പേവിഷബാധയേറ്റ ചിലർ ആന്റി റാബീസ് വാക്സിനെടുത്തിട്ടും മരണപ്പെട്ടതായി നമ്മൾ വാർത്ത കണ്ടു. ഇത് വലിയ ഗുരുതരമായ വിഷയമാണ്. ആരോഗ്യവകുപ്പധികൃതർ കൂടുതൽ ജാഗ്രത പുലർത്തണം. വിലകൂടിയ മരുന്നുകളിൽ വ്യാജന്മാർ ധാരാളമുണ്ട്.
ആന്റീ റാബീസ് വ്യാജ മരുന്നുകൾ ഉൾപ്പെടെ വിലകൂടിയ വ്യാജമരുന്നുകൾ ഉത്തരേന്ത്യയിൽ പലതവണ പിടികൂടിയിട്ടുണ്ട്. എന്നാൽ അതിനൊക്കെ പിന്നിൽ വൻ ലോബികളാകാം. മെഡിക്കൽ സ്റ്റോറുകൾക്കെതിരേയും ഫാർമസിസ്റ്റുകൾക്കെതിരെയും ചില താൽക്കാലിക നടപടികൾ കൈക്കൊള്ളുന്നതല്ലാതെ ഈ വ്യാജമരുന്നുകളുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തിയതായി അറിവില്ല.
വ്യാജമരുന്നുകൾ പിടികൂടുന്ന വാർത്തകൾ ഉത്തരേന്ത്യയിൽ പതിവാണ്. അവിടെക്കഴിഞ്ഞ കാലയളവിൽ ഇത് പലതവണ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണം നടക്കുന്നത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിൽ വ്യാജമരുന്നുകളുടെ റെയിഡ് പലതവണ നടന്നിട്ടുണ്ട്. പിടികൂടിയിട്ടുമുണ്ട്.
കോവിഡിനുവരെ വ്യാജമരുന്നുകൾ വ്യാപകമായി ഇന്ത്യയിൽ വിറ്റിട്ടുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന മരുന്നു കളിൽ 20 % വും വ്യജനാണെന്ന് US Trade Representative office on intellectual property rights protection in 2019 റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മരുന്നുൽപ്പാദനത്തിനുള്ള അസംസ്കൃത സാമഗ്രികൾ 70 % വും നമ്മൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. അതിൻ്റെ മറവിൽ വ്യാജനും കടന്നുകൂടാറുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മരുന്നുകളുടെ പരിശോധനയ്ക്കുള്ള വ്യാപകമായ സംവിധാനവും ഇനിയും ഇന്ത്യയിൽ ഉണ്ടാകേണ്ടതായുണ്ട്. നമുക്കാകെ 6 സെൻട്രൽ ലാബുകളാണുള്ളത്. അതുകൂടാതെ രാജ്യമൊട്ടാകെ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന 30 ലാബുകളുമുണ്ട്. വ്യാജ മരുന്നുകൾ കണ്ടുപിടിക്കാനുള്ള കൂടുതൽ ലാബുകൾ വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
ലോകത്തു പ്രചരിക്കുന്ന വ്യാജമരു ന്നുകളിൽ നല്ലൊരു ശതമാനം ഇന്ത്യയിലാണെന്ന് Associated Chambers of Commerce and Industry of India (Assocham) അവരുടെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലും ഇത്തരത്തിൽ വ്യാജന്മാർ ഇല്ലെന്നു പറയാനാകുമോ ? ഡ്രഗ് കൺട്രോൾ വിഭാഗവും ആ രോഗ്യവകുപ്പും കാര്യമായ പരിശോധനയും ജാഗ്രതയും പുലർത്തിയാൽ ഒരു പക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാകും പുറത്തുവരുക.
മറ്റുള്ളവരുടെ ജീവനുപോലും വിലകല്പിക്കാത്ത പണത്തിനുവേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ഒരു കൂട്ടർ നമുക്കുചുറ്റുമുണ്ടെന്ന യാഥാർഥ്യം ആരും കണാതെപോകരുത്. അതാണ് കാലം.