"പെൺകുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തണം, സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യം വേണം, സാധാരണ നിലയിലുള്ള ജീവിതരീതിയിലേക്ക് രാജ്യം മടങ്ങിവരണം. ഇപ്പോഴത്തെ അവസ്ഥയിൽ പുരോഗതി കൈവരിക്കാൻ സാദ്ധ്യമല്ല " അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റ് ശനിയാഴ്ച ഖത്തറിൽ അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയെ കണ്ടതിന് ശേഷം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, താലിബാൻ പൊതു സമൂഹത്തിന്മേൽ നിരവധി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അവ പലതും സ്ത്രീകളുടെയും പെൺകുട്ടിക ളുടെയും അവകാശങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇത് 1990-കളിലെ അവരുടെ ഭരണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സാധാരണക്കാർക്കുനേരെയുള്ള ആക്രമണങ്ങൽ വർദ്ധിക്കുന്നതിൽ പല രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
താലിബാൻ അധികാരത്തിൽ വന്നിട്ട് എട്ട് മാസത്തിലേറെയായിട്ടും പെൺകുട്ടികളുടെ സ്‌കൂളുകൾ തുറന്നിട്ടില്ല. പെൺകുട്ടികൾ സ്‌കൂളുകളിൽ മടങ്ങിയെത്തണമെന്ന ആവശ്യം ലോകമെമ്പാടുനിന്നും ഉയർന്നെങ്കിലും , സാമ്പത്തിക പ്രതിസന്ധി കാരണം അടിസ്ഥാന സൗകര്യങ്ങൾ മുതൽ വിഭവങ്ങളുടെ അഭാവം വരെയുള്ള കാരണങ്ങളാൽ കാലതാമസം നേരിടുന്നതിനെ താലിബാൻ അടിക്കടി ന്യായീകരിക്കു കയായിരുന്നു.
ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റപ്പോൾ, പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് അവർ ലോകത്തിന് ഉറപ്പ് നൽകിയിരുന്നതാണ് . എന്നാൽ തുടർന്നുള്ള അവരുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ ആകമാനം ആശങ്കയിലാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം, അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ്, സ്ത്രീകൾ പൊതുസ്ഥലത്ത് അവരുടെ മുഖം ഉൾപ്പെടെ പൂർണ്ണമായും പരമ്പരാഗത ബുർഖ ഉപയോഗിച്ച് മറയ്ക്കാൻ ഉത്തരവിട്ടിരുന്നു. തീവ്രനിലപാടുകാരായ പല ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് താലിബാൻ. അതുകൊണ്ടുതന്നെ നിലപാടുകൾ മയപ്പെടുത്താനും നിയമങ്ങളിൽ ഭേദഗതി വരുത്താനും അവർക്കു കഴിയുന്നില്ല.
ലോകരാജ്യങ്ങളെല്ലാം അവരെ ഇപ്പോൾ തഴഞ്ഞ മട്ടാണ്. താലിബാനെ അകമഴിഞ്ഞു പിന്തുണച്ചിരുന്ന പാക്കിസ്ഥാനും പിന്നോക്കം പോയിരിക്കുന്നു. അടുത്തിടെ അഫ്‌ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ബോംബാക്രമണം താലിബാനെ രോഷാകുലരാക്കിയിട്ടുണ്ട്. അഫ്‌ഗാനിൽ താവളമുറപ്പിച്ചിട്ടുള്ള പാക്ക് താലിബാനികൾക്കെതിരെയായിരുന്നു ബോംബാക്രമണം നടത്തിയത്.
ചൈനയും ഇറാനും ലോകരാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ അഫ്‌ഗാൻ വിഷയത്തിൽ നിലകൊള്ളുന്നത്. ഖത്തർ മാത്രാമാണ് താലിബാനുമായി സംവദിക്കാനുള്ള ഏക വേദി.ഇതുവരെ ലോകത്തൊരു രാജ്യവും താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ മുന്നോട്ടുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ആയുധബലത്താൽ അധികാരം പിടിച്ചെടുത്തതല്ലാതെ ജനവിശ്വസം ആർജ്ജിക്കാൻ താലിബാന് കഴിഞ്ഞിട്ടില്ല എന്നതാണ് ലോകരാജ്യങ്ങൾ അവർക്കെതിരേ മുഖം തിരിക്കാനുള്ള കാരണങ്ങൾ. ഈയിടെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംരക്ഷവിഭാഗവും അവർ നിർത്തലാക്കിയിരിക്കുന്നു.
ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിൽ പ്രശ്നങ്ങളും അവിടെ രൂക്ഷമാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലഭിക്കുന്ന സഹായം മാത്രമാണ് ഇപ്പോൾ ഏക ആശ്രയം.കുഞ്ഞുങ്ങൾക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. ആഹാരസാധനങ്ങൾക്ക് തീവിലയും കിട്ടാനില്ലാത്ത അവസ്ഥയുമാണ്.
ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയിലേക്കെന്ന പ്രസിസന്ധിയിലാണ് രാജ്യമിപ്പോൾ. അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കുമെതിരെയുള്ള ലിംഗാധിഷ്ഠിത വിവേചനവും അക്രമവും പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടിയ നടപടിയും അന്താരാഷ്ട്രസമൂഹത്തിന്റെ രോഷത്തിനു കാരണമാകുകയും അതുമൂലം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കു ന്നതിനുള്ള ആസൂത്രിത മീറ്റിംഗുകൾ റദ്ദാക്കാൻ യുഎസിനെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.