മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എ.കെ ബാലന്‍ എയിഡഡ് വിദ്യാലയങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതായി പറഞ്ഞിരിക്കുന്നു. ഇത് സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനാ വിഷയമെങ്കില്‍ അത് കേരള സര്‍വീസ് ചരിത്രത്തിലെയും വിദ്യാഭ്യാസ ചരിത്രത്തിലെയും സുവര്‍ണരേഖകളാകും.
സ്ഥിരതയും മെച്ചപ്പെട്ടവരുമാനവും പെന്‍ഷനും നല്കി ജീവിതത്തില്‍ സുരക്ഷിതരാകുന്നത് സംഘടിതമേഖ ലയിലെ സ്ഥിരം ജോലികള്‍ ലഭിക്കുമ്പോഴാണ്. അതില്‍ ഏറ്റവും സുരക്ഷിതത്വം ഉള്ളത് പൊതുമേഖലയില്‍, വിശേഷിച്ച് സര്‍ക്കാര്‍ ജോലികളില്‍ ഉള്ളവർക്കാണ്.
കേരളത്തില്‍ 5.6 ലക്ഷം പേർ പൊതുമേഖലയിലും 6.1ലക്ഷം പേർ സ്വകാര്യസംഘടിത മേഖലയിലും ജോലിചെയ്യുന്നതായാണ് 2017 ലെ എക്കണോമിക് റവ്യു പറയുന്നത്. പൊതുമേഖലയിലെ 46 ശതമാനമാണ് സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍. അവരില്‍ പകുതിയോളം വരും വിദ്യാഭ്യാസ രംഗത്ത് ജോലിചെയ്യുന്നവര്‍. ആ വിഭാഗത്തില്‍ 60-70 ശതമാനവും സ്വകാര്യമാനേജ്മെന്റ് നിയമിക്കയും സര്‍ക്കാര്‍ ശമ്പളം നല്കുകയും ചെയ്യുന്ന വിഭാഗമാണ്.
അക്കാദമിക യോഗ്യതയുണ്ടായിട്ടും അധ്യാപക ജോലിനേടാന്‍ മറ്റുമാര്‍ഗ്ഗം ലഭിക്കാത്തതിനാൽ കോഴകൊടുത്ത് ജോലിനേടിയവരാണ് മിക്കവരും. അവരുടെ അര്‍ഹതയെ ചോദ്യം ചെയ്യുകയല്ല. എന്നാല്‍ അര്‍ഹരായ- ഒരുപക്ഷേ അവരേക്കാള്‍- ഏറെപേര്‍ പണമില്ലാത്തതിനാല്‍, പുറത്തു നില്ക്കേണ്ടി വരുന്നു.
ഭരണഘടന ഉറപ്പുനല്കുന്ന സംവരണം നിഷേധിക്കപ്പെടുന്നവരുമുണ്ട് അക്കൂട്ടത്തില്‍. സാമൂഹ്യബോധമോ അധ്യാപന ശേഷിയോ ഒന്നുമില്ലെങ്കിലും മാനേമെന്റ് പ്രീതിയില്‍ മാത്രം ജോലി നേടാം.
വല്ലപ്പോഴും വരുന്ന പിഎസ്‌സി പരീക്ഷ എഴുതി പ്രായ പരിധി കഴിയാറാകുമ്പോളായിരിക്കും സര്‍ക്കാര്‍ ജോലി നേടാനാവുക. എന്നാല്‍ പണവും പ്രീതിയും ഉറപ്പാക്കിയാല്‍ പഠിച്ചറങ്ങി യോഗ്യത കഷ്ടിച്ചു നേടിയാല്‍ ജോലി ഉറപ്പ്. സീനിയോരിറ്റിയും ശമ്പളവും അതുവഴി സ്വകാര്യമേഖലയിലുള്ളവര്‍ക്ക് കൂടുതല്‍. രാഷ്ട്രീയ പ്രവര്‍ത്തനമോ ബിസിനസ്സോ മറകൂടാതെ നടത്താം.
സര്‍ക്കാര്‍ശമ്പളത്തിന്റെ സുരക്ഷിതത്വവും ഒപ്പം അധ്യാപകജോലിയുടെ മഹത്വവും മുതലാക്കി രാഷ്ട്രീയാധികാരങ്ങളിലേക്ക് കയറിപോയവര്‍ ഏറെ. അതുകൊണ്ട് കൂടിയാകും ആറു പതിറ്റാണ്ടായി ഈ അശാസ്ത്രീയ സിസ്റ്റം ഇവിടെ അതേ പടി തുടരുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണം മുതലാക്കിയാണ് ജാതിമതസംഘടനകള്‍ ഇവിടെ ജീവിക്കുന്നതും മനുഷ്യമനസ്സില്‍ വിഭാഗീയ വികാരങ്ങള്‍ കോരിയിടുന്നതും. എന്നാല്‍ സ്വന്തം എന്നു വിളിക്കപ്പെടുന്ന ജാതി മതക്കാര്‍ക്കും ഈ സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ കോഴ കൂടിയേ തീരൂ എന്നതാണ് യാഥാർഥ്യം.
ശാസ്ത്രബോധവും സാമൂഹ്യബോധവുമുള്ള ഒരു തലമുറയെ കേരളത്തില്‍ വളര്‍ത്തിയെടുക്കാനുള്ള മുന്നുപാധിയാണ് നിലവിലെ അധ്യാപക നിയമന രീതി മാറ്റുക എന്നത്. എന്നാലത് അത്ര എളുപ്പമല്ല.
