ഇതാണ് വിവരാവകാശനിയമത്തിന്റെ (ആര്‍ടിഐ) യഥാർത്ഥ കരുത്ത്. 11 മാസത്തെ പോരാട്ടത്തിൽ 50 വിവരാവകാശ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ആര്‍ടിഒയുടെ 21 കോടിയിലധികം വരുന്ന അനധികൃതസമ്പാദ്യം അങ്ങനെ റെയ്‌ഡിലൂടെ പുറത്തുവന്നു.
അഴിമതിക്കാരായ ഭരണാധികാരികളും ഉദ്യോഗസ്ഥരും വളരെയധികം ഭയക്കുന്നതും വെറുക്കുന്നതുമായ ഒരു നിയമമാണ് വിവരാവകാശ നിയമം 2005.വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്ന ആളുകളെ ഇവർക്കെല്ലാം വെറുപ്പാണ്,ഭയവുമാണ്. കാരണം തങ്ങളുടെ കൊള്ളരുതാഴ്മകൾ ജനമദ്ധ്യത്തിൽ അനാവരണം ചെയ്യുമെന്ന ഭീതിതന്നെയാണ്. ഒപ്പം തുലാസിലായേക്കാവുന്ന ഭാവിയും.
സംഭവം മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് നടന്നത്.യുവ അഭിഭാഷകനായ രാജാ കുക്രേജ തൻ്റെ അനുജൻ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിന്റെ റീ രെജിസ്ട്രേഷനുവേണ്ടി എആര്‍ടിഒ (അസിസ്റ്റന്‍റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍) സന്തോഷ് പാലിനെ സമീപിച്ചപ്പോൾ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് വിഷയം. താനൊരു അഭിഭാ ഷകനാണെന്ന് പറഞ്ഞിട്ടും രക്ഷയില്ലായിരുന്നു. കുപിതനായ എആര്‍ടിഒ വക്കീലിനോട് കയർക്കുകയും ചെയ്തു.
ഒരു അഡ്വക്കേറ്റായ തനിക്കിതാണാവസ്ഥയെങ്കിൽ സാധാരണക്കാരുടെ നിലയെന്തായിരിക്കുമെന്ന ചിന്തയാണ് രാജാ കുക്രേജയെ മുന്നോട്ടു നയിച്ച ഘടകം. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് വിശ്രമമില്ലാത്ത നാളുകളായിരുന്നു. എആര്‍ടിഒയുടെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ രേഖകൾ തേടി 50 വിവരാവകാശ അപേക്ഷകളാണ് അദ്ദേഹം പലയിടങ്ങളിലായി സമർപ്പിച്ചത്. ചിലതിലൊക്കെ വിവരവും രേഖകളും ലഭിക്കാൻ ഒന്നാമത്തെയും രണ്ടാമത്തെയും അപ്പീലുകൾ സമർപ്പിക്കേണ്ടിവന്നു.
ഇവിടെല്ലാം നിന്ന് ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളുമായി അഡ്വക്കേറ്റ് രാജാ കുക്രേജ ഇക്കൊല്ലം ജനുവരിയിൽ മദ്ധ്യപ്രദേശ് ലോകായുക്തയ്ക്ക് പരാതി സമർപ്പിച്ചു. ഇതോടൊപ്പം ഭോപ്പാലിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ സെല്ലിനും പരാതി നൽകി. ഏപ്രിൽ 2022 വരെ അവരും അനങ്ങിയില്ല.
അഴിമതിക്കാർക്കും തട്ടിപ്പുകാർക്കും അനുകൂലമായാണ് നമ്മുടെ നാട്ടിൽ പല ഏജൻസികളും പലപ്പോഴും പ്രവർത്തിക്കുന്നത്. ഓർക്കേണ്ട വസ്തുത ഇവിടെ പരാതിക്കാരൻ വെറും നിസ്സരനല്ല ഒരു അഭിഭാഷകനാണ് എന്ന എന്നതുതന്നെ. അപ്പോൾ സാധാരണക്കരായ നമ്മുടെ കാര്യം പറയണോ ?
