ബാലഗോപാലനെ എണ്ണതേപ്പിച്ച് കിടത്തി കേന്ദ്ര സർക്കാർ - പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടുന്ന പാട്ട് ഇപ്പോഴാണ് അന്വർത്ഥമായത്. കേരളത്തിന്റെ ധനകാര്യമന്ത്രി ബാലഗോപാലൻ അക്ഷരാർത്ഥത്തിൽ ഇപ്പോൾ എണ്ണ തേപ്പിച്ച സ്ഥിതിയിൽ കിടക്കുകയാണ്. എപ്പോഴാണ് കുളിക്കുന്നതെന്നേ അറിയാൻ ഉള്ളു. ഇത്രയും വലിയ ചതി കേന്ദ്ര സർക്കാർ ചെയ്യുമെന്ന് നമ്മുടെ ബാലഗോപാലൻ കരുതിയില്ല.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 10 രൂപയും കുറച്ചിരുന്നു. സംസ്ഥാന സർക്കാരുകളോട് ആനുപാതികമായി കുറയ്ക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഗണ്യമായ കുറവ് വരുത്തി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വില കുറച്ചു.
എന്നാൽ കേരളം കുറയ്ക്കാൻ തയ്യാറായില്ല. സാധ്യമല്ല എന്നാണ് ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്. അതിന് മന്ത്രി പറഞ്ഞ ന്യായമാണ് തമാശ. കേരളം കുറയ്ക്കേണ്ട വിഹിതവും കൂടി ചേർത്താണ് കേന്ദ്രം കുറച്ചിരിക്കുന്നത് എന്നതാണ് അദ്ദേഹം പറഞ്ഞ ന്യായം. എത്ര ആലോചിച്ചിട്ടും ഇത് പിടി കിട്ടുന്നില്ല.
മന്ത്രി മറ്റൊരു മഹാ മണ്ടത്തരവും കൂടി വിളമ്പി. കേന്ദ്രം പെട്രോളിയം ഉൽപന്നങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടുമ്പോൾ സംസ്ഥാനങ്ങൾക്കും ആനുപാതികമായി നല്ല ഒരു വിഹിതം ലഭിക്കും. മന്ത്രി പറഞ്ഞത് ആനുപാതികമായി ലഭിക്കുന്ന ഈ വർദ്ധന കൊണ്ടാണ് ഇവിടെ ഞങ്ങൾ കാര്യങ്ങൾ നടത്തിപ്പോകുന്നത്. പെൻഷൻ കുടിശ്ശിക, ശമ്പള കുടിശ്ശിക ഇതൊന്നും കൊടുക്കാൻ പണമില്ല. വർദ്ധിപ്പിച്ച ഈ വിഹിതം ഇനി കുറച്ചാൽ കേരളത്തിന് ഇനി മുമ്പോട്ട് പോകാൻ പറ്റില്ല എന്നാണ് മന്ത്രി പറഞ്ഞത്.
ഒരു ചോദ്യം മന്ത്രിയോട് ചോദിക്കട്ടെ, ഇന്നലെ വരെ താങ്കൾ അല്ലേ പറഞ്ഞ് നടന്നത് - പെട്രോൾ, ഡീസൽ വില കേന്ദ്രം വർദ്ധിപ്പിക്കുന്നതു കൊണ്ട് കേരളത്തിലെ ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് എന്ന്. കേന്ദ്രം കുത്തക കമ്പനികൾക്ക് വേണ്ടിയാണ് വില കൂട്ടുന്നത് എന്ന്. യഥാർത്ഥത്തിൽ പെട്രോളിയം വില കേന്ദ്രം വർദ്ധിപ്പിച്ചപ്പോൾ അതിന്റെ ഗുണഭോക്താവ് ആരാണ്? കേരളം.
