"എനിക്ക് ക്യാൻസറാണ്, പക്ഷേ ഞാൻ ജീവിക്കാനാഗ്രഹിക്കുന്നു, ഈ ജീവിതത്തെ ഇപ്പോൾ വല്ലാതെ മോഹിക്കുന്നു..."
ലങ് ക്യാന്‍സര്‍ (ശ്വാസകോശ അർബുദം) ന്റെ നാലാം സ്റ്റേജിൽ ഇനി ചികിത്സയ്‌ക്കൊന്നും വഴിയില്ലാതെ ലോക ത്തോട് വിടപറയാനുള്ള നാളുകൾ അയാൾക്ക് അടുത്തെത്തിക്കഴിഞ്ഞു. ലങ് കാര്‍സിനോമ മെറ്റാസ്റ്റാസിസ് (Lung carcinoma metastasis) എന്നാണ് ഈ കൊലയാളി രോഗത്തിനുള്ള യഥാർത്ഥ നാമം. അർബുദം അവസാന സ്റ്റേജിലെത്തി ശരീരത്തിന്റെ മറ്റുഭാഗങ്ങളി ലേക്ക് പടർന്നു കഴിഞ്ഞ ഈ അവസ്ഥയിൽ ഇനി മരുന്നുകളോ ചികിത്സയോ ഒന്നും ഫലവത്തല്ല.
ക്യാൻസർ രോഗത്തിൻ്റെ നാലാം സ്റ്റേജ് അഥവാ അഡ്വാൻസ് സ്റ്റേജ് എന്ന് പറയപ്പെടുന്ന അവസ്ഥയിൽ രോഗിക്ക് പാലിയേറ്റിവ് ചികിത്സാ രീതിയാണ് നൽകപ്പെടുന്നത്. ഇതുമൂലം രോഗം ഭേദമാകുന്നില്ലെങ്കിലും രോഗം മൂലമുള്ള വേദനയും കഷ്ടപ്പാടുകളും ലഘൂകരിച്ച് ആയുസ്സ് കുറച്ചു നാളെയ്ക്കോ മാസത്തേക്കോ ഒരു പക്ഷേ ഒരു കൊല്ലത്തേക്കോ വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കാം എന്നതാണ്.
രവി പ്രകാശും ഭാര്യ സംഗീതയും മകനും
ഈ അവസ്ഥയിൽ രോഗിയോട് അയാളുടെ അവസാനനാളിലേക്കുള്ള യാത്രാദൂരം ഡോക്ടർമാർ വെളിപ്പെ ടുത്താറുണ്ട്. രോഗിയോടല്ലെങ്കിൽ അടുത്ത ബന്ധുക്കളോട് ഇക്കാര്യം പറയുക പതിവാണ്. കാരണം രോഗിയുടെ ബാക്കിയുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾക്കും തയ്യാറെടുപ്പുകൾക്കും അത് ആവശ്യവുമാണ്.
ജാർഖണ്ഡിലെ ഫ്രീലാൻസ് മദ്ധ്യമപ്രവർത്തകനായ 46 കാരൻ രവി പ്രകാശ് തനിക്ക് ലംഗ് ക്യാൻസറാണെന്ന യാഥാർഥ്യം മനസ്സിലാക്കുന്നത് 2021 ജനുവരിയിലാണ്. റാഞ്ചി ഹോസ്‌പിറ്റലിൽ നടത്തിയ സി.ടി സ്കാനിലാണ് ശ്വാസകോശത്തിലെ ക്യാൻസറിന്റെ ചിത്രങ്ങൾ കറുത്ത ഫിലിമിൽ വെള്ളിരൂപത്തിൽ ദൃശ്യമാകുന്നത്. പിന്നീട് നടന്ന തുടർ പരിശോധനകളിൽ നാലാം സ്റ്റേജിലാണ് തൻ്റെ രോഗമെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
തനിക്ക് ജീവിതം കൈവിട്ടുവെന്ന ബോദ്ധ്യം ഡോക്ടറുടെ സംസാരത്തിൽനിന്നുതന്നെ ബോദ്ധ്യമായിരുന്നു. വല്ലാത്ത പതർച്ചയും അമ്പരപ്പും ഉത്കണ്ഠയും ആവലാതിയും നിറഞ്ഞ ദിനങ്ങളിൽ ഭാര്യ സംഗീതയും മകൻ പ്രതീകുമാണ് എല്ലാ പിന്തുണയുമായി ഒപ്പം നിന്നത്.
