ഷ്യമല്ലേ? ഇനി അഥവാ കോൺഗ്രസുകാർ അനുവാദമില്ലാതെ റോഡ് ഉപരോധിച്ചാൽ അവരെ അറസ്റ്റ് ചെയ്ത് നീക്കാമായിരുന്നല്ലോ. അപ്പോൾ സംഗതി അതല്ല. ഒത്തുകളി. ഒരു മണിക്കൂർ ഉപരോധിച്ചോളു. ഞങ്ങൾ കാവൽ നിൽക്കാം.
പോലീസ് സമരക്കാർക്ക് ചുറ്റും നിന്ന് സുരക്ഷകൊടുത്തത് ചാനലുകളിൽ കണ്ടില്ലേ. പോലീസ് നിയമം നടപ്പാക്കിയിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഡിസിപി അടക്കം ഉപരോധം നോക്കി നിന്നു.

കോൺഗ്രസുകാരെ ഇക്കാര്യത്തിൽ കുറ്റം പറയരുത്. കാരണം ഒരു സമരം പരമാവധി വിജയിപ്പിക്കുവാൻ ചെയ്യുന്നവർ ശ്രമിക്കും. സമരത്തെ ജോജു ചോദ്യം ചെയ്തതിൽ ഒരു തെറ്റും കാണാൻ പറ്റില്ല. കാരണം ജോജു സ്വാർത്ഥലാഭത്തിന് വേണ്ടി ചെയ്ത കാര്യമല്ല. ജോജു സഭ്യമല്ലാത്ത ഒരു വാക്കും പറഞ്ഞുമില്ല. എന്നാൽ ജോജുവിന്റെ ഇടപെടലോടെ സമരത്തിന്റെ കുന്തമുന ഒടിഞ്ഞു. ഇതാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്.

എന്നാൽ പിന്നീട് ഗാന്ധി ശിഷ്യൻമാരും ഗാന്ധി ശിഷ്യകളും ചെയ്തത് നീതിക്ക് നിരക്കാത്തതാണ്. നിസ്സഹകരണപ്രസ്ഥാനത്തിലൂടെയും സഹന സമരത്തിലൂടെയും സത്യാഗ്രഹത്തിലൂടെയുമാണ് മഹാത്മജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. കോൺഗ്രസുകാരോട് ഈ വഴിയേ നടക്കാനാണ് ഗാന്ധിജി പറഞ്ഞത്. കഴിഞ്ഞ പിണറായി ഭരണകാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് നശീകരണ സമരത്തിന് യുഡിഎഫ് ഇല്ല എന്ന്.

എന്നിട്ടാണ് എറണാകുളം മേയറായിരുന്ന ടോണി ചമ്മണിയുടെ സാന്നിദ്ധ്യത്തിൽ ജോജുവിന്റെ കാർ അടിച്ചു തകർത്തത്. ഇതൊന്നും നീതികരിക്കാവുന്നതല്ല. ഇതിനേക്കാൾ ദൗർഭാഗ്യകരമാണ് മഹിളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞ ആക്ഷേപം.

ജോജു മദ്യപിച്ചിരുന്നു. ജോജു ഞങ്ങളെ അസഭ്യം പറഞ്ഞു. ജോജു ഞങ്ങളെ കൈയ്യേറ്റം ചെയ്യാൻ വന്നു. പ്രിയ കോൺഗ്രസ് സഹോദരികളെ ഇതൊരു വൃത്തികെട്ട നാടകമാണ്. ചാനലിനോട് ഇങ്ങിനെ പറയണം എന്നൊക്കെ ഒരു വിദ്വാൻ പുറകിൽ നിന്ന് പറഞ്ഞ് കൊടുക്കുന്നതും കാണാമായിരുന്നു.

ഉത്തരേന്ത്യയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചപ്പോൾ 1983 ൽ ഇന്ദിരാഗാന്ധി യാണ് സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണവും അവകാശവും നൽകുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ദൗർഭാഗ്യവശാൽ ഇന്ദിര അനുയായികൾ തന്നെ അത് ദുരൂപയോഗപ്പെടുത്തുന്നു.

അവനവന്റെ ആത്മാഭിമാനം പണയം വച്ച് താൽക്കാലിക ലാഭത്തിന് വേണ്ടി ഇത് ചെയ്യുന്ന ഇവരിലാരെങ്കിലും നാളെ ജയിച്ച് മന്ത്രിയായാൽ അവരുടെ ഭരണം എങ്ങിനെയിരിക്കും?
സുപ്രീം കോടതി കർശനമായ നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ട് - സ്ത്രീകളുടെ പരാതിയിൽ അന്വേഷണം നടത്തി കഴമ്പുണ്ടെങ്കിൽ മാത്രമേ എഫ്.ഐ.ആർ. ഈടാവൂ എന്ന്.
കാരണം ഒരു പുരുഷനോട് വിരോധമുണ്ടെങ്കിൽ ഒരു പരാതിയും കൊടുത്ത് മൊഴിയും കൊടുത്താൽ അവന്റെ കഥ കഴിഞ്ഞു. ഇത് പല സ്ത്രീകളും ദുരുപയോഗപ്പെടുത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.

ഈ മുതലെടുപ്പിന്റെ അവസാന ഉദാഹരണമാണ് മഹിളാ കോൺഗ്രസ് നേതാക്കളുടെ പരാതി.
മറ്റൊന്ന് ജോജുവിനെ മദ്യപനാക്കിയതാണ്. അപകടം മനസ്സിലാക്കിയ ജോജു വൈദ്യപരിശോധന വേണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന പരിശോധനാഫലം വന്നപ്പോൾ വനിതാ നേതാക്കളുടെ വാദം പൊളിഞ്ഞു പോയി.

മറ്റൊരു നീച പ്രവർത്തി കാർ അടിച്ച് തകർത്തതാണ്. ഒരു ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു വ്യക്തിക്കുണ്ടായ അനുഭവം.
ഒരു ബുദ്ധിമുട്ടിനെതിരെ സമരം ചെയ്യുമ്പോൾ അത് മറ്റൊരു ബുദ്ധിമുട്ടിലേക്ക് മാറുന്നു.
ഇതിന്റെ ആകെത്തുക ഇത്രയുമാണ്. പോലീസിന്റെ കൈയ്യിൽ നിന്നുണ്ടായ ഒരു ഗുരുതര വീഴ്ചയാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ഉപരോധിച്ച ഉടൻ അറസ്റ്റ് ചെയ്ത്‌ നീക്കാമായിരുന്നു. എന്തായാലും വഴി തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതാണ് നല്ലത്. അതിന് ജോജു ഒരു നിമിത്തമായേക്കും.

voices
Advertisment