വിമോചനസമരത്തിന്റെ അനുഭവം മറക്കാനാകില്ല. ഒരു പരിധിവരെ കേരളത്തിലെ രാഷ്ട്രീയത്തിന്റെ ജീവന്‍ എന്നത് വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും സംഘടനകളുമാണ്. നിയമങ്ങള്‍ വ്യാഖ്യാ നിക്കപ്പെടാറു ള്ളതും അവര്‍ക്ക് അനുകൂലമായാണ്.
എങ്കിലും കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ത്തിന്റെ ഏറ്റവും പ്രധാന ചൂണ്ടുപലകയായി ഈ പുതിയ നീക്കം മാറും. അതിന് കേരളസമൂഹത്തിന്റെ വലിയ പിന്തുണയുണ്ടാവും. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ. അത് ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ എന്ന ചോദ്യമാകും ഏറ്റവും പ്രസക്തമാകുക.
നമ്മളോർക്കണം മുതാളിമാർ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴവാങ്ങി കീശയിൽവയ്ക്കുന്നു, അവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നമ്മുടെ ഖജനാവിൽനിന്നും അതായത് പൊതുജനം നൽകുന്ന നികുതിപ്പണത്തിൽ നിന്നും ?? ഇതെന്ത് രീതിയാണ്.
അങ്ങനെ നിയമതരാകുന്ന പല അദ്ധ്യാപകരും ഒരു തടസ്സവുമില്ലാതെ മുഴുനീള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വരെ വ്യാപൃതരാകുന്നു. പലരും പാർട്ടി പദവികളും അലങ്കരിക്കുന്നുണ്ട്. രസകരമായ വസ്തുത, എയ്‌ഡഡ് സ്‌കൂൾ മാനേജർമാർ പലരും രാഷ്ട്രീയ നേതാക്കളോ സമുദായ നേതാക്കളോ ആണ് എന്നതാണ് . അപ്പോൾപിന്നെ നിയമനങ്ങൾ പിഎസ്‌സിക്കു വിടാൻ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് തന്റേടമുണ്ടാകുമോ?
വിദ്യാഭ്യാസം കച്ചവടമാക്കിയതും അതിനവസരം നൽകിയതും ഇവിടുത്തെ മത - രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടാണ്. ചില മതസംഘടനകൾ ഈ പുതിയ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇതിനെ എതിർക്കുകയാണ്.
കാരണം അവരുടെ ധനാഗമന ശ്രോതസ്സാണ് എയ്‌ഡഡ് സ്‌കൂളുകൾ. വെറുതെ വന്നെത്തുന്ന ലക്ഷങ്ങൾ കൈവിടാൻ ആരാണ് തയ്യറാകുക ? ഇവരിൽ പലരും അതിസമ്പന്നരായതും ഇങ്ങനെയാണ്.
ഇതുപോലെ മറ്റൊരഴിമതിയുടെ സ്രോതസ്സാണ് ഡീംഡ് യൂണിവേഴ്സിറ്റികൾ. ഈ രംഗത്ത് സർക്കാരിന് നേരിട്ടു ള്ള ഇടപെടൽ അനിവാര്യമാണ്. സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത അവിടെ നടക്കുന്ന കോഴ കളും അഴിമതികളും നിരീക്ഷിക്കേണ്ടതുതന്നെയാണ്.
അവർ നടത്തുന്ന എൻട്രൻസുകൾ ഒട്ടുമിക്കതും തട്ടിപ്പുകളും വിദ്യാർഥികളിൽനിന്നും പണം പിടുങ്ങാനുള്ള ഉപാധിയുമാണ്.ഇവർ ഈടാക്കാറുള്ള ഫീസു കളും മറ്റു പലവിധത്തിലുള്ള ചാർജുകളും നിരീക്ഷിക്കേണ്ടതുമാണ്.
ഒരു ആൾദൈവം നടത്തുന്ന ഡീംഡ് സ്ഥാപനങ്ങളിലേക്ക് അഡ്മിഷനായി കോഴപ്പണം വാങ്ങുന്നത് അവരുടെ കോയമ്പത്തൂർ ആസ്ഥാനത്താണെന്നത് പരസ്യമായ രഹസ്യമാണ്. ഡീംഡ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർ ആരെങ്കിലും തോൽക്കാറുണ്ടോ ? സംശയമാണ്. ഉന്നതമാർക്കോടെയാണ് പലരും പാസ്സാകുന്നത്.
അതവരുടെ മുന്നോട്ടുള്ള നിലനില്പിനുവേണ്ടിയാണോ എന്ന് കരുതാതെ തരമില്ല. കാരണം സർക്കാരിനോ യൂണി വേഴ്സിറ്റികൾക്കോ ഒന്നും അവർക്കുമേൽ നിയന്ത്രണമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എംബിബിഎസ് ഒഴികെ എൻട്രൻസും സെലക്ഷനുമെല്ലാം അവർ സ്വന്തമായാണ് നടത്തുന്നത്.
കാലപ്പഴക്കം ചെന്ന നമ്മുടെ ഈ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റിമറിക്കേണ്ടതാണ്. അതിന് ഈ മേഖലയി ലെ മത- രാഷ്ട്രീയ ഇടപെടലുകൾ പൂർണ്ണമായും ഇല്ലാതാകണം. എങ്കിൽ മാത്രമേ അഴിമതിയും കോഴപ്പണവും ഈ മേഖലയിൽ നിന്ന് അപ്രത്യകഷമായി വിദ്യാഭ്യാസരംഗം പൂർണ്ണമായും ക്ളീൻ ആകുകയുള്ളൂ.
(ടി.കെ.ദേവരാജൻ വാട്സാപ്പിൽ എഴുതിയ ലേഖനത്തിന്റെ ചുവടുപിടിച്ചാണ് ഞാൻ ഈ പോസ്റ്റ് തയ്യറാക്കിയിരിക്കുന്നത്)