ക്യാൻസറിന്റെ ആദ്യ രണ്ടു സ്റ്റേജുകൾ ചികിത്സകൊണ്ട് ഭേദമാക്കാവുന്ന അവസ്ഥയാണ്. അപ്പോഴും രണ്ടാമത് വീണ്ടും വരാനുള്ള സാദ്ധ്യതയും ചികിത്സമൂലമുള്ള പാർശ്വ ഫലങ്ങളും ആളുകളിൽ ഭീതിയുളവാക്കുക സ്വാഭാവികമാണ്.
മനസ്സിനെ ബലപ്പെടുത്തുന്ന ശ്രമങ്ങളിൽ അയാൾ പൂർണ്ണമായും വിജയിച്ചു.മുംബൈയിലെ ടാറ്റാ മെമ്മോറി യൽ ഹോസ്‌പിറ്റലിൽ തുടർ ചികിത്സയ്ക്കായി എത്തിയപ്പോൾ അവിടുത്തെ ഡോക്ടർ ദേവയാനിയുടെ സാന്ത്വന വാക്കുകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനല്കിയത്.
ധൈര്യവും പ്രതീക്ഷയും കൈവിടാതിരിക്കുക എന്ന ഉപദേശം മുറുകെപ്പിടിച്ചുകൊണ്ട് ഭാര്യക്കും മകനുമൊപ്പം കൂടുതൽ സമയം ചെലവിടുന്നതിനും പുതിയ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് ഇപ്പോൾ രവി മുൻതൂക്കം നൽകുന്നത്.
മരണം ഏതു നിമിഷവും ആസന്നമാണെന്നിരിക്കെ അതോർത്ത് വിലപിച്ചിട്ട് ഒരു കാര്യവുമില്ലെന്ന സത്യം മനസ്സിലാക്കിയാൽ പിന്നെ ജീവിതം കൂടുതൽ ആസ്വാദ്യകരമാകും. ഒപ്പം ഭാര്യയും മകനുമുള്ളപ്പോൾ വലിയ ഒരാത്മബലമാണ് ലഭിക്കുന്നത്. തികച്ചും പോസിറ്റിവായ എനർജി യുടെ ഫീൽ.രവി പ്രകാശ് തികച്ചും സംതൃപ്തിയോടെയാണ് ഈ വാക്കുകൾ പറഞ്ഞത്.
രവി മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ഒന്നരവർഷമായി ചികിത്സ തുടരുകയാണ്. അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന ക്യാൻസർ ഒരിക്കലും ഭേദമാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇനി വിരലിലെ ണ്ണാവുന്ന മാസങ്ങളോ ആഴ്ചകളോ മാത്രമാണ് രവി പ്രകാശ് ഈ ഭൂമുഖത്തുണ്ടാകുക.
ഓരോ 21 ദിവസം കൂടുമ്പോഴും കീമോതെറാപ്പി നടത്തപ്പെടുന്നു. അതിൻ്റെ പാർശ്വഫലങ്ങൾ മൂലമാകാം ശരീരത്ത് പല സ്ഥലത്തും ഇപ്പോൾ വ്രണങ്ങൾ രൂപപ്പെട്ടിരിക്കുന്നു. അസഹനീയമായ വേദനയും ബുദ്ധി മുട്ടുകളും മറക്കാൻ ആശുപത്രിയിൽ നിന്നുള്ള ഇടവേളകളിൽ ഭാര്യയുമൊത്ത് ഗോവയിലേക്കാണ് പോകുന്നത്.
