അറിഞ്ഞുകൊണ്ട് വല്ലവന്റേം കക്ഷത്ത് ഇനിയെങ്കിലും ദയവായി ആരും തലവച്ചു കൊടുക്കരുത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, കൊല്ലം താമരക്കുടി സഹകരണ ബാങ്ക് തട്ടിപ്പ്, പത്തനംതിട്ട - കോന്നി പോപ്പുലർ ഫൈനാൻസ് തട്ടിപ്പ്, ഇപ്പോഴിതാ കൊല്ലം പുനലൂർ ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനാൾക്കാരും തങ്ങളുടെ പണത്തിനായി സമരമുഖത്താണ്. ഇതുപോലെ എത്രയെത്ര തട്ടിപ്പുകൾ ? എന്നിട്ടും പഠിക്കാത്ത ചിലർ ? അവരാണ് ഇതിനൊക്കെ കാരണക്കാർ.
സഹകരണസ്ഥാപനങ്ങൾ മുഴുവൻ രാഷ്ട്രീയക്കാരുടെ ആധിപത്യമാണ്. ഭരണ - പ്രതിപക്ഷങ്ങൾ കാലാകാ ലങ്ങളായി അവിടം കയ്യാളി ഭരണം നടത്തുകയാണ്. നിയമനങ്ങൾ ഒട്ടുമിക്കതും പാർട്ടിതലത്തിലും ലക്ഷങ്ങൾ കോഴ വാങ്ങിയുമാണ് നടത്തുന്നത്.
കൊല്ലം താമരക്കുടി സഹകരണബാങ്കിൽ ഏകദേശം 13 കോടിയുടെ തട്ടിപ്പുനടത്തിയവർ ഇപ്പോഴും പുറത്തു വിലസുന്നു.ഭരണസമിതിയിലെ പലരും ഇന്നും രാഷ്ട്രീയനേതാക്കളാണ്. മൂവായിരത്തോളം നിക്ഷേപകർ കഴിഞ്ഞ 10 വർഷമായി തങ്ങളുടെ പണത്തിനുവേണ്ടി ഇനി മുട്ടാൻ വാതിലുകളില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്.
മരണപ്പെട്ട ഫിലോമിനയുടെ വീട്ടിൽപ്പോയി മുഴുവൻ നിക്ഷേപത്തുകയും കൈമാറിയ മന്ത്രി, കഴിഞ്ഞ 10 വർഷമായി നിക്ഷേപം തിരികെക്കിട്ടാതെ നരകയാതന അനുഭവിച്ചുജീവിക്കുന്ന താമരക്കുടിയിലെ ആയിരങ്ങളെ എന്തേ കാണാതെപോയി ? മരണപ്പെട്ടാൽ മാത്രമേ പണം തിരികെക്കിട്ടുകയുള്ളു എന്നാണോ ?
കരുവന്നൂരിലെ നിക്ഷേപകർക്കായി 25 കോടി അനുവദിക്കുമെന്നാണ് മന്ത്രിയുടെ അരുളപ്പാട് ? എന്തിന് ? ജനങ്ങളിൽനിന്നും വാങ്ങിയ നിക്ഷേപങ്ങൾ കട്ടവരെ പിടികൂടാതെ പൊതുഖജനാവിലെ നികുതിപ്പണമാണോ നൽകാൻ പോകുന്നത് ? എത്ര വിരോധാഭാസം ? ചോദ്യം ചെയ്യാൻ പോലും ആരുമില്ലാത്ത അവസ്ഥ.
പ്രതിപക്ഷനേതാവ് മറ്റൊരു പുകമറ സൃഷ്ടിക്കൽ കൂടി നടത്തിയിരിക്കുന്നു. അതായത് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകണമെന്നും അതിനായി സർവ്വകക്ഷി യോഗം വിളിക്കണമെന്നും. നല്ല കഥ.
