കാണാതെ പോയ 4 വയസുകാരിയെ പതിനെട്ടാം ദിവസം കണ്ടെത്തിയപ്പോള്‍ ഒരു തെരുവു മുഴുവന്‍ വരവേറ്റത് പിങ്ക് ബലൂണുകള്‍ ഉയര്‍ത്തിയും 'സ്വാഗത' ബോര്‍ഡുകള്‍ സ്ഥാപിച്ചും ! 18 ദിനങ്ങള്‍ അവള്‍ കഴിഞ്ഞത് ആള്‍ താമസമില്ലാത്ത പൂട്ടിയിട്ട വിട്ടിലോ ? സന്തോഷ കണ്ണീരോടെ പ്രതികരിച്ച് അമ്മയും !

New Update

publive-image

ഓസ്‌ട്രേലിയ: 'അവള്‍ തിരിച്ചെത്തി, ഞങ്ങളുടെ കുടുംബം പൂര്‍ണ്ണമായി', കാണാതായ നാലു വയസ്സുകാരിയെ പതിനെട്ടാം ദിവസം കണ്ടെത്തിയപ്പോള്‍ കണ്ണീരോടെ അമ്മ; കുട്ടിയെ കണ്ടെത്തിയത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പൂട്ടിയിട്ട നിലയില്‍; തെരുവുകളില്‍ പിങ്ക് ബലൂണുകള്‍ ഉയര്‍ത്തി സന്തോഷമറിയിച്ച് ജനങ്ങള്‍

Advertisment

അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്കായി നടത്തിയ തിരച്ചിലിനിടെ ആളൊഴിഞ്ഞ പ്രദേശത്തെ പൂട്ടിയിട്ട ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയപ്പോള്‍ അവള്‍ അവശ നിലയിലായിരുന്നു.

എന്നാല്‍ സ്വബോധത്തോടെയായിരുന്നുവെന്നും തങ്ങള്‍ പേര് ചോദിച്ചപ്പോള്‍ എന്റെ പേര് ക്ലിയ എന്ന് സന്തോഷത്തോടെ മറുപടി പറയുകയും ചെയ്തുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ നാല് വയസുകാരി ക്ലിയോ സ്മിത്തിനെ 18 ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്യാമ്പ് സൈറ്റില്‍ നിന്ന് കാണാതായത്. കുട്ടിയെ കാണാതാതോടെ തകര്‍ന്നു പോയ മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടിയെ കണ്ടെത്തുന്നതിനായി സോഷ്യല്‍മീഡിയയിലടക്കം അഭ്യര്‍ത്ഥനകള്‍ പോസ്റ്റ് ചെയ്തിരുന്നു.

കുട്ടിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ തിരച്ചിലിന്റെ അവസാനം ഒരു ദുരന്തവാര്‍ത്തയായിരിക്കും ലഭിക്കുക എന്ന ഭയത്തിലായിരുന്നു കുടുംബം. കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമാക്കാതെ പതിനെട്ടാം ദിവസം കുട്ടിയെ ജീവനോടെ തന്നെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ ക്ലിയയുടെ കുടുംബാംഗങ്ങളും അതോടൊപ്പം രക്ഷാ പ്രവര്‍ത്തകരും.

ഓസ്ട്രേലിയയിലെ തീരദേശ പട്ടണമായ കാര്‍നാര്‍വോണിലെ ഒരു വീട്ടില്‍ രാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസും രക്ഷാപ്രവര്‍ത്തകരും മറ്റുള്ളവരുമടക്കം നൂറോളമാളുകളാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാളായ ഡിറ്റക്ടീവ് കാമറൂണ്‍ ബ്ലെയ്ന്‍ പറഞ്ഞു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ക്ലിയ ഇപ്പോള്‍ സുഖായിരിക്കുന്നുവെന്നും പൂര്‍വ്വാധികം ഊര്‍ജ്ജസ്വലയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച ഏവരുടെയും കണ്ണു നിറയിക്കുന്നതായിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചുവെന്ന് ക്ലിയയുടെ അമ്മ എല്ലി സ്മിത്ത് പറഞ്ഞു. അവളെ തിരിച്ചു കിട്ടി, ഞങ്ങളുടെ കൂടുംബം പൂര്‍ണ്ണമായി എന്ന് മകളുടെ ചിത്രം പങ്കുവെച്ച് എല്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്ലിയയെ കണ്ടെത്താനുള്ള അഭ്യര്‍ത്ഥനകള്‍ കുടുംബം നടത്തിയിരുന്നതിനാല്‍ ആളുകള്‍ ക്ലിയയ്ക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. കുട്ടിയെ ജീവനോടെ തിരികെ ലഭിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏകദേശം 4,500 ജനസംഖ്യയുള്ള കാര്‍നാര്‍വോണിലെ തെരുവുകളില്‍ പിങ്ക് ബലൂണുകളും 'സ്വാഗതം' എന്നെഴുതിയ ബോര്‍ഡുകളും കൊണ്ട് നിറച്ചാണ് ആളുകള്‍ സന്തോഷമറിയിച്ചത്.

Advertisment