എന്നിട്ട് രാവിലെ വായ തുറന്നാൽ കേന്ദ്രത്തേയും മോദിയേയും കുറ്റം പറയും. കിട്ടണ ലാഭം പോക്കറ്റിലിടും. ഇതിനാണ് ഇരട്ടത്താപ്പ് അല്ലെങ്കിൽ കാപട്യം എന്ന് പറയുന്നത്. പറയുന്ന കാര്യങ്ങളിൽ തരിമ്പെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ മിസ്റ്റർ ബാലഗോപാൽ നിങ്ങൾ 2 രൂപയെങ്കിലും ലിറ്ററിന് കുറയ്ക്കൂ.
ജി.സ്.ടിയുടെ കുടിശ്ശിക വിഹിതം നൽകി, റവന്യൂ കമ്മിയുടെ വിഹിതമായ 14000 കോടി രൂപ കേന്ദ്രം പല ഗഡുക്കളായി നൽകി. പോരാത്തതിന് കോവിഡ് പ്രതിരോധത്തിന് വേറെ നൽകി. അതിന് മുമ്പ് പ്രളയ ദുരിതാശ്വാസമായി കോടികൾ നൽകി. ഇതൊന്നും ഓഡിറ്റ് പോലും ചെയ്തിട്ടില്ല. ധനമന്ത്രിയോട് ചോദിക്കട്ടെ...
അപ്പോൾ കേരളത്തിന് സ്വന്തനിലയിൽ റവന്യൂ വരുമാനമില്ലേ ? കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കുറെ സർക്കാർ സ്ക്കൂളുകൾക്ക് പുതിയ കെട്ടിടം പണിതു. ആശുപത്രികൾ കുറെ നവീകരിച്ചു. ഇതൊഴിച്ചാൽ മുഴുവനും ധൂർത്തായിരുന്നു. ലോക കേരള സഭ എന്നൊരു പ്രസ്ഥാനം കൊണ്ടു വന്ന് അതിന് വേണ്ടി തുലച്ചത് കോടികൾ.
കോടികളുടെ വ്യവസായം കേരളത്തിൽ സമാഗതമാകുന്നുവെന്ന് പറഞ്ഞതല്ലാതെ ആരേയും കണ്ടില്ല. കോടികൾ മുടക്കി കല്യാണ മണ്ഡപവും കൺവൻഷൻ സെന്ററും പണിത സാജൻ പഞ്ചായത്തിന്റ പെർമിറ്റ് ലഭിക്കാത്തതു കൊണ്ട് ആത്മഹത്യ ചെയ്തു.
പാർട്ടിക്കാരെ പേടിച്ച് കിറ്റക്സ് സാബു ജീവനും കൊണ്ട് തെലുങ്കാനയിലേക്ക് പോയി. ഇതാണ് നമ്മൾ വ്യവസായികൾക്ക് നൽകുന്ന പ്രോത്സാഹനം. ഈ വർഷവും ലോക കേരള സഭക്ക് വേണ്ടി ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ട്. കിട്ടുന്ന പണം മുഴുവൻ ധൂർത്തിന്റെ വഴിയേ ചിലവാക്കിയിട്ട് ദൂരദർശിനിയുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കിയിരിക്കും.
കാശ് കൊടുത്താലും മോദിയെ പരിഹസിക്കും. കേരളത്തിന്റെ റവന്യൂ വരുമാനം വർദ്ധിപ്പിക്കുവാൻ എന്ത് നടപടിയാണ് ധനകാര്യ മന്ത്രി എടുക്കുന്നത് ? തുറന്ന് പറയുവാനുള്ള ആർജവം കാണിക്കുമോ? കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയാൽ അവിടെയല്ലാം കൃഷിയുണ്ട്. വ്യവസായമുണ്ട്. ഇവിടെ കൃഷിയുണ്ടോ? വ്യവസായമുണ്ടോ? ജീവനിൽ കൊതിയുള്ള ഏതെങ്കിലും വ്യവസായി കേരളത്തിൽ വരുമോ ?
