Advertisment

വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കൂ!

New Update

മഴക്കാല യാത്രക്ക് ഇറങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ. ഈ സമയത്തെ യാത്രകളില്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ ഉണ്ടായില്ല എങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും.

Advertisment

1. മിനിമം അർപിഎം നിലനിർത്തുക :

വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ 'മിനിമം ആക്സിലറേഷൻ ' എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും.

2. താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക :

കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക.

3. മുന്നിൽ പോകുന്ന വാഹനവുമായി അകലം പാലിക്കുക :

വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.

4. ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുക:

ടയര്‍ വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ വാഹനമോടിയിട്ടുണ്ടെങ്കില്‍ ഇതിനുശേഷം ബ്രേക്ക് പ്രവര്‍ത്തന ക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. കാറുകളില്‍ കൂടുതലായ ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നത്. മഴയിലും വെള്ളക്കെട്ടിലും ഇതില്‍ ചെളിപിടിക്കാനുള്ള സാധ്യത എറെയാണ്. ഇത് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

publive-image

5. സഡന്‍ ബ്രേക്ക് ചെയ്യരുത് :

മഴക്കാല യാത്രകളില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ സഡന്‍ ബ്രേക്ക് പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടിലെ കുഴികളില്‍ ടയര്‍ വീണാലുടന്‍ ബ്രേക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് പുകകുഴലില്‍ വെള്ളം കയറാനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ളത്തില്‍ വാഹനം നിര്‍ത്തിയാല്‍ ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നതും നല്ലതാണ്.

6. മികച്ച ടയറുകള്‍ ഉറപ്പാക്കുക :

നനഞ്ഞ് കിടക്കുന്ന നിരത്തുകളില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ അതിജീവിക്കാനുള്ള ഗ്രിപ്പ് ടയറുകള്‍ക്കുണ്ടാവണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

7. ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത് :

മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്.

8. പാര്‍ക്കിങ്ങിലും വേണം ശ്രദ്ധ :

ശക്തമായ മഴയുള്ളപ്പോള്‍ വാഹനം മരങ്ങളുടെ താഴെയും വലിയ ഭിത്തികളുടെയും മറ്റും സമീപത്തും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മരത്തിന്റെ കൊമ്പുകളും മറ്റും ഒടിഞ്ഞ് വാഹനത്തില്‍ വീഴുന്നതില്‍നിന്നും മണ്ണിടിച്ചില്‍ പോലെയുള്ളവയില്‍നിന്നും വാഹനത്തെ ഇങ്ങനെ രക്ഷിക്കാം.

9. ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്:

വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്നു പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.

കനത്ത മഴയില്‍ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകൾക്കും റോഡിലെ വെള്ളക്കെട്ടുകൾക്കും സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിൽ. അതുകൊണ്ട്, വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രം വാഹനങ്ങളുമായി യാത്രകൾക്ക് പുറപ്പെടുക. മഴ കുറച്ചു ദിവസങ്ങൾക്കകം കുറയും. എല്ലാം വീണ്ടും സാധാരണസ്ഥിതിയിലാവും. വാഹനത്തിന്റെയും അവനവന്‍റെയും സുരക്ഷയ്ക്ക് ആദ്യ പരിഗണന കൊടുത്തുകൊണ്ടുമാത്രം സഞ്ചരിക്കുക.

Advertisment