കേരളത്തിന്റെ സ്വന്തം ഇ-സൈക്കിള്‍ ഇനി മുംബൈയിലും; ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സാന്നിധ്യം ശക്തമാക്കുന്നു; കേരളത്തിലുടനീളം 9 ഷോറൂമുകള്‍ ഉടന്‍

New Update

publive-image

Advertisment

കൊച്ചി: ആഗോള വിപണി ലക്ഷ്യമിട്ട് കേരളത്തില്‍ തുടക്കമിട്ട ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ മോട്ടോ മുംബൈയില്‍ ഇലക്ട്രിക് സൈക്കിള്‍ ഷോറൂം തുറന്നു. വാന്‍ മോട്ടോ നിര്‍മിച്ച അര്‍ബന്‍സ്‌പോര്‍ട്ട്, അര്‍ബന്‍സ്‌പോര്‍ട്ട് പ്രോ എന്നീ മോഡലുകളാണ് മുംബൈയില്‍ വിപണിയിലിറക്കിയത്.

കൊച്ചിയില്‍ തുടക്കമിട്ട കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത് ഷോറൂമാണിത്. രാജ്യത്തുടനീളം വില്‍പ്പനയും വില്‍പ്പനാനന്തര സേവനവും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇറ്റലിയില്‍ നടന്ന ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ 2021ലാണ് വാന്‍ മോട്ടോ തങ്ങളുടെ ഇ-സൈക്കിളുകള്‍ ആദ്യമായി ആഗോള തലത്തില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് ആദ്യമായി വിപണിയിലിറക്കിയത്.

ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യന്‍ പ്രീമിയം ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി ബ്രാന്‍ഡ് ആകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാന്‍ മോട്ടോ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു. മുംബൈയിലേക്കുള്ള വരവ് ഇതിന്റെ ആദ്യ പടിയാണ്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും വാന്‍ മോട്ടോ ഇ-സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ഈ ഇ-സൈക്കിളുകളുടെ വിവിധ ഭാഗങ്ങള്‍ പ്രശസ്ത ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബെനലിയുടേതാണ്. മറ്റൊരു ആഗോള മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മിനു കീഴിലുള്ള കിസ്‌കയാണ് വാന്‍ മോട്ടോയുടെ ഇ-സൈക്കിളുകള്‍ രൂപകല്‍പ്പനയും ബ്രാന്‍ഡിങും ചെയ്തിരിക്കുന്നത്.

കൊച്ചി വരാപ്പുഴയിലാണ് വാന്‍ മോട്ടോയുടെ പ്ലാന്റ്. പ്രതിമാസം 2000 യൂണിറ്റുകള്‍ അസംബിൾ ചെയ്യാൻ ശേഷിയുള്ള പ്ലാന്റാണിത്. വാന്‍ മോട്ടോയ്ക്ക് പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ചെക്ക് റിപബ്ലിക് എന്നിവിടങ്ങളിലും ഡീലര്‍മാരുണ്ട്. കൂടാതെ സ്‌പെയ്‌നില്‍ കുട്ടികളുടെ റേസിങ് സൂപ്പര്‍ബൈക്കും വാന്‍ മോട്ടോ നിര്‍മ്മിക്കുന്നുണ്ട്.

കേരളത്തില്‍ വില്‍പ്പനയും വില്‍പ്പനാനന്തര സേവനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കോസ്‌മോസ് സ്‌പോര്‍ട്‌സുമായി വാന്‍ മോട്ടോ കരാറൊപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം പ്രധാന നഗരങ്ങളില്‍ ഒമ്പത് ഷോറൂമുകളും സര്‍വീസ് സെന്ററുകളും വൈകാതെ തുറക്കും.

കൂടാതെ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇ-സൈക്കിള്‍ ലഭ്യമാക്കുന്നതിന് ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിരക്കാരായ കാസിനോ ഗ്രൂപ്പ് ഹോട്ടല്‍സ്, മഹീന്ദ്ര ഹോളിഡേയ്‌സ്, ലെ ലീല, സുരി റിസോര്‍ട്‌സ് എന്നിവരുമായും വാന്‍ മോട്ടോ കരാറൊപ്പിട്ടിട്ടുണ്ട്. നിരാമയ ഗ്രൂപ്പുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ആഗോള വിപണിയില്‍ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ മോട്ടോയില്‍ ആദ്യ നിക്ഷേപമിറക്കിയത് ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് ആണ്. ഏഷ്യന്‍ എനര്‍ജി സര്‍വീസസും അവരുടെ മാതൃകമ്പനിയായ ഓയില്‍മാക്‌സ് എനര്‍ജിയും ചേര്‍ന്ന് വാന്‍ മോട്ടോയുടെ ഭാവി വികസനത്തിനായി 70 ലക്ഷം ഡോളര്‍ പ്രീ-എ സീരിസ് ഫണ്ട് സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

'യുവജനങ്ങള്‍ക്കു വേണ്ടി ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ട്രെന്‍ഡിയുമായ യാത്രാ സൗകര്യമൊരുക്കുകയാണ് വാന്‍ മോട്ടോ. മഹാമാരിയോടെ കൂടുതല്‍ ആരോഗ്യബോധം വര്‍ധിച്ചതോടെ സൈക്ലിങിനും പ്രിയമേറിയിരിക്കുകയാണ്. ഇവര്‍ക്കും സൈക്ലിങ് താല്‍പര്യമില്ലാത്തവരേയും ലക്ഷ്യമിട്ടുള്ള അനായാസ സൈക്ലിങ് സാധ്യമാക്കുകയാണ് വാന്‍ മോട്ടോ,' ഓയില്‍മാക്‌സ് എനര്‍ജി പ്രൈ. ലിമിറ്റഡ് എംഡിയും സിഇഒയുമായ കപില്‍ ഗാര്‍ഗ് പറഞ്ഞു.

48 വോള്‍ട്ട് 7.5 എഎച്ച് ലിഥിയം അയണ്‍ ബാറ്ററിയോട് കൂടിയാണ് വാനിന്റെ അര്‍ബന്‍സ്‌പോര്‍ട്ട്, അര്‍ബന്‍സ്‌പോര്‍ട്ട് പ്രോ എന്നീ വേരിയന്റുകള്‍. ഒറ്റചാര്‍ജില്‍ പരമാവധി 60 കിലോമീറ്റര്‍ വരെ ലഭിക്കും. മണിക്കൂറില്‍ 25 കി.മീ ആണ് വേഗത. റൈഡര്‍ക്കാവശ്യമായ വിവരങ്ങളും മുന്നറിയിപ്പുകളും അറിയിക്കാന്‍ സ്മാര്‍ട് എല്‍സിഡി, കോംപാക്ട് യൂനിസെക്‌സ് അലോയ് ഫ്രെയിം, 20 ഇഞ്ച് വീലുകള്‍, ബെനലിയുടെ ലൈറ്റ് വെയ്റ്റ് അലോയ് റിം, എല്‍സിഡി നിയന്ത്രിയ എല്‍ഇഡി ലൈറ്റുകള്‍, ഡിസ്‌ക് ബ്രേക്ക് തുടങ്ങി ഒട്ടേറെ ഫീച്ചറുകളും ഇവയ്ക്കുണ്ട്.

Advertisment