Advertisment

നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ സന്താൾ സമുദായത്തെപ്പറ്റി അറിയുമോ ? കാണാപ്പുറങ്ങൾ...

New Update

publive-image

Advertisment

രാജ്യത്തെ 15 മത് രാഷ്ട്രപതിയാകാൻ പോകുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ആദിവാസിവനിതയു മായ 64 വയസ്സുള്ള ശ്രീമതി ദ്രൗപതി മുർമു ഒറീസ്സയിലെ മയൂർഭൻജ് ജില്ലയിലുള്ള 'ബൈദാപോസി' ഗ്രാമത്തിലാണ് ജനിച്ചത്.

ശ്രീമതി ദ്രൗപതി മുർമുവിന്റെ പിതാവും മുത്തച്ഛനും ആ ഗ്രാമപ്രധാൻ അഥവാ ഗ്രാമമുഖ്യന്മാരായിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപതിയെ വിവാഹം കഴിച്ചത് ശ്യാമചരൺ മുർമു എന്ന വ്യക്തിയായിരുന്നു. അതോടെ അവർ ദ്രൗപതി മുർമുവായി മാറി. അവരുടെ മൂന്നുമക്കളിൽ രണ്ടാണ്മക്കളും ഭർത്താവും അകാലത്തിൽ മരണപ്പെട്ടു. വിവാഹിതയായ ഒരു മകൾ മാത്രമാണ് ഇപ്പോൾ അവർക്കൊപ്പമുള്ളത്.

ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗങ്ങളിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സന്താൾ വിഭാഗക്കാരിയാണ് ശ്രീമതി ദ്രൗപതി മുർമു. ഗോണ്ട് വിഭാഗം ഒന്നാം സ്ഥാനത്തും ഭീൽ സമുദായം രണ്ടാം സ്ഥാനത്തു മാണ്. രാജ്യത്ത് ആകെമൊത്തം 705 ആദിവാസി ഗോത്ര (എസ്‌ടി) വിഭാഗങ്ങളാണുള്ളത്.

publive-image

ഇന്ത്യയിൽ 90 ലക്ഷത്തോളമാണ് സന്താൾ വിഭാഗത്തിന്റെ ജനസംഖ്യ. ഇവരിൽ 90 % വും വനമേഖലകളിലും ബാക്കി 10 % നഗരങ്ങളിലുമാണ് ജീവിക്കുന്നത്. ഒറീസ്സ , പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് സന്താൾ വിഭാഗങ്ങൾ കൂടുതലും അധിവസിക്കുന്നത്. ഇക്കൂട്ടരിൽ സ്ത്രീകളുടെ ജനസംഖ്യ പുരുഷന്മാരേക്കാൾ അധികമാണ്. 44.57 ലക്ഷം പുരുഷന്മാരും 44.90 ലക്ഷം സ്ത്രീകളും.

സന്താൾ എന്ന വാക്കിന്റെ അർഥം "ശാന്തനായ വ്യക്തി" എന്നാണ്. പേരുപോലെതന്നെ വളരെ ശാന്തരാണ് സന്താളുകൾ. സന്താൾ സമുദായത്തിന്റെ ഒറിജിനുമായി ബന്ധപ്പെട്ട ശരിയായ തീയതിയോ വർഷമോ അറിയാനുള്ള രേഖകൾ ലഭ്യമല്ലെങ്കിലും ഭാഷാ പണ്ഡിതൻ പോൾ സിഡ്‌വെലിന്റെ അഭിപ്രായത്തിൽ വടക്കൻ കംബോഡിയയിലെ ചമ്പാ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന ഇവരുടെ പൂർവ്വികർ 3500 - 4000 വർഷങ്ങൾക്ക് മുൻപ് ഒറീസ്സയിലെ സമുദ്രതീരത്ത് വന്നെത്തുകയായിരുന്നുവത്രേ. 18 -ാം നൂറ്റാണ്ടിന്റെ അവസാന കാലം വരെ ഇവർ പലനാടുകൾ ചുറ്റിക്കറങ്ങി ജീവിക്കുന്ന സമൂഹങ്ങളായിരുന്നു. അങ്ങനെയാണ് ഒറീസ്സ കൂടാതെ ജാർഖണ്ഡിലും ബംഗാളിലും ഇവരുടെ സാമീപ്യം വർദ്ധിച്ചത്.

publive-image

സന്താൾ സമുദായത്തിന്റെ സ്വന്തം ഭാഷയാണ് സന്താലി. സന്താൾ ഭാഷാ പണ്ഡിതനായ രഘുനാഥ് മുർമു "ഓൾ ചിക്കി" എന്ന പേരിൽ ഈ ഭാഷയുടെ ലിപിയും നിർമ്മിച്ചിട്ടുണ്ട്. സന്താൾ ഭാഷ നമ്മുടെ ഭരണഘടനയുടെ 8 മത്തെ ഉപവകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സന്താലികൾ ബംഗാളി, ഹിന്ദി, ഒറിയ എന്നീ ഭാഷകളും സംസാരിക്കാറുണ്ട്.

