നാൻസി പെലോസി തായ്‌വാനിൽ
ചൈനയിൽ നിന്നും 160 കിലോമീറ്ററകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് തായ്‌വാൻ. 35980 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 2 കോടി 31 ലക്ഷം ജനസംഖ്യയുമുള്ള തായ്‌വാന് വളരെ വികസിതമായ മാര്‍ക്കറ്റ് എക്കണൊമിയാണുള്ളത്.
തായ്‌വാൻ തങ്ങളുടെ ഭൂഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ തായ്‌വാനാകട്ടെ തങ്ങൾ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന നിലപിടിലാണ് ഉറച്ചുനിൽക്കുന്നത്.
ഈ വിവാദത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചൈനയിൽ ഭരണം കയ്യാളിയിരുന്ന ചൈനീസ് നാഷണലിസ്റ്റ് പാര്‍ട്ടിയും (Guomindang -GMD) കമ്യൂണിസ്റ്റുകളും തമ്മിലുള്ള പോരാട്ടത്തിനൊ ടുവിൽ 1949 ൽ തോറ്റോടിയ കുമിന്‍റാങുകൾ ചൈനീസ് വൻകര വിട്ട് ദൂരെ തായ്‌വാൻ ദ്വീപിൽ അഭയം തേടുകയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റുപാർട്ടിയുടെ പക്കൽ അന്ന് ശക്തമായ നാവികസേനാവ്യൂഹം ഇല്ലാതിരുന്നതിനാൽ അവർക്ക് തായ്‌വാൻ കീഴടക്കാൻ കഴിഞ്ഞില്ല.
ചൈനയുടെ മനസ്സിലെ മുറിവായി അന്നുമുതൽ തായ്‌വാൻ നിലകൊള്ളുകയായിരുന്നു. 1992 ൽ തായ്‌വാ നിലെ കുമിന്‍റാങ് വിഭാഗവുമായി ചൈന നടത്തിയ ഒത്തുതീർപ്പിൽ തായ്‌വാൻ ഐക്യചൈനയുടെ ഭാഗമായിരിക്കുമെന്നും ദേശീയ താല്പര്യങ്ങൾക്കനുസൃതമായി ഇരുകൂട്ടരും പ്രവർത്തിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ കുമിന്‍റാങ് വിഭാഗത്തിലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗം (ഡിപിപി) ഈ ഒത്തു തീർപ്പ് വ്യവസ്ഥകൾ പാടേ തള്ളിക്കളഞ്ഞു. തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളുമെന്നവർ പ്രഖ്യാപിക്കുകയും ചെയ്തു. 2016 മുതൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) ആണ് തായ്‌വാനിൽ ഭരണത്തിലുള്ളത്.
തായ്‌വാനെ എന്തുവിലകൊടുത്തും തങ്ങൾ ചൈനയുടെ ഭാഗമാക്കുമെന്നും തായ്‌വാനിൽ ഒരു രാജ്യം രണ്ടു സിസ്റ്റം എന്ന രീതി ഭരണസംവിധാനത്തിൽ കൊണ്ടുവരുമെന്നും 2019 ൽ ചൈനീസ് രാഷ്‌ട്രപതി ഷീ ജിൻ പിംഗ് നടത്തിയ പ്രഖ്യാപനമാണ് തായ്‌വാനെ ഇളക്കിമറിച്ചത്.
ഷീ യുടെ പ്രസ്താവ്യം തള്ളിക്കളഞ്ഞ ഡിപിപി ഭരണകൂടം തായ്‌വാൻ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുമെന്നും പ്രഖ്യാപിച്ചു. അന്നുമുതൽ ആ മേഖലയിൽ സംഘർഷ സാദ്ധ്യത പുകയുകയായിരുന്നു.