കേരളീയനായ എം.എ. യൂസഫലി പോലും ഇനി മുതൽ മുടക്കുന്നത് യു.പി.യിൽ ആണ്. ആരാണ് കേരളത്തിലെ കൃഷിയും വ്യവസായവും നശിപ്പിച്ചത്? കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകൾ . അതാണ് ഉത്തരം.
പാടങ്ങളിൽ കൊടി നാട്ടി കൃഷി ഇല്ലാതാക്കി. വ്യവസായ ശാലകളിൽ കൊടി നാട്ടി വ്യവസായം ഇല്ലാതാക്കി. കൃഷിക്ക് പണിയെടുക്കാൻ ആളില്ലാതായി. ഇടത്തരക്കാരേയും ജന്മിമാരായി മുദ്രകുത്തി വർഗ്ഗ ശത്രുക്കളാക്കി. നോക്കിനിന്നാൽ കൂലി കിട്ടുമെന്ന സ്ഥിതിയായി. ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ സമ്പന്ന വർഗത്തിന്റെ സുഹൃത്തുക്കളായി. പാർട്ടിയിൽ തന്നെ രണ്ട് തരം അടിമകൾ ഉണ്ടായി. നേതാക്കളുടെ അടിമകളായ പ്രവർത്തകരും കുട്ടി നേതാക്കളും.
രണ്ടാമത്തെ വിഭാഗം കുത്തക മുതലാളിമാരുടെ അടിമകളായ പാർട്ടിയിലെ ഉന്നത നേതാക്കൾ. കുത്തക മുതലാളിമാർക്ക് വേണ്ടി ഭരിക്കുന്ന കേരളത്തിലെ ഈ പാർട്ടി നേതാക്കളാണ് മോദിയെ കുത്തകക്കാരൻ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്.
കേരളത്തിലെ കർഷകരേയും കൃഷിയേയും നശിപ്പിച്ച പാർട്ടിയിലെ ഒരു വിദ്വാൻ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ ട്രാക്ടർ ഓടിക്കുന്ന രോമാഞ്ചജനകമായ കാഴ്ചയും നാം കണ്ടു.
ഈ വിദ്വാൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉയർന്ന തസ്തികയിലുണ്ട്. ഇനി പൂരം വരാൻ പോകുന്നതേയുള്ളു.
മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ, ഏര്യാ, ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വരികയാണ്. ലോക്കൽ സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോടികൾ ഒഴുകാൻ പോവുകയാണ്. ഇതൊക്കെ ആരുടെ പണമായിരിക്കും? എന്തായാലും യച്ചൂരിയുടെ കൈയ്യിൽ ഒന്നുമില്ല. യച്ചൂരിക്ക് കഞ്ഞി കുടിക്കണമെങ്കിൽ ചില്ലറ ഇവിടുന്ന് കൊടുക്കണം.
ഇനി നടക്കാൻ പോകുന്ന ഈ ധൂർത്ത് നമ്മുടെ തന്നെ പണമായിരിക്കും. മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്നത് കേരളം നന്നാക്കാനാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റി.
അടുത്ത തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും നക്കാപ്പിച്ച നൽകി അടുത്ത ഭരണം കൂടി പിടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന് വേണ്ടിയുള്ള കരു നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
അതുകൊണ്ട് ധനമന്ത്രിയടക്കം നടത്തുന്ന ഈ കപട നാടകങ്ങൾ നമ്മളെ വഴിതെറ്റിക്കാനാണ്. വായ തുറന്നാൽ രാവിലെ മുതൽ വായ അടക്കുന്നതുവരെ മോദിയെ ചീത്ത പറയുക. കപടതയുടെ ഈ രാജാക്കൻമാരെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞാലേ കേരളം രക്ഷപ്പെടു. കോൺഗ്രസിന് അതിന് കഴിയില്ല. ബിജെപിക്കും കഴിയില്ല. ഇക്കൂട്ടർ ഒന്നിലും ഫോക്കസ്ഡ് അല്ല. ആരെങ്കിലും വരട്ടെ. അല്ലെങ്കിൽ നാട് കുട്ടിച്ചോറാകട്ടെ.