മണ്ണാർക്കാട്: മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ മണ്ണാർക്കാടിന്റെ സ്പന്ദനമായിരുന്ന അവറാച്ചൻ എന്ന പെരിമ്പടാരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ അബ്രഹാം (72) അന്തരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി 'അവറാച്ചൻ' എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും പൊതുവേ അദ്ദേഹം വിളിക്കപ്പെട്ടത്.
അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയവാർത്തകളും സ്പെഷ്യൽ സ്റ്റോറികളും ശ്രദ്ധിക്കപ്പെട്ടു. ഞങ്ങളുടെ തലമുറയിലെ മാധ്യമപ്രവർത്തകർക്ക്, പ്രത്യേകിച്ചും വാർത്ത അവതാരകർക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു അവറാച്ചൻ. ഒരേസമയം ഗുണകാക്ഷിയും സ്നേഹനിധിയുമായ വഴികാട്ടി.
മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപകങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല കാലോചിതമായ മാറ്റത്തിന്റേതായിരുന്നു. മണ്ണാർക്കാടിന്റെ ഓരോ മലമടക്കുകളിലും സഞ്ചരിച്ച് വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
വാർത്തക്കൊപ്പം പരിസ്ഥിതി, പൗരാവകാശം അട്ടപ്പാടിയിലെ ആദിവാസി പ്രശ്നം എന്നിവയെ ചേർത്തുപിടിച്ച അവറാച്ചൻ, ദൃശ്യമാധ്യമ രംഗത്ത് ജീവൻ ടിവിക്ക് വാർത്തകൾ നൽകി തനതായ ശൈലിയിലൂടെ എന്നും വേറിട്ടുനിന്നു. മണ്ണാർക്കാടിന്റെ മാധ്യമരംഗത്ത് തന്‍റെതായ ഒരിടം കൃത്യമായി അടയാളപ്പെടുത്തിയ പത്രപ്രവർത്തകൻ. മതസംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകൾ സൂക്ഷമതയോടെ പഠിച്ച് ആധികാരികതയോടെ പറയാൻ കഴിവുള്ള മാധ്യമപ്രവർത്തകനായിരുന്നു അവറാച്ചൻ.
വാർത്തകൾ തേടി അദ്ദേഹത്തിനും ക്യാമറമാൻ ഷഹ്‌മറിനുമൊപ്പം പലപ്പോഴും അട്ടപ്പാടിയിലേക്ക് മറ്റും സഞ്ചരിക്കേണ്ടി വന്നപ്പോൾ രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തി ബന്ധങ്ങൾ എനിക്കും ഊഷ്മളവും വിപുലവുമായി. വാർത്തകൾക്കൊപ്പം പരിസ്ഥിതി പ്രശ്നങ്ങളുടെ വേരുകൾ വരെ നേരിട്ട് തൊട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ അവറാച്ചന് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. ലളിതവും മനോഹരവുമായ പ്രയോഗങ്ങൾ കൊണ്ടുളള വാർത്തയെഴുത്ത് ശൈലി കുറച്ചുകാലം പ്രാദേശിക ചാനലുകളിലെ ചുമതലക്കാരനാക്കി.വാർത്താ അവതരണത്തിൽ സ്പെഷ്യൽ സ്റ്റോറികൾ ചാനലിൽ ആവശ്യമായി വന്നപ്പോഴെല്ലാം അവറാച്ചൻ പറയും, ഞാൻ എഴുതും.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി തൃശൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം. ദീപിക, രാഷ്ട്ര ദീപിക, മംഗളം ദിനപത്രങ്ങളിലും ജീവൻ ടിവിയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. വാർത്തകളിൽ വേഗതയാർന്ന അറിവുകളാണുള്ളത്. അറിവുകൾ കടലാസിലൂടെത്തന്നെ വന്നുകൊള്ളണം എന്നില്ല. കടലാസ് ഇല്ലാതായാലും ജേണലിസം നിലനിൽക്കും.വാർത്തകളും വിവരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. നല്ല ജേണലിസം നിലനിൽക്കുക എന്നതാണ് പ്രധാനം. അതു നല്ല ജനാധിപത്യത്തിന് അനിവാര്യവുമാണ്. മാസങ്ങൾക്കു മുമ്പുള്ള ഒരു അവിചാരിത കൂടിക്കാഴ്ചയിൽ അവറാച്ചൻ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും ശാരീരിക അവശതകൾക്കിടയിലും വാർത്തകൾ തേടിയിറങ്ങുമായിരുന്നു. മാധ്യമ രംഗത്ത് വന്ന പുതിയ കാല മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞ പ്രതിഭാശാലിയായ മാധ്യമപ്രവർത്തകനായിരുന്നു അവറാച്ചൻ.
ഭാര്യ: മേഴ്സി ചെറിയാൻ (കിഴക്കേക്കര കുടുംബം). മക്കൾ: എബി അബ്രഹാം, മീര അബ്രഹാം, അനു അബ്രഹാം. മരുമക്കൾ: ജിസ്ന, നിഖിൽ.