ചിപ്പ് ചതിച്ചു, വലിയ ടച്ച്‌സ്‌ക്രീൻ നഷ്‍ടമായി ഈ വണ്ടികള്‍, നെഞ്ചുനീറി ഉടമകള്‍!

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

നിലവിലുള്ള അർദ്ധചാലക ക്ഷാമം കാരണം ലോക്കതിലെ മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളുടെയും ഉൽപ്പന്ന പ്ലാനുകള്‍ അവതാളത്തിലാണ്. ഈയിടെയായി, ഇന്ത്യയിലെ പല കാർ നിർമ്മാതാക്കളുടെയും ഒന്നിലധികം വേരിയന്‍റുകളിലെ ഫീച്ചറുകളെ ഈ ക്ഷാമം ബാധിക്കുന്നത് കണ്ടു. സ്കോഡ അവരിൽ ഒരാളാണ്. ചിപ്പ് ക്ഷാമം കാരണം അടുത്ത മാസം മുതല്‍ കുഷാക്ക്, സ്ലാവിയ ലൈനപ്പിനായി മറ്റൊരു ഫീച്ചര്‍ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‍കോഡ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഷാക്ക്, സ്ലാവിയ എന്നിവയുടെ ആംബിഷൻ, സ്റ്റൈൽ വേരിയന്റുകളുടെ വരാനിരിക്കുന്ന ഡിസ്‌പാച്ചുകൾ, മിക്കവാറും ജൂൺ 1 മുതൽ, നിലവിലെ 10 ഇഞ്ച് യൂണിറ്റിന് പകരം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുമെന്ന് സ്‌കോഡ അതിന്റെ ഇന്ത്യയിലെ ഡീലര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സെമി-കണ്ടക്ടർ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ, കമ്പനിയുടെ ഇന്ത്യ 2.0 കാറുകളിലെ ഫീച്ചറുകളില്‍ ജൂൺ 1 മുതൽ ചില ചെറിയ അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ട് എന്നും അതിനാൽ ഉപഭോക്താക്കൾക്ക് ഡെലിവറി എടുക്കുന്നതിൽ കാലതാമസം നേരിടേണ്ടി വരില്ലെന്നും കമ്പനി അറിയച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്കോഡയ്ക്ക് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് വിതരണം ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള വിതരണ ശൃംഖല പ്രശ്‌നങ്ങൾ കാരണമാണ് ഈ മാറ്റം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യൂണിറ്റിന് പകരം ഇപ്പോൾ ഒരു പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പാനസോണിക് സിസ്റ്റം വരും. വലിയ സ്‌ക്രീനിൽ കാണുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉണ്ടായിരിക്കും. എന്നിരുന്നാലും, ഇത് സ്കോഡ പ്ലേ ആപ്പുമായി പൊരുത്തപ്പെടില്ല കൂടാതെ വയർലെസ് ആന്‍ഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിള്‍ കാര്‍ പ്ലേ പ്രവർത്തനവും ഉണ്ടായിരിക്കില്ല. പുതിയ പാനസോണിക് ഉറവിട യൂണിറ്റിന് വോളിയത്തിനും മറ്റ് ഫംഗ്‌ഷനുകൾക്കുമായി നോബുകൾ ഉണ്ടായിരിക്കും.

അടുത്തിടെ അവതരിപ്പിച്ച കുഷാക്ക് മോണ്ടെ കാർലോ 10 ഇഞ്ച് സ്ക്രീനിൽ തുടരുമെന്ന് സ്കോഡ സ്ഥിരീകരിച്ചു. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, സ്‌കോഡ അതിന്റെ ഒരു വകഭേദത്തിൽ നിന്നും വയർലെസ് ചാർജിംഗ് ഫീച്ചർ നീക്കം ചെയ്‌തിട്ടില്ല. ഈ ഫീച്ചർ മുമ്പത്തെപ്പോലെ ഓഫർ ചെയ്യുന്നത് തുടരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മൈക്രോചിപ്പ് ക്ഷാമം കാരണം സ്‌കോഡ ഇന്ത്യ തങ്ങളുടെ ലൈനപ്പിൽ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമല്ല. ബ്രാൻഡ് അവതരിപ്പിച്ച കുഷാക്ക് ആക്റ്റീവ് പീസ്, കുഷാക്ക് ആംബിഷൻ ക്ലാസിക് വേരിയന്റുകളിൽ യഥാക്രമം ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പാനൽ തുടങ്ങിയ സവിശേഷതകൾ നഷ്‌ടമായിരുന്നു. അതുകൊണ്ടുതന്നെ ഈ ലിമിറ്റഡ്-റൺ വേരിയന്റുകൾ ലൈനപ്പിൽ സ്ഥാനം പിടിക്കുകയും ഉപഭോക്താക്കൾക്ക് അവരുടെ ബുക്ക് ചെയ്ത വാഹനങ്ങൾ ആസൂത്രണം ചെയ്‍തതുപോലെ വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്‍തു.

കുഷാക്ക് ആക്റ്റീവ് പീസ്, ആംബിഷൻ ക്ലാസിക് എന്നിവയിൽ നിന്ന് നഷ്‌ടമായ ചില ഫീച്ചറുകൾ ലഭ്യമാകുമ്പോൾ (അധിക ചിലവിൽ) തിരികെ ചേർക്കുമെങ്കിലും, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് പകരം ഒരു വലിയ യൂണിറ്റ് സ്ഥാപിക്കുക എന്നത് സ്‌കോഡയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതായത് ഉപഭോക്താക്കൾ അവരുടെ സ്‌കോഡ വാഹനങ്ങളിൽ 8.0 ഇഞ്ച് സ്‌ക്രീൻ ഉപയോഗിക്കേണ്ടി വരും എന്ന് ചുരുക്കം.

സ്‌കോഡയുടെ സഹോദര ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഈ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ഫോക്സ്‍വാഗണ്‍ ടൈഗണിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ തരംതാഴ്ത്തുന്നതിനെക്കുറിച്ച് ഇപ്പോൾ വാർത്തകളൊന്നുമില്ല . സ്ലാവിയയെ അടിസ്ഥാനമാക്കിയുള്ള വിർട്ടസ് 2022 ജൂൺ 9-ന് വിപണിയില്‍ എത്തും.

Advertisment