1979 ൽ തായ്‌വാനുമായുണ്ടായിരുന്ന നയതന്ത്രബന്ധം ഉപേക്ഷിച്ച അമേരിക്ക, ചൈനയുമായി ബന്ധം സ്ഥാപിച്ചെങ്കിലും തായ്‌വാന് ആയുധങ്ങൾ നൽകുന്നത് മുടങ്ങാതെ തുടർന്നുവന്നു. അമേരിക്ക വർഷങ്ങളായി ഐക്യ ചൈന എന്ന പോളിസി അംഗീകരിച്ച രാജ്യമാണ്. എങ്കിലും തായ്‌വാൻ വിഷയത്തിൽ അവരുടെ നിലപാട് ഇനിയും സ്പഷ്ടമല്ല.
ചൈന പുറത്തുവിട്ട നോ ഫ്ലൈ സോൺ മാപ്പ്
ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ തായ്‌വാൻ വിഷയത്തിൽ ചൈനക്കെതിരെ പരസ്യ മായി രംഗത്തുവന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ചൈന, തായ്‌വാനെ ആക്രമിച്ചാൽ തായ്‌വാനെ രക്ഷിക്കാൻ തങ്ങൾ മുന്നിലുണ്ടാകുമെന്ന അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഇപ്പോൾ ചൈനയെ ക്ഷുഭിതരാക്കിയിരിക്കുന്നത്. ലോകത്തെ 13 ചെറു രാജ്യങ്ങൾ മാത്രമാണ് ഒരു രാഷ്ട്രമെന്ന നിലയിൽ തായ്‌വാനെ അംഗീകരിച്ചിരിക്കുന്നത്.അതിൽ അമേരിക്കയില്ല.
ഇപ്പോൾ അമേരിക്കൻ ഹൗസ് സ്പീക്കർ നാൻസി പെലോസി (Nancy Pelosi) നടത്തിയ തായ്‌വാൻ സന്ദർശനം കുറച്ചൊന്നുമല്ല ചൈനയെ അരിശം കൊള്ളിച്ചിരിക്കുന്നത്. ചൈന, തായ്‌വാനെ കടലിലും ആകാശത്തുമായി വളഞ്ഞിരിക്കുന്നതായി അവർ പുറത്തുവിട്ട ഭൂപടം വ്യക്തമാക്കുന്നു.
ചൈനയുടെ പീപ്പിൾസ് ലിബിറേഷൻ ആർമി (പിഎല്‍എ) തായ്‌വാനു ചുറ്റും 6 ഇടങ്ങളിലായി നോ എന്‍ട്രി സോണ്‍ പ്രഖ്യാപിച്ച് യാത്രാ വിമാനങ്ങളും കപ്പലുകളും തായ്‌വാനിൽ പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ്.
1991 ൽ നാൻസി പെലോസി ടിയാനൻ മെൻ സ്‌ക്വയറിൽ മരണപ്പെട്ടവർക്കായി ബാനർ ഉയർത്തിയപ്പോൾ
തായ്‌വാനുചുറ്റും തങ്ങളുടെ യുദ്ധക്കപ്പലുകളും ആധുനിക ജെ -20 യുദ്ധവിമാനങ്ങളും അവർ നിലയുറപ്പിച്ചുകഴിഞ്ഞു. നാൻസി പെലോസിയുടെ വിമാനം ചൈന തടയുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവർ 18 മണിക്കൂർ തായ്‌വാൻ സന്ദർശനം പൂർത്തിയാക്കി സുരക്ഷിതയായി മടങ്ങിക്കഴിഞ്ഞു.
അമേരിക്കൻ ഹൗസ് സ്പീക്കർ നാൻസി പെലോസി പണ്ടുമുതലേ ചൈനീസ് വിരുദ്ധ നിലപാടുകാരിയാണ്.1991 ൽ അവർ നടത്തിയ ബീജിംഗ് സന്ദർശനത്തിനിടെ ഒരു സ്വകാര്യ ടാക്സിയിൽ ടിയാനൻ മെൻ സ്‌ക്വയറിൽ എത്തുകയും അവിടെ 1989 ൽ സ്വാതന്ത്ര്യ സമരപ്രക്ഷോഭം നടത്തി കൊല്ലപ്പെട്ട 100 കണക്കിന് വിദ്യാർത്ഥി കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാനർ ഉയർത്തുകയും ചെയ്തു. അന്ന് ആ വാർത്തകളും ബാനർ ചിത്രങ്ങളും പ്രസിദ്ധീകരിച്ച മാധ്യമപ്രതിനിധികളെ പിന്നീട് ചൈന അറസ്റ്റ് ചെയ്തു ജയിലിടയ്ക്കുകയാ യിരുന്നു.
