ഹംപി: കർണ്ണാടകയുടെ പുണ്ണ്യവാഹിനിയായ തുംഗഭദ്രാനദിയുടെ ഉത്തര-പൂർവ്വദേശത്ത്, ദക്ഷിണേന്ത്യയിലെ തനത് ദ്രാവിഡ ശില്പകലയുടെ കേദാരമായി നിൽക്കുന്ന ഹമ്പി വിഠല ക്ഷേത്രം ആരേയും വിസ്മയിപ്പിക്കുന്ന സങ്കേതമാണ്. ക്ഷേത്രമുറ്റത്തെ കരിങ്കല്ലിൽ തീർത്ത രഥം ഒരുത്ഭുത കാഴ്ചതന്നെയാണ്. ചക്രവർത്തി ദേവരായ രണ്ടാമന്റെ കാലത്ത് പണിതീർത്ത ശില്പങ്ങളെല്ലാം ലോകപൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. വാക്കുകൾകൊണ്ട് വർണ്ണിച്ചാൽ തീരാത്ത കാലാചാതുരിയാണ് അവിടുത്തെ ഓരോ ശില്പങ്ങളിലും പ്രത്യേകിച്ച് കരിങ്കൽ രഥത്തിലും കാണാനാകുക. പതിനാറാം നൂറ്റാണ്ടിൽ പണിതീർത്ത ആ രഥവിസ്മയത്തിന്റെ ഹ്രസ്വമാതൃക കളിമണ്ണിൽ മെനഞ്ഞെടുത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കലാസ്വാദകരെ വിസ്മയം കൊള്ളിച്ചിരിക്കുകയാണ് വിനായക് ഹീരേമഠ് എന്ന പത്തൊൻപതുകാരൻ.
കർണ്ണാടകത്തിലെ ധാർവാഠിനടുത്ത് കെൽഗേരി ഗ്രാമത്തിലെ പ്രമുഖ ശില്പിയും വീര ശൈവ ലിംഗായത് സമുദായാംഗവുമായ മഞ്ജുനാഥ് ഹീരേമഠിന്റെ മകനാണ് വിനായക്. ഹംപിയിലെ വിഠല ക്ഷേത്രസമുച്ചയത്തിൽ ദർശനത്തിനായി പോയ വേളയിലാണ് രഥശില്പം വിനായകിന്റെ മനസിൽ കയറിക്കൂടിയത്. ശില്പങ്ങളിലെ ഗഹനമായതും അതിസൂക്ഷ്മമായതുമായ അംശങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒരു സുവർണ്ണകാലത്തിന്റെ അവശേഷിപ്പുകളെ പുനർജ്ജനിപ്പിക്കുമ്പോൾ അതിനോട് കഴിവതും ചേർന്നു നിന്നുകൊണ്ടുള്ളതായിരിക്കണം തന്റെ ശില്പമെന്ന് മനസ്സിലുണ്ടായിരുന്നു. അങ്ങനെ കളിമണ്ണിൽ രഥനിർമ്മാണത്തിനു തുടക്കമിട്ടു. തൊട്ടടുത്ത മുഗാഡ് ഗ്രാമത്തിലെ തടാകത്തിലെ പശിമയാർന്ന കളിമണ്ണ് ശേഖരിച്ചു കൊണ്ടുവന്ന് പണി തുടങ്ങി.
പഠനത്തിനിടയിൽ ദിവസം രണ്ടു മൂന്നുമണിക്കൂർ ഇതിനായി മാറ്റിവച്ചു. ശ്രമകരമായ ശില്പവേല പതിനഞ്ചു ദിവസം കൊണ്ടാണ് വിനായക് പൂർത്തിയാക്കിയത്. മരത്തിൽ മുനയുള്ളതും മൂർച്ചയുള്ളതുമായ ഉപകരണങ്ങൾ ഇതിനായി സ്വയം നിർമ്മിച്ചെടുത്തു. കളിമണ്ണിൽ ഇതിനു മുമ്പും ശില്പങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു മഹത്തരമായ ശില്പത്തിന്റെ മാതൃക നിർമ്മിക്കാൻ വിനായകിന് കഴിഞ്ഞതും, അത് ദേശീയ ശ്രദ്ധ നേടുന്നതും. ധാർവാഠിലെ പ്രശസ്തമായ ഗവണ്മെന്റ് ഫൈൻ ആർട്ട്സ് കോളേജിൽ വിഷ്വൽ ആർട്ട് ആന്റ് സ്കൾപ്ച്ചർ വിഭാഗത്തിൽ മൂന്നാം സെമസ്റ്റർ ബിരുദവിദ്യാർത്ഥിയാണ്.
താൻ ചെയ്ത ശില്പം കോളേജിൽ സ്ഥിരമായി പ്രദർശിപ്പിക്കാനാണ് വിനായകിന്റെ ആഗ്രഹം. കർണ്ണാടകത്തിൽ പരിസ്ഥിതി സൗഹൃദ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് വിനായക ചതുർത്ഥിനാളിൽ ചെറുതും ബൃഹദാകാരങ്ങളായതുമായ ഗണേശ ശില്പങ്ങൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ശില്പിയാണ് വിനായകിന്റെ അച്ഛൻ മഞ്ജുനാഥ്. നാട്ടിൽ കോവിഡ് പടർന്നുപിടിച്ച കാലത്ത് ശില്പങ്ങളും ചിത്രങ്ങളും തീർത്ത് ജനകീയബോധവത്‌കരണ പരിപാടികളിൽ സജീവമായിരുന്നു ഇദ്ദേഹം. വിനായകിന്റെ അമ്മ നിർമ്മല ഹീരേമഠ്, ഇളയ സഹോദരൻ കണ്ഠേനാഥ് ഹീരേമഠ്. അടുത്തവർഷം കേരളം സന്ദർശിക്കാനാഗ്രഹിച്ചിരിക്കുകയാണ് ഹീരേമഠ് കുടുംബം.