കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കൾക്ക് മുല്ലപ്പെരിയാർ എന്ന് ഉച്ചരിക്കാൻ കഴിയില്ല - കാരണം ഉച്ചരിച്ചാൽ തമിഴ്‌നാട് അവർക്ക് നൽകിയ ഉച്ഛിഷ്ടത്തിന്റെ കണക്ക് തമിഴന്മാർ തന്നെ വെളിയിൽ വിടും. തേനി, മധുര ജില്ലകളിൽ നമ്മുടെ നേതാക്കൻമാർക്കുള്ള ഏക്കർ കണക്കിന് വരുന്ന ഭൂമി, പശ്ചിമഘട്ടത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ബിനാമി പേരുകളിലുള്ള തോട്ടങ്ങൾ, ഇതോടൊപ്പം കറൻസിയും.
കേരളത്തിന്റെ അഞ്ച് ജില്ലകൾ ഇല്ലാതായാലും 35 ലക്ഷം പേർ ഒഴുകി അറബിക്കടലിൽ പോയാലും ഇവർക്കൊന്നും വായ തുറക്കാൻ സാധിക്കില്ല. തുറന്നാൽ തമിഴന്മാർ കണക്ക് പുസ്തകമെടുക്കും.
കഴിഞ്ഞ ദിവസം തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ മുല്ലപ്പെരിയാർ സന്ദർശിച്ചു. കൂടെ ഒരു പരിവാരവും ഉണ്ടായിരുന്നു. വിഡ്ഢികളായ നമ്മൾ വിചാരിച്ചു മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ നേരിൽ കാണാനാണ് തമിഴ് നാട് മന്ത്രി വന്നത് എന്ന്. കേരള ജനതക്ക് പ്രതീക്ഷ നൽകുന്ന എന്തെങ്കിലും അദ്ദേഹം പറയുമെന്ന് കരുതി.
സുപ്രീം കോടതിയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ദൊരൈ മുരുകൻ സംസാരിച്ചത്.
ഞങ്ങൾ ബേബി ഡാം ശക്തിപ്പെടുത്താൻ പോവുകയാണ്. അത് ശക്തിപ്പെടുത്തിയാൽ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും. 142 അടിയായി നിജപ്പെടുത്തിയ സുപ്രീം കോടതി വിധി നടപ്പാക്കാൻ പറ്റില്ല എന്നും 136 അടിയായി ജലനിരപ്പ് കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ദൊരൈയുടെ ഗർജനം.
ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരിയോ പ്രതിപക്ഷ നിരയിലെ നേതാവോ ഇതിനെതിരെ ഒരു വാക്ക് മിണ്ടിയോ? ആരെങ്കിലും ഏതെങ്കിലും പത്രത്തിൽ വായിച്ചോ? മിണ്ടാൻ പറ്റില്ല. കാരണം നമ്മുടെ ബഹുമാന്യ നേതാക്കളുടെ തലകൾ തമിഴൻമാരുടെ കക്ഷത്തിലാണ്.
കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ട്. പിണറായി വിജയൻ. അദ്ദേഹം കേരള ജനതയോട് എന്താണ് പറഞ്ഞത്? മുല്ലപ്പെരിയാർ എന്ന് പറഞ്ഞാൽ, എഴുതിയാൽ നിന്നെയൊക്കെ പിടിച്ച് അകത്തിടും എന്ന്. പിന്നീട് മുല്ലപ്പെരിയാർ കുറച്ചെങ്കിലും ശക്തമായി നിയമസഭയിൽ ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്.
അതിനുള്ള മറുപടി പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിക്കുകയായിരുന്നു. ഒരു കോൺഗ്രസ് എംഎൽഎയും രമേശിനെ സഹായിച്ചുകണ്ടില്ല. ദൊരൈ മുരുകൻ വരുന്നുവെന്നറിഞ്ഞത് മുതൽ പല ആശാൻമാരുടേയും മുട്ടിടിക്കാൻ തുടങ്ങി.
ഇത്രയും നെറികെട്ട ഇടത്, വലത് പാർട്ടികളും അതിന്റെ നേതാക്കളും കേരളത്തിന്റെ ദുരന്തമാണ്.
35 ലക്ഷം ജനങ്ങളെ നേർച്ചക്കോഴികളാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തിന്റെ മണ്ണിൽ നിന്നുകൊണ്ടാണ് ദൊരൈ മുരുകൻ പ്രസംഗിച്ചത്. നാണമില്ലേ കേരളത്തിലെ ഭരണ നേതൃത്ത്വത്തിന്. എന്തുകൊണ്ട് പിണറായി വിജയൻ മുല്ലപ്പെരിയാർ സന്ദർശിക്കുന്നില്ല? എന്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിക്കാത്തത് ? എന്തുകൊണ്ടാണ് ദൊരൈ മുരുകന് മറുപടി നൽകാത്തത്? കാരണം തമിഴന്റെ കാശ് മേടിച്ച് പോക്കറ്റിൽ ഇട്ടിരിക്കുകയാണ്.
പിണറായി വിജയന്റെ വാക്കുകൾ കേട്ടാൽ മുല്ലപ്പെരിയാർ ഡാം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമാണെന്ന് തോന്നും. അന്യ സംസ്ഥാനത്തിന്റെ പണം പറ്റി സ്വന്തം ജനതയെ വിറ്റു തിന്നുന്ന കേരളത്തിലെ ഈ രാഷ്ട്രീയ നപുംസകങ്ങളെ നമ്മൾ തിരിച്ചറിയണം.