/sathyam/media/post_attachments/9zMjuqLJYFWWLl6BzGPY.jpg)
ഡൽഹി: ഗോവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകളുളള വീടുകള്‍ കേരളത്തിലെന്ന് സര്‍വേ. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സർവേയുടെ കൗതുകമുണർത്തുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്താകെ ഏഴര ശതമാനം വീടുകളിലാണ് കാറുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. കേരളത്തിലാകെ 24.2 ശതമാനം വീടുകളിലാണ് കാറുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ഗോവയിൽ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ട്. ജമ്മു കാശ്മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് പിന്നില്‍ മുന്നും നാലും സ്ഥാനങ്ങളിലുള്ളത്. രണ്ടു ശതമാനം വീടുകളില്‍ മാത്രം കാറുള്ള ബീഹാറാണ് ഏറ്റവും പിന്നിലെന്നും സര്‍വേ കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ല്‍ കാറുകളുടെ എണ്ണത്തില്‍ ദേശീയ ശരാശരി ആറ് ശതമാനമായിരുന്നു.
സൈക്കിളുകളും ബൈക്കുകളുമുള്ള വീടുകളുടെ എണ്ണത്തില്‍ എന്നാല്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. രാജ്യത്ത് ഇരു ചക്രവാഹനങ്ങളുള്ള വീടുകളുടെ എണ്ണമെടുത്താല്‍ ഏഴാം സ്ഥാനത്താണ് കേരളം. 58.2 ശതമാനം വീടുകളിൽ മാത്രമാണ് ഇരു ചക്ര വാഹനങ്ങളുള്ളു. ഗോവയാണ് മുന്നിൽ. 86.7 ശതമാനം വീടുകളിലും ഇരു ചക്ര വാഹനങ്ങളുണ്ട്. 75.6 ശതമാനവുമായി പഞ്ചാബാണ് രണ്ടാമത്. രാജ്യത്താകെ 49.7 ശതമാനം വീടുകളിലാണ് ബൈക്കുള്ളത്.
2018 ല്‍ ഇത് 37.7 ശതമാനമായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സൈക്കിളുള്ള വീടുകളുടെ കാര്യം നോക്കിയാല്‍ രാജ്യത്തെ പകുതി വീടുകളിലും സൈക്കിളുണ്ട്. 50.4 ശതമാനമാണ് ദേശീയ ശരാശരി. എന്നാല്‍ 2018ല്‍ ഇത് 52.1 ശതമാനമായിരുന്നു. കേരളത്തില്‍ 24.5 ശതമാനം വീടുകളിൽ സൈക്കിളുകളുണ്ട്. 78.9 ശതമാനം വീടുകളിലും സൈക്കിളുകളുള്ള ബംഗാളാണ് മുന്നിലുള്ളത്. ഉത്തർ പ്രദേശും ഒഡീഷയും തൊട്ടുപിന്നിലുണ്ട്.