ജനുവരി ഒന്നു മുതൽ സിട്രോൺ ഈ മോഡലുകളുടെ വില രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കുന്നു

New Update

2023 ജനുവരി മുതൽ കാറുകളുടെ വില വർദ്ധന പ്രഖ്യാപിക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഫ്രഞ്ച് വാഹന ഭീമനായ സിട്രോണും.   C3 ചെറിയ എസ്‌യുവിയും C5 എയർക്രോസ് പ്രീമിയം എസ്‌യുവിയും ഉൾപ്പെടുന്ന കമ്പനിയുടെ ഇന്ത്യൻ ശ്രേണിയിൽ ഓഫർ ചെയ്യുന്ന രണ്ട് മോഡലുകളിലും പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ സിട്രോൺ ഈ മോഡലുകളുടെ വില രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കും. ഇത് പുതിയ സ്റ്റോക്കുകൾക്ക് ബാധകമാകും. അതായത് ഈ വർഷാവസാനത്തിന് മുമ്പ് തങ്ങളുടെ സിട്രോൺ എസ്‌യുവികൾ വാങ്ങുന്നവർക്ക് വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാം.

Advertisment

publive-image

രണ്ട് വർഷം മുമ്പ് C5 എയർക്രോസ് എസ്‌യുവിയുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് സിട്രോൺ സി3 ചെറു എസ്‌യുവി. വില വർദ്ധന അനുസരിച്ച്, സിട്രോൺ C3 ചെറു എസ്‌യുവിക്ക് 9,000 രൂപ വരെ വർദ്ധനയുണ്ടായേക്കാം. അതേസമയം C5 എയർക്രോസ് എസ്‌യുവിക്ക് 16,000 രൂപ വരെ വില വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

ഇന്ത്യയിലെ ടാറ്റ പഞ്ച്, മാരുതി സുസുക്കി ബലേനോ എന്നിവയ്‌ക്ക് എതിരാളികളായ C3 എസ്‌യുവി നിലവിൽ 5.88 ലക്ഷം പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാണ്. ടോപ്പ് എൻഡ് മോഡലിന് 8.15 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില ഉയരുന്നു.

ഇന്ത്യയിലെ മറ്റ് പ്രീമിയം എസ്‌യുവികൾക്കിടയിൽ ഹ്യുണ്ടായ് ടക്‌സണുമായി മത്സരിക്കുന്ന C5 എയർക്രോസ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില 26.67 ലക്ഷം രൂപയാണ്. ഫ്രഞ്ച് കാർ നിർമ്മാതാവ് ഈ വർഷം സെപ്റ്റംബറിൽ C5 എയർക്രോസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. പ്രധാനമായും പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റ് കോസ്‌മെറ്റിക് മാറ്റങ്ങളുമായി വരുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ, 2.0 ലിറ്റർ ഡിസ്‌പ്ലേസ്‌മെന്റും നാല് സിലിണ്ടർ യൂണിറ്റുമുള്ള DW10 FC ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 177 PS പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

അടുത്ത വർഷം തങ്ങളുടെ മൂന്നാമത്തെ മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനും സിട്രോൺ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി C3 എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് കാർ ആയിരിക്കും ഇതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അത് 2023-ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം (സിഎംപി) അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇവി. ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 50kWh ബാറ്ററി പായ്ക്ക് പുതിയ C3 ഇലക്ട്രിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പരമാവധി 136 bhp കരുത്തും 260 Nm ടോര്‍ക്കും സൃഷ്‍ടിക്കാൻ സാധിക്കും.

Advertisment