-ആബിദ് അടിവാരം
/sathyam/media/post_attachments/a9UJFkTKSfYhp9lQkbUK.jpg)
പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾക്ക് വൃത്തിയുണ്ടോ? അതിന് മുമ്പ് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. സർക്കാർ വിലാസം ടിബി/റസ്റ്റ് ഹൗസുകൾ നമുക്കാവശ്യമുണ്ടോ? ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയതാണ് റസ്റ്റ് ഹൗസുകൾ. സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഔദ്യോഗീകാവശ്യങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ അവർക്ക് താമസിക്കാൻ കെട്ടിടങ്ങൾ ആവശ്യമായിരുന്നു.
ഇന്നത്തെപ്പോലെ ഹോട്ടലുകളും റെസ്റ്റോറൻറുകളും വാഹനങ്ങളും ഇല്ലാതിരുന്ന കാലത്ത് അതൊരത്യാവശ്യം തന്നെയായിരുന്നു. അവ പരിപാലിക്കാൻ ഉദ്യോഗസ്ഥരും അടുക്കളപ്പണിക്കാരും ആവശ്യമായിരുന്നു. പക്ഷേ ഇന്നോ..? വേണ്ടത്ര വാഹന സൗകര്യങ്ങളും ഇഷ്ടം പോലെ ഹോട്ടലുകൾ ഓൺലൈൻ പോർട്ടലുകൾ വഴി ഭക്ഷണവും സുലഭായി കിട്ടുന്ന കേരളത്തിൽ എന്തിനാണ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ?
മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ താമസിക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ ഒരു നല്ല റസ്റ്റ് ഹൗസ് മാത്രം നില നിർത്തിയാൽ പോരേ..? എന്തിനാണ് 155 റെസ്റ്റ് ഹൗസുകളും അവിടങ്ങളിൽ മാനേജർ മുതൽ സ്വീപർവരെയുള്ള സർക്കാർ ജീവനക്കാരെയും തീറ്റിപ്പോറ്റുന്നത്..? ഈയിടെ
മന്ത്രി റിയാസ് മിന്നൽ പരിശോധന നടത്തിയ റെസ്റ്റ് ഹൗസിലെ അടുക്കള ഒരു കല്യാണ മണ്ഡപത്തിന്റെ അടുക്കളയെക്കാൾ വിശാലമാണ്.?
ആരുടെ ആവശ്യത്തിനാണ് സർക്കാർ ഗസ്റ്റ് ഹൗസിൽ ഇത്രയും വലിയ അടുക്കളയും ചെമ്പു പാത്രങ്ങളും.? പല പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളും സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളും രാഷ്ട്രീയ പാർട്ടിക്കാരുടെ 'സ്വകാര്യ' ഇടപാട് കേന്ദ്രങ്ങളുമാണ്. അവ ജനങ്ങൾക്കുപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള മന്ത്രി റിയാസിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം പറയേണ്ടി വരുന്നത് പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ പൂർണ്ണമായും അടച്ചു പൂട്ടുകയോ സ്വകാര്യ മേഖലക്ക് ലീസിന് കൊടുക്കുകയോ വേണമെന്നാണ്.
നല്ല വൃത്തിയും വെടിപ്പുമുള്ള നന്നായി പെരുമാറുന്ന ജീവനക്കാരുള്ള സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും കേരളത്തിലെവിടെയും കിട്ടാനുണ്ടെന്നിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന റെസ്റ്റ് ഹൗസുകൾ തേടി ആര് പോവാനാണ് ? ആ വെള്ളാനയെ ഒഴിവാക്കുകയാണ് സർക്കാരിന് നല്ലത്. നാടിനും സർക്കാരിനും ഗുണപരമായ ഒരു തീരുമാനം അത്യാവശ്യമാണ്.