വൈദ്യുത ഇരുചക്രവാഹനങ്ങളില്‍ തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇവയുടെ നിര്‍മാണം പിഴവുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറക്കിയ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. സുരക്ഷാവീഴ്ച വരുത്തിയ വാഹനനിര്‍മാതാക്കള്‍ക്ക് കനത്ത പിഴയീടാക്കാനാണ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്നാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്.
വൈദ്യുതവാഹനങ്ങളില്‍ തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഗതാഗതമന്ത്രാലയം രൂപവത്കരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനനിര്‍മാണത്തിലുണ്ടായ ഗുരുതരവീഴ്ചയാണ് തീപ്പിടിത്തത്തിനുകാരണമെന്ന് സമിതി കണ്ടെത്തിയിരുന്നു. പ്രതിരോധ വികസന-ഗവേഷണ കേന്ദ്രം, ഐ.ഐ. എസ്.സി. ബെംഗളൂരു, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി വിശാഖപട്ടണം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ബാറ്ററിത്തകരാറുമൂലമുണ്ടായ തീപ്പിടിത്തങ്ങളില്‍ മൂന്നുപേര്‍ ഇക്കൊല്ലം കൊല്ലപ്പെട്ടിരുന്നു.
ബാറ്ററികളിലെ മൂന്ന് പ്രധാന ന്യൂനതകളാണ് തീപ്പിടിത്തത്തിനുകാരണമെന്ന് സമിതി കണ്ടെത്തി. താപനിയന്ത്രണ സംവിധാനത്തിന്റെ അഭാവം, ബാറ്ററി സെല്ലുകളുടെ ക്രമീകരണത്തിലെ പോരായ്മ, ബാറ്ററി മാനേജ്മെന്റ് സംവിധാനത്തിലെ വീഴ്ച എന്നിവയാണവ. ബാറ്ററികളുടെ പരിശോധന നടത്തുന്ന ഏജന്‍സികള്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമിതി കണ്ടെത്തി.
സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അഞ്ച് ഇരുചക്ര വൈദ്യുതവാഹനനിര്‍മാതാക്കള്‍ക്ക് കഴിഞ്ഞമാസം മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഒകിനാവ, പ്യുര്‍ ഇ.വി., ഒല എന്നീ കമ്പനികള്‍ 6656 വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തു.