ഇപ്പോൾ ഭൂമിയുടെ പകുതി ഭാഗം ഉയർന്ന താപനിലമൂലം ചുവപ്പണിഞ്ഞനിലയിലാണ് ! യൂറോപ്പും ബ്രിട്ടനും ചൂട് താങ്ങാനാകാതെ വിയർക്കുകയാണ്. ഇതുവരെ ഉണ്ടാകാത്ത റിക്കാർഡ് ചൂടാണ് ബ്രിട്ടനിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഹീത്രൂവിൽ രേഖപ്പെടുത്തിയ ചൂട് 40.2 ഡിഗ്രിയാണ്.
ഇംഗ്ളീഷുകാർക്ക് ഇതത്ര പരിചിതമല്ല. ശൈത്യമാർന്ന കാലാവസ്ഥയിൽ ജീവിച്ചു ശീലിച്ച അവർക്ക് എ.സി പോയിട്ട് ഫാൻ പോലും ആവശ്യമില്ലായിരുന്നു. ബ്രിട്ടനിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ അവിടെ ഉഷ്ണക്കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സഹാറാ മരുഭൂമിയേക്കാൾ ഉയർന്ന താപനിലയാണ് ബ്രിട്ടനിൽ അനുഭവപ്പെടുന്നത്.
യൂറോപ്പിൽ സമ്മർ സീസണുകളിലും ചൂട് 25 ഡിഗ്രിക്ക് മുകളിൽ പോകുക അപൂർവ്വമാണ്. ഹ്യൂമിഡിറ്റിയും കുറവാണ്. എന്നാൽ ഇപ്പോൾ അതെല്ലാം പഴങ്കഥയായി മാറിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനമാണ് ഈ മാറ്റങ്ങൾക്കു പിന്നിലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ജൂലൈ 13 ന് നാസ പുറത്തുവിട്ട ഭൂമിയുടെ ചിത്രമാണ് ഇവിടെ ആദ്യം നൽകിയിരിക്കുന്നത്. അതിൽ ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും 40 ഡിഗ്രിയോ അതിനുമുകളിലോ ഉള്ള താപനിലയിലാണെന്ന് വ്യക്തമാക്കുന്ന ചുവപ്പ് നിറമായാണ് കാണപ്പെടുന്നത്.
ഇതുകൂടാതെ യൂറോപ്പിലെ 10 രാജ്യങ്ങളിൽ അതിഭയങ്കരമായ കാട്ടുതീ പടർന്നിരിക്കുന്നത് താപനില വർദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടിയാണ്. സ്‌പെയിനിൽ 22000 ഹെക്ടർ വനമാണ് ഇതുവരെ കത്തിയമർന്നത്. അവിടുത്തെ താപനില 44 ഡിഗ്രിക്കും മുകളിലാണ്.
പോർട്ടുഗലിൽ 12000 ഹെക്റ്ററിൽ പടർന്ന കാട്ടുതീ മൂലം താപനില 47 ഡിഗ്രിക്കും മുകളിലാണ്. ചൂടും പുകയും മൂലം ജീവിതം അവിടെ ദുസ്സഹമാണ്. ഇത് ഒരു ജൂലൈ മാസ റിക്കാർഡ് കൂടിയാണ്. ഇതുവരെ രണ്ടുപേർ അവിടെ കാട്ടുതീയിൽപ്പെട്ട് മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്ക, ഫ്രാൻസ്,ചൈന ഒക്കെ താപനിലയുടെ വർദ്ധനയിൽ വലയുകയാണ്. അമേരിക്കയിൽ ഏകദേശം 6 കോടി ജനങ്ങൾ ഇപ്പോൾത്തന്നെ ചൂടിന്റെ പാരമ്യതയിൽ കഴിയുന്നു.
കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. തണുപ്പിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന ചൈനയിൽ ഇന്നലെ 33 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവർക്ക് ഇത് വളരെ അസഹനീയമാണ്. ഫ്രാൻസിലെ നോട്ടിൽ 42 ഡിഗ്രി ചൂടാണ് ഇന്നലെ രേഖപ്പെടുത്തപ്പെട്ടത്.
യൂറോപ്പിൽ 10 രാജ്യങ്ങളിൽ വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ മൂലം ഇതുവരെ 30000 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ഭൂമിയുടെ താപനില സാധാരണയിൽ നിന്നും ഇപ്പോൾ 1.1 ഡിഗ്രി ഉയർന്ന നിലയിലാണുള്ളത്. ഭൂമിയുടെ ശരാശരി താപനില 16 ഡിഗ്രിയാണ്.
താപനില ഉയരാനുള്ള കാരണം ഫാക്ടറികളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനമാണ്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദന നിലയങ്ങളായിൽനിന്നാണ് ഏറ്റവും കൂടുതൽ വാതകങ്ങൾ പുറത്തള്ളപ്പെടുന്നത്.
ഇന്ത്യ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ വികസ്വര രാജ്യങ്ങൾക്ക് ഊർജ്ജ ആവശ്യങ്ങൾക്ക് ഇതല്ലാതെ മറ്റു വഴികളില്ലതാനും. മറ്റൊന്ന് വാഹനങ്ങളിൽനിന്നുള്ള വാതകങ്ങളുടെ അതിപ്രസരണം. 2033 വരെ ഇതിനൊക്കെയുള്ള പ്രതിവിധി പ്രത്യേകിച്ചും ഊർജസ്രോതസ്സുകൾക്ക് കണ്ടെത്തണമെന്ന നിർദ്ദേശം ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഉത്തര ധ്രുവം മുതല്‍ ദക്ഷണിണ ധ്രുവം വരെ ഭൂമി വെന്തുരുകിക്കൊണ്ടിരിക്കുകയാണ്. 1906ന് ശേഷം ഭൂമിയുടെ ശരാശരി ഉപരിതല ഊഷ്മാവില്‍ ഏതാണ്ട് 1.6 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ (0.9 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
താപനില വര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്ന ധ്രുവങ്ങളില്‍ പ്രത്യേകിച്ച്. ആഗോള താപനിലയിലുള്ള ഈ വര്‍ധനവ് നേരത്തെ നാം കണക്കുകൂട്ടിയിരുന്നത് പോലെ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അതായത്, ആഗോള താപനത്തിന്റെ പരിണിതഫലങ്ങള്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് സാരം.
സ്ഥിതി ഗുരുതരമാണ്. പ്രതിവിധി അനിവാര്യവുമാണ്. അതും എത്രയും പെട്ടെന്ന്. കാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോളതാപനം ലോകജനസംഖ്യയുടെ പകുതിയോളം ആളുകളെ സാമൂഹ്യ ആത്മഹത്യയിലേക്കാകും നയിക്കുകയെന്ന ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് അതീവ ഗൗരവതരമാണ്.