ഇതിലെ ഉള്ളുകള്ളി നാം തിരിച്ചറിയണം. യുഡിഎഫ് ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിലും പല പ്രശ്നങ്ങളുമുണ്ട്. അതൊക്കെക്കൊണ്ടാകാം പ്രതിപക്ഷനേതാവ് ഒരു മുഴം മുൻപേ ഇപ്പോൾ എറിഞ്ഞിരിക്കുന്നത്.
സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗാരണ്ടി നൽകണമെങ്കിൽ നിക്ഷേപങ്ങൾ സർക്കാരിലേക്കാണ് പോകേണ്ടത്. അല്ലാതെ സഹകരണബാങ്കുകളിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കട്ടോണ്ടുപോകുന്ന പണത്തിന് ഖജനാവിലെ പണമല്ല ഗ്യാരണ്ടിയായി നൽകേണ്ടത്. അങ്ങനെവന്നാൽ സമൂലം കട്ടുമുടിക്കാൻ ആരും മടിക്കുകയില്ല.
ജനത്തിന്റെ പണം കക്കുന്നവരെ പിടികൂടി ജയിലിലടയ്ക്കാനും സ്വത്തുവകകൾ കണ്ടുകെട്ടി ലേലം ചെയ്തു നിക്ഷേപകന് നിശ്ചിതസമയത്തിനുള്ളിൽ തിരികെ നൽകാനുമുള്ള അതിശക്തമായ നിയമമാണ് ഇവിടെ ഉണ്ടാകേണ്ടത്. അതുപോലെ സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്. സി ക്കു വിടേണ്ടതും അനിവാര്യമാണ്. ഇതൊക്കെ പറയുമ്പോൾ സഹകരണസ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നു എന്ന കപട വിലാപം പല കോണുകളിൽ നിന്നും ഉയരാറുണ്ട്.
ഇന്നലെവരെ പാർട്ടിയുടെ കൊടിയും പിടിച്ച് മറ്റൊരുതൊഴിലും ചെയ്യാതെ നടന്ന പലരും ഇന്ന് സഹകരണ സ്ഥാപനങ്ങളിൽ, വിവിധ ബോർഡുകളിൽ, കമ്മീഷനുകളിൽ ഒക്കെ ഉദ്യോഗ സ്ഥരാണ്. ഏതാണ്ട് ബാങ്ക് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും പെൻഷനും ഉൾപ്പെടെ അവരുടെയും കുടുംബത്തിന്റെയും ജീവിതം സുഭിക്ഷം. ഉറക്കമിളച്ചുള്ള പഠനവും കോച്ചിംഗും ഒക്കെയായി സർക്കാർ ജോലി സ്വപ്‍നം കൊണ്ടുനടക്കുന്ന യുവാക്കളുടെ ജീവിതം കട്ടപ്പൊക.
ഇങ്ങനെ പിൻവാതിൽ വഴി നിയമനം നേടുന്നവർ അതോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ചിലർ ജോലിക്കൊപ്പം പാർട്ടി ഭാരവാഹികളായും വിലസുന്നു. രാഷ്ട്രീയക്കാർ ഏതൊക്കെ രീതിയിലാണ് അവരുടെ അനുയായികൾക്കായി ഇവിടെ പല നിയമങ്ങളും പുതുതായി സൃഷ്ടിച്ചെടുത്തതെന്ന് നമ്മളിൽ പലർക്കുമറിയില്ല.
ഉദാഹരണം എയ്‌ഡഡ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന അദ്ധ്യാപകരുൾപ്പെടെയുള്ളവർക്ക് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാം, ഭാരവാഹികളാകാം. വിവിധ ബോർഡുകളിൽ പ്രവർത്തിക്കുന്നവർക്കും ഇതാകാം. ഒരു തടസ്സവുമില്ല. പാർട്ടി ഭാരവാഹിയായി വിലസിക്കൊണ്ട് കിട്ടുന്നതിൽ പകുതി ശമ്പളം നൽകി ജോലിക്ക് ബിനാമികളെ നിയമിച്ചിരിക്കുന്ന വിരുതന്മാരും കുറവല്ല.