ഒരു നടപടിയും കൈക്കൊള്ളാതെ വന്നതിനെത്തുടർന്ന് ഏപ്രിൽ അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ 5 തവണത്തെ സിറ്ററിംഗിനുശേഷം സംസ്ഥാനത്തെ എക്കണൊമിക് ഒഫെന്‍സസ് വിംഗ് (Economic Offences Wing - EOW) ന് ഈ വിഷയത്തിൽ കോടതി അന്വേഷണ ഉത്തരവ് നൽകി. അവരും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വടിയെടുത്തു. ആഗസ്റ്റ് 11 നകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
ഇതിനിടെ റെയ്‌ഡുൾപ്പെടെ നടക്കുമെന്ന വിവരമെല്ലാം ഉദ്യോഗസ്ഥരിൽ നിന്നുതന്നെ പല വഴികളിലൂടെ എആര്‍ടിഒക്ക് ലഭിച്ചിരുന്നു. പല രേഖകളും പ്രമാണങ്ങളും ബിനാമി സ്വത്തുക്കളുടെ റിക്കാർഡുകളും രഹസ്യ സങ്കേതത്തിലേക്ക് മാറ്റപ്പെട്ടു.ഒടുവിൽ അഡ്വക്കേറ്റ് രാജാ കുക്രേജ RTI നിയമപ്രകാരം സംഘടിപ്പിച്ച സന്തോ ഷ് പാലിന്റെ 21 കോടിയുടെ സമ്പാദ്യ വിവരങ്ങളും വീട് റെയ്‌ഡ് ചെയ്തപ്പോൾ കിട്ടിയ 16 ലക്ഷത്തിന്റെ ക്യാഷും 650 ഗ്രാം സ്വർണ്ണവും EOW ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതുകൂടാതെ 3 ആഡംബര കാറുകളും 2 ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. 50 കാരനായ സന്തോഷ് പാൽ കഴിഞ്ഞ പത്തുവർഷമായി ജബൽപൂരിൽ ARTO ആണ്.
ഇദ്ദേഹം കടത്തിക്കൊണ്ടുപോയ റിക്കാർഡുകളും ബിനാമി സമ്പത്തുകളും കണ്ടെത്തുക എന്ന ദൗത്യമാണ് ഇനിയുള്ളത്. അതെല്ലാം ഹൈക്കോടതിയുടെ തീരുമാനപ്രകാരമാകും മുന്നോട്ടു നീങ്ങുക.
അടുത്ത പടിയായി ലോകായുക്തക്കെതിരേ ഹൈക്കോടതിയിൽ നിയമനടപടിക്കൊരുങ്ങുകയാണ് അഡ്വ ക്കേറ്റ് രാജാ കുക്രേജ. കാരണം ഐപിസി 166-എ നിയമം അനുസരിച്ച് അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതരമായ പരാതികളിൽ മനപ്പൂർവ്വം നടപടി കൈക്കൊള്ളാതിരിക്കുന്ന അധികാരികൾക്കെതിരേയും അഴിമതി ക്കുറ്റത്തിന് നടപടി കൈക്കൊള്ളാവുന്നതാണ് എന്ന പ്രബലമായ നിയമം നിലവിലുണ്ട് എന്നതാണ്.
ഇവിടെ നാമറിയേണ്ട വസ്തുത, വിവരാവകാശ നിയമപ്രകാരം അഴിമതികൾ ഒരു പരിധിവരെ തടയാൻ നമുക്ക് കഴിയുന്നതാണ്. അതു പോലെതന്നെ ലോക്‌പാലും ലോകായുക്തയും. നിർഭാഗ്യവശാൽ വളരെ പ്രസക്തമായ ഈ നിയമങ്ങളുടെ ചിറകരിയാനുള്ള ശ്രമങ്ങളാണ് ഭരണവർഗ്ഗവും അധികാരികളും നടത്തിവരുന്നത് എന്ന് പറയാതെ വയ്യ.
അതുപോലെതന്നെ വിവരാവകാശ പ്രവർത്തകരെ ഉപദ്രവിക്കുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിവരാവകാശ പ്രവർത്തകരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായുള്ള ശക്തമായ നിയമനിർമ്മാണം ഇനിയും നടക്കേണ്ടതായുണ്ട്. അത് നടക്കുമോ ? കണ്ടറിയുകതന്നെ.