സ്വപ്നയുടെ വെളിപ്പെടുത്തൽ ഗുരുതരം മാത്രമല്ല, ഞെട്ടിപ്പിക്കുന്നത്... മുഖ്യമന്ത്രിയും ഭാര്യയും മകളും ഉൾപ്പെടുന്നതാണ് യുഎഇയിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്തെന്ന സ്വപ്നാ സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സംഘപരിവാർ അജണ്ടയാണെന്ന ഉഡായിപ്പ് കാട്ടി നിസ്സാര വൽക്കരിച്ച് സിപിഎം നേതാക്കൾക്ക് ഇനി രക്ഷപെടാനാകില്ല. കാരണം ഇതിൽ ചില രാഷ്ട്രീയ അഡ്ജസ്റ്റ് മെന്റ് നാടകങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ്. അത് സംശയിക്കാവുന്ന കാരണങ്ങൾ അനവധിയാണ്.
എസ്എന്‍സി ലാവ്ലിൻ കേസ് ഇതുവരെ 28 തവണയാണ് സുപ്രീം കോടതിയിൽ മാറ്റിവയ്ക്കപ്പെട്ടത്. ഇത് കോടതി യസൗകര്യം മൂലമായിരുന്നില്ല മറിച്ച് പലപ്പോഴും കേസിൽ അപ്പീൽകക്ഷിയായിട്ടുള്ള സിബിഐ തന്നെയാണ് കേസ് നീട്ടിവയ്ക്കണമെന്ന് കോടതിയോടാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇതാരെ സംരക്ഷിക്കാനാണ് ഈ നീട്ടിവയ്ക്കൽ ? സിബിഐ യുടെ ചരിത്രത്തിൽ പരിഗണനയിലെടുക്കാതെ ഇത്രത്തോളം അവധിക്കുവച്ച മറ്റൊരു കേസ് ഉണ്ടാകില്ല.വളരെ വിചിത്രവും അതിലേറെ ദുരൂഹവുമാണ് ലാവ്‌ലിൻ കേസിലെ സിബിഐ നിലപാട്.
കഴിഞ്ഞ വർഷം കേന്ദ്ര ധനകാര്യാമന്ത്രി നിർമ്മലാ സീതാരാമൻ ലോകസഭയിൽ നമ്മുടെ കൊല്ലം എം.പി ശ്രീ എൻ.കെ പ്രേമചന്ദ്രനോട് ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. അതായത് വിഴിഞ്ഞം പദ്ധതിയുടെ ഗ്ലോബൽ ടെണ്ടറിൽ ഗൗതം അദാനി മാത്രമാണ് ഒരേയൊരു ബിഡ് സമർപ്പിച്ചത്.ഒറ്റ ബിഡ്‌ഡിൽ ടെൻഡർ ഓപ്പൺ ചെയ്യാറില്ല.
വീണ്ടും റീടെൻഡർ ചെയ്യുകയാണ് പതിവ്. എന്നാൽ കേരളസർക്കാർ ആ ഒരു ബിഡ്‌ഡിൽ ടെൻഡർ അവസാനിപ്പിച്ച് അദാനിക്ക് വര്ക്ക് ഓർഡർ നൽകി. ഇതെന്തുകൊണ്ടെന്ന ചോദ്യത്തിന് ശ്രീമാൻ എൻ.കെ പ്രേമചന്ദ്രൻ ഉത്തരം പറഞ്ഞില്ല. താങ്കൾ വളരെ മിടുക്കനാണെന്നും എല്ലാ വിഷയങ്ങളും വസ്തു നിഷ്ഠമായി പഠിച്ചു മറുപടി പറയുന്ന വ്യക്തിയാണെന്നും ഇക്കാര്യത്തിലും അതുണ്ടാകണമെന്നും ശ്രീമതി നിർമ്മലാ സീതാരാമൻ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.
അദാനിയേയും അദാനിയുടെ പ്രോജെക്റ്റുകളെയും നഖശിഖാന്തം എതിർക്കുന്നവർ വിഴിഞ്ഞം ടെൻഡർ വിഷയത്തെപ്പറ്റി കമാന്നൊരക്ഷരം മിണ്ടുന്നുമില്ല. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രിയെ സഹായിക്കുന്നത് അദാനിയാണെന്ന മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആരോപണം ഇവിടെ പ്രസക്തമാണ്.
അതുപോലെ സ്വർണ്ണക്കള്ളക്കടത്തുകേസിൽ ആരോപിതനായ കെ.ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ നടത്തിയിരുന്ന അഴിമതി വിഴുപ്പലക്കലുകൾ ഒരു സുപ്രഭാതത്തിൽ അവസാനിപ്പിച്ച് ഇരുവരും ദോസ്തുക്കളായത് എന്ത് ഗിവ് ആന്‍ഡ് ടേക്ക് പരിപാടിയുടെ ഭാഗമായിരുന്നു എന്നറിയാനും ജനത്തിന് താൽപ്പര്യമുണ്ട് ?
മറ്റൊന്ന്, അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി തോമസ് നിയമസഭയിൽ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളാണ്. ഒന്ന് മുഖ്യമന്ത്രിയുടെ മകളുടെ കോടികൾ വരുന്ന ഐ.ടി സംരംഭവും അതിൽ വ്യവസായി രവിപിള്ളയുടെ ഇടപെടലുകളും, രണ്ട് മക്കളോടുള്ള വാത്സല്യം കൊണ്ട് മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്നും. ഇത് രണ്ടിലും തൃപ്തികരമായ മറുപടി ഉണ്ടായിട്ടില്ല ?