മറ്റുള്ള ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച് സന്താൾ വിഭാഗം വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കു ന്നവരാണ്. ഇവർ 1960 കളിൽ തുടക്കമിട്ട സ്‌കൂൾ വിദ്യാഭ്യാസ ജാഗരൂകതയാണ് ഇതിനുള്ള പ്രധാനകാരണം. ഇവരുടെ സാക്ഷരതാ ശതമാനം 55.5 % ആണ്. സാമ്പത്തികമായും ഇവരിൽ പലരും ഇന്ന് നല്ല നിലയിലാണ്. അതായത് ക്രീമി ലെയറിനും മുകളിൽ.

publive-image

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരേനും, കേന്ദ്ര ജലശക്തി വകുപ്പുമന്ത്രി ബിസ്വെശ്വർ ടുഡുവും, ഇന്ത്യയുടെ കൺട്രോളർ ആൻഡ് ആഡിറ്റ് ജനറലും (സിഎജി) മുൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന ഗിരീഷ് ചന്ദ്ര മുർമുവും സന്താൾ സമുദായക്കാരാണ്.

സന്താൾ ഗോത്രവിഭാഗത്തിൽ ഇന്നും നിലനിൽക്കുന്ന പാരപരാഗതമായ ജീവിതരീതികളും ആചാരങ്ങളും ഇതോടൊപ്പം അറിയേണ്ടതും അനിവാര്യമാണ്.

വിവാഹമോചനം ഇവരിൽ സാധാരണ വിഷയമാണ്. പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ടാൽ സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും ഉപേക്ഷിക്കാവുന്നതാണ്. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനെ വിവാഹം കഴിക്കണമെങ്കിൽ ആദ്യഭർത്താവിന് ഇരുവരും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.

publive-image

മറ്റൊരു പ്രധാനവിഷയം സന്താൾ വിഭാഗത്തിലെ വിവാഹിതകളായ സ്ത്രീകൾ "ഗുമ്ഘട്ട് " സാരിത്തലപ്പ് തലയിൽ മൂടി നടക്കുന്ന രീതി അവലംബിക്കുന്നവരല്ല എന്നതാണ്. ഉത്തരേന്ത്യയിൽ ഹിന്ദു, ബ്രാഹ്മണർ, ക്രിസ്ത്യൻ, സിഖ്, ജൈന മതക്കാരായ എല്ലാ വനിതകളും വിവാഹശേഷം ഗുമ്ഘട്ട് ധരിക്കണമെന്നത് അലിഖിത നിയമമാണ്. ഉദാഹരണം നമ്മുടെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും സ്ഥിരമായി ഗുമ്ഘട്ട് ധരിച്ചിരുന്നവരാണ്. എന്നാൽ നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമു ഗുമ്ഘട്ട് ധരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. അവരുടെ സമുദായം അതാണനുശാസിക്കുന്നത്.

സന്താൾ സമുദായത്തിൽ നിലനിൽക്കുന്ന ചില പരമ്പരാഗത നിയമങ്ങൾ ഏറെ കൗതുകകരമാണ്. അതായത് ഭാര്യ ഗർഭിണിയായാൽ പിന്നെ പ്രസവം വരെ ഭർത്താവ് ഒരു മൃഗങ്ങളെയും കൊല്ലാനോ ആളുകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ പാടില്ല എന്നതാണ്. സ്ത്രീകൾ സാധാരണയായി നീലയും പച്ചയും കലർന്ന സാരിയാണ് ധരിക്കാറുള്ളത്. പുരുഷന്മാർക്ക് ധോത്തിയും തോർത്തുമാണ് പ്രധാനവേഷം.

publive-image

സന്താൾ സ്ത്രീകൾ ശരീരത്തിൽ പച്ചകുത്തേണ്ടത് അനിവാര്യവും പരമ്പരാഗതമായ ആചാരവുമാണ്. പ്രകൃതിയുടെ ഉപാസകരായ ഇവർ ഗ്രാമത്തിൽ സംരക്ഷിക്കുന്ന കാവുകളിലാണ് പൂജയും ആരാധനയും പരമ്പരാഗത നൃത്തങ്ങളും നടത്താറുള്ളത്.

സന്താൾ സമുദായാംഗം മരണപ്പെട്ടാൽ മൃതദേഹം അഗ്നിയിൽ ദഹിപ്പിച്ചശേഷം അസ്ഥികൾ ദാമോദർ നദിയിലാണ് ഒഴുക്കാറുള്ളത്.ദാമോദർ നദിക്ക് പുണ്യസ്ഥാനമാണ് ഇവർ കല്പിച്ചിരിക്കുന്നത്.

