/sathyam/media/post_attachments/jQ77sVNTl77HlF1lUpAc.jpg)
ഒത്തഉയരമുള്ള പുരുഷന്മാരെ സ്ത്രീകൾക്കിഷ്ടമാണെന്നാണ് വയ്പ്പ്. എന്നാൽ ഉയരം അമിതമായലോ ? ബുദ്ധിമുട്ടാണ് കാര്യങ്ങൾ. സ്ത്രീകൾതന്നെ അത്തരക്കാരെ ആദ്യം റിജെക്റ്റ് ചെയ്യും. നാട്ടുകാരുടെമുന്നിൽ ഒരു കൗതുകവസ്തുവായി മാറപ്പെടും. വീടിൻ്റെ വാതിൽ, വാഹനം ഒക്കെ ആ തരത്തിൽ പ്രത്യേകം ഡിസൈൻ ചെയ്യേണ്ടിവരും. പിന്നെ പലപല വൈതരിണികൾ...
ഉയരം നന്നാവണം എന്ന ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ടാകും. നല്ല ഉയരം നല്ല വ്യക്തിത്വത്തിൻ്റെ മുഖമുദ്രയുമാണ്. എന്നാൽ തൻ്റെ ഉയരം ഒരു വലിയ സമസ്യയായി മാറിയ പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള 'ദോരാഹ' ക്കടുത്ത് സ്ഥിതി ചെയ്യുന്ന രാംപൂർ ഗ്രാമത്തിൽ താമസിക്കുന്ന ഗുർമീത് സിംഗ് മംഗത്താണ് കഥാപുരുഷൻ. അദ്ദേഹത്തിൻ്റെ ഉയരം 7 അടിയാണ്. 42 കാരനായ ഗുർമീത് സിംഗ് സ്‌കൂൾ അധ്യാപകനാണ്. ഒരു സ്വകാര്യ സ്കൂളിൽ പഞ്ചാബിയും സയൻസും പഠിപ്പിക്കുന്നു
ഉയരം കൂടിയത് തന്റെ ജീവിതത്തെ വളരെയധികം ബാധിച്ചെന്ന് ഗുർമീത് സിംഗ് പറഞ്ഞു. സാധാരണക്കാരെപ്പോലെ തുറന്ന ജീവിതം നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗ്രാമീണരുടെയും സഹപാഠികളുടെയും കളിയാക്കലുകളും ആക്ഷേപങ്ങളും ഏറെ സഹിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആളുകളിൽനിന്ന് മനപ്പൂർവ്വമായ അകലം പാലിക്കാൻ അദ്ദേഹം നിർബന്ധിതനായി.
/sathyam/media/post_attachments/lYDWldekQHfpYi306dQG.jpg)
വിവാഹത്തിനായിരുന്നു കടമ്പകൾ ഏറെ. ഈ കോലുനാരായണന് ആരും പെണ്ണുകൊടുക്കില്ലെന്ന് ഗ്രാമീണരും ബന്ധുക്കളും വിധിപ്രസ്താവ്യം പരസ്യമായിത്തന്നെ പലവുരു നടത്തിയത് മനസ്സിൽ വല്ലാത്ത വിങ്ങലായി മാറി. പലതവണ പെണ്ണുകാണാൻ പോയെങ്കിലും നേരിൽവരാൻ പോലും പെൺകുട്ടികൾ മടിച്ചു. നേരിട്ടു നിരസിച്ചവരും ഏറെയാണ്. വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒരു പെൺകുട്ടിയെയും ഓർമ്മയിലുണ്ട്.
തനിക്ക് പലപ്പോഴും അടങ്ങാത്ത സങ്കടം വന്നുവെന്നും ഉയരം കൂടിയത് ഒരു ശാപം പോലെ തോന്നിത്തുടങ്ങിയെന്നും ഈ ജന്മം തന്നെ പാഴായി വിധിക്കപ്പെട്ടതായും ആർക്കും വേണ്ടാത്ത ഒരു അപഹാസ്യനായി താൻ മാറപ്പെട്ടുവെന്നും ഗുർമീത് പറഞ്ഞു.
എന്നാൽ കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. ഗുർമീതിനെ ഇഷ്ടപ്പെട്ട് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രവീൺ എന്ന സ്ത്രീയാണ് ആ ജീവിതം തന്നെ മാറ്റിമറിച്ചത്. വിവാഹത്തോടെ ജീവിതത്തിന് അടുക്കും ചിട്ടയും കൈവന്നു. ഭാര്യയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഉയരം മൂലമുള്ള അപകർഷതാബോധം കൈവെടിഞ്ഞ് മറ്റുള്ളവർക്കില്ലാത്ത ഉയരം ഒരു വരദാനമെന്ന ചിന്ത മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. ജീവിതം ഒരു വെല്ലുവിളിയായിത്തന്നെ നേരിടുകയായിരുന്നു..
മാന്യമായ ശമ്പളവും അദ്ധ്യാപകനെന്ന ആദരവും അതിലുപരി സൗമ്യമായ പെരുമാറ്റവും മൂലം ഇന്ന് നാട്ടിൽ ഏവർക്കും സ്വീകാര്യനാണ് ഗുർമീത് സിംഗ്. എന്തിനേറെ പഞ്ചാബിലെ ഏറ്റവും പ്രസിദ്ധി നേടിയ വ്യക്തിയായി ഇന്ന് ഗുർമീത് മാറപ്പെട്ടിരിക്കുന്നു.
/sathyam/media/post_attachments/bkDfBvim5huVrquMCosR.jpg)
ഗുർമീത്-പ്രവീൺ ദമ്പതികൾക്ക് ഒരു മകനുണ്ട്. 13 കാരനായ രാജ്‌കിരൺ സിംഗ്. രാജകിരണിന് ഇപ്പോൾത്തന്നെ 6 അടി ഉയരമുണ്ട്. അവന് 8 അടിവരെ ഉയരമുണ്ടാകുമെന്നാണ് ഗുർമീത് പറയുന്നത്. ഉയരം കൂടിയതിനാൽ എപ്പോഴും നല്ല വിശപ്പാണ് ഗുർമീതിന്. ഓരോ 3-4 മണിക്കൂർ കഴിയുമ്പോഴും വിശപ്പ് അനുഭവപ്പെടും.
മറ്റൊന്ന് ഉയരം കാരണം മാർക്കറ്റിൽ നിന്ന് വസ്ത്രങ്ങളും ഷൂസും വാങ്ങാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഗുർമീത് പറഞ്ഞു. തുണിവാങ്ങി തയ്യൽക്കടയിൽ കൊടുത്താണ് വസ്ത്രങ്ങൾ തയ്യറാക്കുന്നത്. അളവിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ മാർക്കറ്റിൽ ലഭ്യമല്ല. ഷൂസും ചെരുപ്പും പ്രത്യേകം അളന്നു തയ്യാറാക്കേണ്ടതുണ്ട്.
ഉയരം മൂലം ഗ്രാമത്തിലും മാർക്കറ്റിലുമൊക്കെ വളരെ പോപ്പുലറാണ് ഗുർമീതും മകനും.എവിടെപ്പോയാലും ആളുകൾ ഓടിക്കൂടി സെൽഫിയെടുക്കുന്നതും പതിവാണ്. ഇപ്പോൾ ആളുകളുടെ സ്നേഹം കാണുമ്പൊൾ ഉയരം ഒരു ശാപമല്ല, അനുഗ്രഹമാണെന്ന് ഗുർമീതിന് തോന്നിത്തുടങ്ങിയിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us