ഇതിനൊക്കെ വേണ്ടിയാണ് പ്രതിപക്ഷനേതാവ് ശബ്ദമുയർത്തേണ്ടത്. സർവ്വകക്ഷിയോഗം ഒന്നിനും പരിഹാരമല്ല. കക്ഷിരാഷ്ട്രീയത്തിൽ വിശ്വസിക്കാത്ത ലക്ഷങ്ങൾ ഈ നാട്ടിലുണ്ട്. തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാത്തവരുടെ ഏകദേശം 35 % വും ഒരു രാഷ്ട്രീയ പാർട്ടികളോടും അനുഭവമില്ലാത്തവരും ചേരുമ്പോൾ ഭൂരിപക്ഷം അതായത് 50 % ത്തിനുമുകളിൽ വരും. അതുകൊണ്ടുതന്നെ ജനാഭിപ്രായം അറിയാനുള്ള റഫറണ്ടമാണ് (പൊതുജനാഭിപ്രായ സർവ്വേ) ഈ കാതലായ വിഷയങ്ങളിൽ നടത്തേണ്ടത്.
ഇതുപോലുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കരുതെന്ന് പറഞ്ഞാൽ പലരും കേൾക്കില്ല. കാരണം ഇവർ ഓഫർ ചെയ്യുന്ന ഉയർന്ന പലിശതന്നെയാണ് കാരണം. പുനലൂരിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനം 350 കോടിയുടെ നിക്ഷേപം ഒപ്പിച്ചത് 18 % പലിശ ഓഫർ ചെയ്തുകൊണ്ടാണ്. ആ നിക്ഷേപകരും ഇപ്പോൾ സമരമുഖത്താണ്. ഇവിടെ നിക്ഷേപകർക്ക് ഇരട്ട പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന പലിശ മോഹിച്ചു പണം നിക്ഷേപിച്ചവരുടെ പലിശത്തുക മാസപ്പലിശ കണക്കാക്കി ആ തുകയ്ക്കുള്ള ചിട്ടിയിൽ അവരെ ചേർക്കുകയായിരുന്നു. അതും തഥൈവ. അങ്ങനെ മുതലും പലിശയും പോയിക്കിട്ടി എന്നതാണാവസ്ഥ.
ധനകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പുകൾ ഇപ്പോൾ നിത്യസംഭവമായി മാറിയിട്ടും ആളുകൾ ഇപ്പോഴും ഈ സ്ഥാപനങ്ങളുടെ കെണിയിൽ വീഴുന്നുണ്ട്. അതേപ്പറ്റി കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വച്ച് യാത്രികനായ ഒരു തിരുവനന്തപുരം സ്വദേശി എന്നോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ഇതാണ് അദ്ദേഹം പറഞ്ഞത്.
അതായത് " തട്ടിപ്പുനടത്തുന്ന പല ധനകാര്യസ്ഥാപനങ്ങളും ചില മതപുരോഹിതരും ഒരുപോലെയാണ്. വാചകക്കസർത്തും പൊള്ളയായ വാഗ്ദാനങ്ങളും പരസ്യങ്ങളും വഴിയാണ് ഇവർ ആളുകളെ വലയിൽവീഴ്ത്തി അവരുടെ കീശ കാലിയാക്കുന്നത്"
അതെ. ആ വാക്കുകളിൽ സത്യമുണ്ട്. തട്ടിപ്പുകാരൊക്കെ അതിസമ്പന്നരും അതിനു വിധേയരാകുന്നവർ നിത്യദുരിതത്തിലുമാകുന്ന കാഴ്ച കേരളത്തിൽ ഒരു തുടർക്കഥയാകുകയാണ്.