അവിടുത്തെ വിശാലമായ ബീച്ചുകളും കടൽപ്പരപ്പും ഗോവയുടെ സൗന്ദര്യവും എത്ര കണ്ടാലും മതിവരില്ല. ജീവിതത്തെ ഒരിക്കൽക്കൂടി മോഹിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗോവ രവിയുടെ മനസ്സിലേക്ക് പകർന്നു നൽകുന്നത്.
കഴിഞ്ഞതവണ റാഞ്ചിയിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ സ്കാനിംഗ് കഴിഞ്ഞശേഷം OPD ക്ക് 5 ദിവസത്തെ ഇടവേളയുണ്ടെന്നറിഞ്ഞപ്പോൾ ഇരുവരും ഒരിക്കൽക്കൂടി ഗോവയിലെത്തി. അവിടെ 4 ദിവസം അടിച്ചുപൊളിച്ചു.
താൻ അവസാന സ്റ്റേജിലെത്തിക്കഴിഞ്ഞ ഒരു ക്യാൻസർ രോഗിയാണെന്ന കാര്യം പൂർണ്ണമായും അയാൾ മറന്നു. കടലിൽ കുളിച്ചു, രാത്രി ഡിസ്കോയിൽ പോയി നൃത്തം ചെയ്തു, ഇരുട്ടി ഏറെനേരം കടൽക്കാറ്റേറ്റ് നക്ഷത്രങ്ങളോട് സൗഹൃദം പങ്കിട്ട് ബീച്ചിൽ കഴിച്ചുകൂട്ടി, പല രുചിക്കൂട്ടുക ളടങ്ങിയ വിഭവങ്ങൾ വാരിവലിച്ചു കഴിച്ചു...
ഗോവയിൽ പാരാഗ്ലൈഡിംഗ് തയ്യറെടുപ്പുകൾക്കിടയിൽ ഭാര്യ സംഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മുകളിൽ എത്തുമ്പോൾ ശ്വാസകോശ അർബുദം ബാധിച്ച തൻ്റെ ശ്വാസം നിലച്ചുപോകുമോ എന്ന ഭീതിയായിരുന്നു അവൾക്ക്.
ഒന്നും സംഭവിക്കില്ലെന്നും അങ്ങനെ എളുപ്പമൊന്നും താൻ മരിക്കില്ലെന്നും ഉറപ്പുനല്കിയാണ് ഭാര്യയെ പാരാഗ്ലൈഡിംഗിൽ രവി ഒപ്പം കൂട്ടിയത്. വളരെ ആഹ്ളാദകരമായിരുന്നു ആ പാരാഗ്ലൈ ഡിംഗ്.
അടുത്ത ലക്ഷ്യം മലമുകളിലേക്കാണ്. അതിനുള്ള പ്ലാനുകൾ അടുത്ത മുംബൈ യാത്രയിൽ രൂപപ്പെടും. ജാർഖണ്ഡ് സർക്കാരും സുമനസ്സുകളും നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകുന്നത് വലിയ ആശ്വാസമാണ്. അവസാനനാളുകൾ ആനന്ദകരമാക്കുക എന്ന ലക്ഷ്യം സാര്ഥകമാക്കുകയാണ് രവി പ്രകാശ് എന്ന ക്യാൻസർ പോരാളി.
"ജീവിക്കാൻ ഈശ്വരൻ ഒരവസരം കൂടി തന്നിരുന്നെങ്കിൽ സംഗീതയ്ക്കും പ്രതീകിനുമൊപ്പം ഈ ഭൂമിമുഴുവൻ ചുറ്റിക്കറങ്ങി ആസ്വദിക്കണമെന്നാണ് ആഗ്രഹം. അടുത്ത ജന്മമെങ്കിലും"
ആ വാക്കുകളിൽ മരണം വാതിൽക്കലെത്തി മാടിവിളിക്കുന്ന ഒരുവന്റെ ജീവിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വെളിപ്പെടുന്നത്.