2001 ൽ 374 കോടി രൂപയുടെ നഷ്ടം നമുക്കുണ്ടാക്കിവച്ച എസ്എന്‍സി ലാവ്ലിൻ കേസ് ഇങ്ങനെ അനന്തമായി നീളുന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. ബിജെപി കേന്ദ്രനേതൃത്വവുമായി മുഖ്യമന്ത്രി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് മുൻപ്രതിപക്ഷനേതാവ് ആരോപിക്കുന്നത് ഗൗരവമായി കാണേണ്ടതുതന്നെയാണ്.
ഇവിടെ നോക്കുക, വളരെ കൊട്ടിഘോഷിച്ച സ്വർണ്ണക്കള്ളക്കടത്തുകേസ് പെട്ടെന്നൊരു ദിനം കസ്റ്റംസ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ പരിശോധനകളും കേസും അവസാനിപ്പിച്ച് ഡൽഹിക്കു മടങ്ങിയത് എന്തുകൊണ്ടായിരുന്നു. അതും സ്വപ്‍ന ജയിലിലായശേഷം. ഇതൊക്കെ ആരെ സംരക്ഷിക്കിക നായിരുന്നു ?
ഇപ്പോൾ ഇതാ ഇന്നലെ കൊച്ചിയിലെ കോടതിയിൽ സ്വപ്നാ സുരേഷ് രേഖപ്പെടുത്തിയിരിക്കുന്ന രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഭാര്യയും മകളും ഉൾപ്പെടെയുള്ളവർ അഴിമതിയുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ഇതെല്ലം ആര്‍എസ്എസ് അജണ്ടയാണെന്ന പുകമറ സൃഷ്ടിച്ചാൽ അത് അപ്പാടെ വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ല എന്ന നേതാക്കളോർത്താൽ നന്ന്.
തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അവരുടെ ധനസമ്പാദനത്തിനുവേണ്ടി സമർത്ഥമായി ഉപയോഗിച്ച ശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുകയായിരുന്നു എന്നാണ് ഇന്ന് രാവിലെയും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞത്.
താൻ കുടുംബം പുലർത്താനും ജീവിക്കാനും വേണ്ടി പെടാപ്പാട് പെടുമ്പോൾ തന്നെ ഉപയോഗിച്ച് നേട്ടമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സുഖമായി ആഡംബര ജീവിതം നയിക്കുകയാണെന്നും അവർ പറയുകയുണ്ടായി. ഇതൊക്കെ നിസ്സാരകാര്യങ്ങളാണെന്ന് കരുതാനാകുമോ?
ആരോപണം അതും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിയാണെന്നോർക്കണം. അവരോട് ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിതന്നെയാണ് ഇതൊക്കെ ഉന്നയിക്കുന്നതും.
സംസ്ഥാന സർക്കാരിനെ മാത്രമല്ല കേന്ദ്ര അന്വേഷണ ഏജൻസികളേയും വിമർശിച്ചായിരുന്നു സ്വപ്നയുടെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.
തീർച്ചയായും കേന്ദ്രത്തിന്റെ നിലപാടും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം യുഎഇ കൗൺസിലേറ്റിലേക്കോ ദുബായിലേക്കോ നീളാത്തതും സംശയം ജനിപ്പിക്കുന്നു.
ഞങ്ങളുടെ ചോദ്യം ഇവിടുത്തെ ഇടതുപക്ഷ പാർട്ടികളോടും സർക്കാരിനോടുമാണ്. നിങ്ങൾക്ക് ഒളിക്കാ നൊന്നുമില്ലെങ്കിൽ പിന്നെന്തിനാണ് ഈ അങ്കലാപ്പും വേവലാതികളും ? സ്വർണ്ണക്കടത്തുകേസിൽ സത്യസന്ധമായ അന്വേഷണം നടത്താൻ മുന്നോട്ടുവരുക. അതാണ് വേണ്ടത്.
കേന്ദ്ര ഏജൻസിയായ ഇഡി ഉൾപ്പെടെ നടത്തിയ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഏറെക്കുറെ സ്വപ്ന തന്നെ ആരോപണമുന്നയിച്ചിരിക്കുന്ന സ്ഥിതിക്ക് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ പൊലീസിനുണ്ട്. എന്തുകൊണ്ടാണ് സർക്കാർ അതിനു തുനിയാത്തത് ? മടിയിൽ കനമുള്ളവന് വഴിയിൽ ഭയന്നാൽ പോരേ ?
സ്വപ്ന സുരേഷ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതുതന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും മന്ത്രിസഭയ്ക്ക് ഒന്നാകെയും കളങ്കമാണ് ഈ ആരോപണങ്ങൾ. സർവ്വോപരി കേരളത്തിനൊന്നാകെ അപമാനമാണ് ഇപ്പോഴത്തെ ഈ സംഭവവികാസങ്ങൾ.
സ്വർണ്ണക്കള്ളക്കടത്തുകേസ് ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ടുള്ള ജുഡീഷ്യൽ അന്വേഷണം അതും സമയ ബന്ധിതമായി നടത്തേണ്ടത് ഈ കേസിൽ അനിവാര്യമാണ്. അന്വേഷണറിപ്പോർട്ട് പുറത്തുവരുന്നതുവരെ മുഖ്യമന്ത്രി തൽസ്ഥാനത്തുനിന്നും മാറിനിൽക്കേണ്ടതും ജനാധിപത്യമര്യാദയുടെ ഭാഗമാണ്.