മലമ്പുഴയിലെ ഇമേജിന്റെ പ്രവർത്തനവും ജനങ്ങളുടെ ആരോഗ്യവും, കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളും... (പ്രതികരണം)

New Update

publive-image

Advertisment

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) കീഴിൽ പ്രവർത്തിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിന്റെ പ്രവർത്തനം മലമ്പുഴയിലെ
ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക ആഘാതം കാണാതെ പോകരുതെന്ന് അഭ്യർത്ഥിച്ച് പി. രാജീവ് എന്ന വിവരാവകാശ പ്രവർത്തകൻ ചില വസ്തുതകൾ ബഹുജനങ്ങൾക്ക് മുമ്പാകെ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് പൗരന്മാരുടെ ആരോഗ്യസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും. ബയോമെഡിക്കല്‍ സംസ്‌ക്കരണം വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് 18 വര്‍ഷം മുമ്പ് ഐ.എം.എ.സംസ്ഥാന ഘടകം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചത്.

മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രം ഇമേജ് സംബന്ധിച്ച ചില വസ്തുതകൾ
നാം ഗൗരവമായി എടുക്കണം. ആദ്യമായി മലമ്പുഴ ഡാമിൽ നിന്ന് എത്ര മീറ്റർ അകലെയാണ് ഇമേജ് എന്ന് നേരിൽ മനസിലാക്കണം.

സർജിക്കൽ വേസ്റ്റുകളുടെ രക്തവും ചലവും അളിഞ്ഞ മാംസവും നേരിട്ട് കാണണം. 48 മണിക്കൂറിനകം സംസ്കരിക്കണം എന്ന് നിഷ്കർഷയുള്ള എന്നാൽ ദിവസങ്ങളോളം പഴക്കമുള്ള മാലിന്യങ്ങൾ അവിടെ നേരിൽ കാണാൻ കഴിയും.

പ്ലാന്റിനകത്തെ മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്നത് എവിടേക്കാണെന്നു നോക്കണം.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ കയ്യുറപോലും ഇല്ലാതെ വേർതിരിക്കുന്നതടക്കമുള്ള ജീവനക്കാരുടെ സുരക്ഷാ മുൻകരുതലുകൾ നേരിട്ട് കാണണം.

കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന മരുന്ന് കുപ്പികളുടെയും ലാബ് മാലിന്യങ്ങളുടെയും ശേഖരം കാണണം. വലിയ കുഴികളിൽ ഒന്നും ചെയ്യാനാകാതെ നിറച്ചിട്ടിരിക്കുന്ന ഇൻജെക്ഷൻ സൂചികൾ കാണണം.

സദാ സമയം ദുർഗന്ധ പൂരിതമായ വായു ശ്വസിച്ച് അവിടെ നിൽക്കണം. സ്ഥാപനത്തിന് നൽകിയ ലൈസെൻസിലെ അട്ടിമറികൾ പരിശോധിക്കണം. മലമ്പുഴ ഡാമിന്റെ നിശ്ചിത ദൂരപരിധിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല എന്ന ഗവണ്മെന്റ് ഉത്തരവ് നോക്കണം.
പ്ലാന്റിന് അകത്തേയും പുറത്തെയും മണ്ണും വെള്ളവും ഇന്ത്യയിലെ ഏറ്റവും മികച്ച ലാബിൽ പരിശോധിക്കാൻ തയ്യാറാവണം.

സർവ്വോപരി കേരളത്തിലെ ഒരേയൊരു ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് ആണ് ഇതെന്ന് കൃത്യമായി മനസ്സിലാക്കണം. കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ എത്ര ജില്ലകൾക്ക് എത്ര ബയോമെഡിക്കൽ വേസ്റ്റ് പ്ലാന്റുകൾ ആണ് ഉള്ളതെന്ന് മനസിലാക്കണം.

പ്രാദേശിക വാദമല്ല,മറിച്ച് പാലക്കാട് ജില്ലയിലെ പ്രധാന ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക ആഘാതം കാണാതെ പോകരുത് എന്ന അപേക്ഷയാണ്. സ്വന്തം നിലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട ഇടത്തരം ആശുപത്രികളും സ്വകാര്യ ലാബുകളും തങ്ങളുടെ മാലിന്യ സംസ്‌ക്കരണത്തിന് ആശ്രയിക്കുന്നത് ഇമേജിനെയാണ്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ആശുപത്രി മാലിന്യങ്ങള്‍ ഇമേജാണ് ശേഖരിച്ച് സംസ്‌ക്കരിച്ചുവരുന്നത്. ഒരു വ്യാധിയെ തുരത്തി മറ്റൊരു മഹാദുരന്തത്തിനായി കാത്തിരിക്കുകയാണോ നാം ചെയ്യേണ്ടത്.

നാടിന്റെ നന്മയിലും പൊതുജനാരോഗ്യത്തിലും താല്പര്യമുള്ളവർ ഇമേജിന്റെ പ്രവർത്തനം എങ്ങനെ ജനദ്രോഹമാകുന്നു എന്നതിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ തയ്യാറാവണം.

Advertisment