വിശുദ്ധ ശനിയാഴ്ച നമുക്ക് കർത്താവിൽ സന്നിഹിതരാകാനും നമ്മുടെ പ്രാർത്ഥനകൾ അവിടുത്തെ മുമ്പാകെ വയ്ക്കാനുമുള്ള സമയമാണ്. കർത്താവ് നമ്മോട് ഒരു ആത്മ ബന്ധം ആഗ്രഹിക്കുന്നു, ആ ബന്ധത്തിന്റെ ആവശ്യകത അവിടുന്നുമായുള്ള ഒരുമിച്ചുള്ള സമയമാണ്. ഒന്നും ചോദിക്കാനല്ല, മറിച്ച് കർത്താവിന്റെ പരിശുദ്ധ ആത്മാവിനോടൊപ്പം സമയം ചെലവഴിക്കാനുള്ള ദിവസമാണ് വിശുദ്ധ ശനിയാഴ്ച.
ഈശോ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. നാം, ക്രിസ്ത്യാനികളും അവിടുത്തെ ജീവനിൽ നമ്മുടെ ജീവിതം ജീവിക്കുന്നു.ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അതേ ശക്തി ഓരോ സത്യക്രിസ്ത്യാനിയിലും വസിക്കുന്നു.നാം യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ മാത്രമല്ല, അതിലൂടെ രൂപാന്തരപ്പെടാനും ക്രൈസ്തവ രീതിയിൽ ജീവിക്കാൻ ആവശ്യമായ ശക്തി ലഭിക്കാനും ദൈവം ആഗ്രഹിക്കുന്നു.
കുരിശിലേറ്റിയുള്ള വധശിക്ഷ ഏറ്റവും ക്രൂരവും വേദനാജനകവുമായിരുന്നുവെന്നാണ് റോമന്‍ പ്രഭാഷകനായ സിസെറോ എടുത്ത് കാട്ടുന്നത്.ഈശോയുടെ കുരിശിലെ രക്തസാക്ഷിത്വം കാല്‍വരിയില്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയായിരുന്നു.സത്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്യത്തിനും നീതിക്കുംവേണ്ടിയുള്ള ദാഹം.ലോകചരിത്രത്തില്‍ പാഴായിപ്പോകുകയില്ല തീര്‍ച്ച.കാല്‍വരിയിലെ ഈശോയുടെ മരണം സത്യത്തെ കുരിശില്‍ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കാമെന്ന വ്യാമോഹത്തിനെ തകർത്തു. പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിൽ ആദിമ അപ്പസ്തോലൻമാരുടെ മരണം എങ്ങനെയായിരുന്നുവെന്നും ഈശോയുടെ കൂടെ അവർ എന്നെന്നും വസിക്കുന്നുവെന്നും എന്നറിയുന്നത് നന്നായിരിക്കും.
പത്രോസ് എന്നു പേർ വിളിച്ച ശിമോൻ പത്രോസ് തല കീഴായി ക്രൂശിക്കപ്പെട്ടു. പത്രോസിന്റെ സഹോദരനായ അന്ത്രയോസിനെ പൂർണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്.
വി. യാക്കോബ്(സെബദിയുടെ മകൻ)അപ്പ. പ്രവര്‍ത്തനങ്ങൾ 12:1-19 വായിക്കുമ്പോൾ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു.വിശുദ്ധ യോഹന്നാനെ തിളച്ച എണ്ണയിലിട്ട് വധിക്കാനൊരുങ്ങിയെങ്കിലും അദ്ദേഹത്തെ ദൈവം രക്ഷപെടുത്തി. പിന്നീട് പത്‌മോസ് എന്ന ദ്വീപിലേക്ക് യോഹന്നാൻ നാടുകടത്തപ്പെട്ടു. വിശുദ്ധ യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരുടെയും സുവിശേഷകൻമാരുടെയും മരണകാരണം രക്തസാക്ഷിത്വം ആയിരുന്നു.വിശുദ്ധ ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തു.
വിശുദ്ധ ബർത്തിലോമിയായെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്ത് കാണുന്നു.വിശുദ്ധ മത്തായിയെ എത്യോപ്യയിൽവച്ച് വാൾകൊണ്ടു വെട്ടിയാണ് ശത്രുക്കൾ കൊലപ്പെടുത്തിയത്.
സെന്റ് തോമസ് ഗ്രീസിലും ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ ഇന്ത്യയിൽ വച്ച് കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.ഹല്‌പയുടെ പുത്രനായ യാക്കോബാകും ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് , ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ.94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചുകൊന്നു.
കാനാൻ കാരനായ ശിമയോൻ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.
യാക്കോബിന്റെ സഹോദരനായ യൂദാ തദ്ദേവൂസ് എദ്ദേസ എന്ന പട്ടണത്തിൽ ക്രൂശിക്കപ്പെട്ടു.
ഒറ്റുകാരനായ യൂദാ സ്കറിയോത്ത ആത്മഹത്യ ചെയ്തു.
ഈ ദുഃഖവെള്ളിയാഴ്‌ചയിലും യേശുവിന്റെ മരണത്തിനും അവന്റെ പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിനും ഇടയിലുള്ള ഇരുണ്ട ഇടവേളയിലേക്ക് നാം പ്രവേശിക്കുന്നു. എന്നോടൊപ്പം ഈ ദൂരം നടക്കൂ.... പ്രകാശത്തിന്റെ വഴിയിലേക്ക് അവൻ നമ്മെ ക്ഷണിക്കുന്നു.
ഈശോയുടെ പുനരുത്ഥാനം നമ്മുടെ ഉറപ്പിന്റെ അടിസ്ഥാനമാണ്.അത് നമ്മുടെ എല്ലാ ഭാവി പ്രതീക്ഷകൾക്കും അടിസ്ഥാനമാണ്, ഇവിടെയും ഇപ്പോഴുമുള്ള നമ്മുടെ ദൈനംദിന ജീവിതത്തിൽ അത് ശക്തിയുടെ ഉറവിടമാണ്. പീഡനങ്ങൾക്കിടയിലും അത് നമുക്ക് ധൈര്യവും പരീക്ഷണങ്ങൾക്കിടയിൽ ആശ്വാസവും ഈ ലോകത്തിന്റെ ഇരുട്ടിന്റെ നടുവിൽ പ്രത്യാശയും നൽകുന്നു.