സന്താൾ സമുദായത്തിന് ബ്രിട്ടീഷുകാരോട് പോരാടിയ ബൃഹത്തായ ഒരു ചരിത്രം കൂടിയുണ്ട്. സന്താൾ ഹൂൾ ( സന്താൾ കലാപം) എന്നറിയപ്പെടുന്ന "ഇംഗ്ളീഷുകാർ ഞങ്ങളുടെ ഭൂമിവിട്ടുപോകുക" എന്ന മുദ്രാവാക്യമുയർത്തി ജാർഖണ്ഡിലെ 400 സന്താൾ ഗ്രാമങ്ങളിൽനിന്നുള്ള 50000 സന്താളുകൾ 30 ജൂൺ 1855 ൽ നടത്തിയ പോരാട്ടം ചരിത്രത്താളുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സിദ്ദു, കാൻഹു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാപം. ബ്രിട്ടീഷുകാർക്ക് നൽകിവന്ന കപ്പം ഇവർ നിർത്തൽക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ ഈ കലാപമടിച്ചമർത്താൻ ക്രൂരതയുടെ എല്ലാ മാനദണ്ഡങ്ങളും ഒന്നൊന്നായി പരീക്ഷിച്ചു. ഫലമോ 20000 സന്താളുകളെയാണ് ബ്രിട്ടീഷ് സൈന്യം നിഷ്ടൂരം കൊന്നുതള്ളിയത്. സുദ്ദുവിനെയും കാൻഹുവിനെയും പിടികൂടിയ ബ്രിട്ടീഷുകാർ അവരെ 26 ജൂലൈ 1885 ന് ജാർഖണ്ഡിലെ സാന്താൾ ഗ്രാമമായ ബോഗൺഡീഹിൽ പരസ്യമായി ഒരു മരത്തിൽ തൂക്കിലേറ്റുകയായിരുന്നു. ഗ്രാമീണർ കപ്പം നിഷേധിച്ചത് അവർക്ക് പൊറുക്കാനായില്ല ഒപ്പം കലാപത്തിന് തുടക്കമിട്ടതും.

സ്നേഹവും ആത്മാർത്ഥതയുള്ള സന്താൾ സമുദായം മറ്റുള്ള എല്ലാ വിഭാഗങ്ങളോടും ബഹുമാനവും ഏറെ സൗഹൃദം പുലർത്തുന്നവരുമാണ്.

publive-image

വാൽക്കഷണം - 1979 ൽ ഒറീസയിലെ കലുംഗ എന്ന സ്ഥലത്തെ ഒന്നരവർഷത്തെ ജീവിതത്തിനിടയിൽ എനിക്ക് ഈ സമുദായവുമായി വളരെ അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ചകളിൽ വനാന്തർ ഭാഗത്തുള്ള അവരുടെ ഗ്രാമത്തിൽ ആണും പെണ്ണും ഇടകലർന്നു നടത്തുന്ന നൃത്തത്തിലും സൽക്കാരങ്ങളിലും നിരവധി തവണ ഞാൻ ക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആതിഥ്യ മര്യാദ ഇത്രയധികം ആത്മാർത്ഥതയോടെ പുലർത്തുന്ന മറ്റൊരു വിഭാഗവും ഉണ്ടെന്നു തോന്നുന്നില്ല. തേൻ, നെല്ലിക്ക, ബീഡിയില മരത്തിന്റെ പഴം തുടങ്ങി വനവിഭവങ്ങൾ ധാരണം അവരെനിക്ക് കൊണ്ടുതന്നിരുന്നു. ഗ്രാമത്തിലെ ആഘോഷങ്ങൾ കഴിഞ്ഞശേഷം രാത്രി ഇരുട്ടി വന്യമൃഗങ്ങളുള്ള വനത്തിലൂടെ അമ്പും വില്ലുമേന്തി സുരക്ഷയൊരുക്കി അവർ ഒപ്പം വന്ന് എന്നെ താമസസ്ഥലം വരെ കൊണ്ടാക്കുമായിരുന്നു. എന്നും ആ ഓർമ്മകൾക്കു പോലും എന്ത് മാധുര്യമാണെന്നോ ? - പ്രകാശ് നായർ മേലില.

(ഈ ലേഖനം തയ്യറാക്കാൻ സഹായകമായത് Scheduled Castes and Scheduled Tribes Research and Training Institute (SCSTRTI), Bhubaneswar, state of the art in 2018 തയ്യറാക്കിയ പഠനറിപ്പോർട്ടാണ്)

Advertisment