2015 ലും അവർ നടത്തിയ ചൈനാ സന്ദർശനത്തിനിടെ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെത്തിയതും ബുദ്ധഭിക്ഷുക്കളെ സന്ദർശിച്ചതും വിവാദമായിരുന്നു. ദലൈലാമയെയും സ്വതന്ത്ര തിബറ്റിനെയും അനുകൂലി ക്കുന്ന നിലപടുകാരിയാണ് നാൻസി പെലോസി.
ചൈന ഇപ്പോൾ തായ്‌വാനെ വളഞ്ഞ് സൈനിക അഭ്യാസം തുടങ്ങിയിരിക്കുകയാണ്. കടലിലും ആകാശ ത്തുമായി അവരുടെ യുദ്ധവിമാനങ്ങളും മിസൈലുകളും ചീറിപ്പായുന്നു. എന്നാൽ ചൈനയോളം ഒട്ടുമില്ലെങ്കിലും സാമാന്യം നല്ല സൈനികശേഷിയും ആധുനിക യുദ്ധസാമഗ്രികളുമുള്ള തായ്‌വാൻ പ്രകോപനത്തിന് മുതിരാതെ ചൈനയുടെ നീക്കങ്ങൾ സശ്രദ്ധം വീക്ഷിക്കുകയാണ്.
ചൈന നടത്തിയ ഏറ്റവും വലിയ പ്രതികാര നടപടി അവർ തായ്‌വാനിലേക്ക് കയറ്റി അയച്ചിരുന്ന നാച്ചുറൽ സാൻഡ് (മണൽ) നിർത്തിവച്ചു എന്നതാണ്. ഇത് തായ്‌വാനിലെ നിർമ്മാണമേഖല പൂർണ്ണമായും സ്തംഭിക്കാൻ ഇടയാക്കുകയും അത് അവരുടെ സാമ്പത്തിക മേഖലയെത്തന്നെ ബാധിക്കാനും ഇടയുണ്ട്.
വൺ ചൈനാ പോളിസി അംഗീകരിക്കാതെ അമേരിക്ക തീക്കളി നടത്തിയാൽ അവർ സ്വയം അഗ്നിയിൽ നശിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ഇന്ന് ചൈന നൽകിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച നാവികശക്തിയായി അറിയപ്പെടുന്ന ചൈനയെ തായ്‌വാനിലെത്തി എതിർ ക്കാനുള്ള കരുത്ത് അമേരിക്കയ്ക്കുണ്ടോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. ചൈനയ്ക്കനുകൂലമായ റഷ്യൻ നിലപാടും അവഗണിക്കനാകില്ല.
യൂക്രെയ്ൻ യുദ്ധത്തിൽ ഒറ്റപ്പെടുകയും യുദ്ധശേഷിയിൽ സന്ദേഹമുയരുകയും ചെയ്തത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. മാത്രവുമല്ല റഷ്യയുടെ ഇടപെടലുണ്ടായാൽ നാറ്റോ സഖ്യവും ജപ്പാനും അമേരിക്കയ്ക്ക് പിന്തുണയുമായി രംഗത്തുവരുമെന്നതും ഉറപ്പാണ്.
ചൈനീസ് ഇക്കോണോമിയുടെ കരുത്ത് ഗൾഫ് - യൂറോപ്യൻ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഒരെടുത്തു ചാട്ടത്തിനു മുതിരാതെ ചർച്ചകൾക്കും സമവായത്തിനും ചൈന മുൻഗണന നൽകുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ..
എന്തായാലും വരും നാളുകളിൽ ചൈന - തായ്‌വാൻ സംഘർഷം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല.