ടെസ്റ്റ് ഡ്രൈവിനായി കാറോടിക്കാൻ നൽകി; എസ്‌യുവിയുമായി മുങ്ങി കസ്റ്റമർ; 100 ദിവസത്തിന് ശേഷം പിടിയിൽ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കാറോടിച്ച് പിന്നാലെ എസ്‌യുവി തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. 26-കാരനായ ബിസിനസുകാരനെയാണ് പോലീസ് പിടികൂടിയത്. ജനുവരി 30നായിരുന്നു കേസിനാസ്പദമായ കവർച്ച നടന്നത്. പോലീസ് നടത്തിയ പരിശോധനകൾക്കൊടുവിൽ മെയ് 10ന് മോഷ്ടാവിനെ പിടികൂടി.

Advertisment

ബെംഗളൂരുവിലെ കോഫീ ബോർഡ് സ്വദേശിയായ രവീന്ദ്ര എല്ലൂരിയെന്ന (47) എഞ്ചിനീയറുടെ കാറായിരുന്നു തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ മാരുതി വറ്റാര ബ്രസ്സയാണ് മോഷ്ടാവായ എംജി വെങ്കിടേഷ് നായിക് കവർച്ച ചെയ്തത്. 2,500 ഐപി അഡ്രസുകളെ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് പോലീസ് അറിയിച്ചു.

കാർ വിൽക്കാനിട്ടിരിക്കുകയാണെന്ന് കാണിച്ച് കാറിന്റെ ഉടമ ഒഎൽഎക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ടാണ് പ്രതി കാർ നോക്കാൻ എത്തിയത്. വാങ്ങുന്നതിന് മുമ്പ് ഓടിച്ച് നോക്കണമെന്ന് ആവശ്യപ്പെട്ട പ്രതിക്ക് ഉടമ ചാവി നൽകി. എന്നാൽ പിന്നീട് കാറിന്റെ ചാവി തിരികെ ലഭിച്ചില്ലെന്ന് ഉടമ പറയുന്നു.

കടം വീട്ടാൻ സ്വന്തം കാർ വിൽക്കേണ്ടി വന്നുവെന്നും എന്നാൽ പിന്നീട് കാറില്ലാതെ ജീവിക്കുന്നത് അപമാനമായി തോന്നിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. പുതിയ കാർ വാങ്ങാൻ പണമില്ലാത്തതിനാൽ കവർച്ച ചെയ്യുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി. നിലവിൽ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Advertisment