2022 ജനുവരിയിൽ ആണ് രണ്ട് മോട്ടോർസൈക്കിളുകളുമായി ക്ലാസിക് ലെജൻഡ്‌സ് ഐക്കണിക് യെസ്‌ഡി ബ്രാൻഡിനെ വീണ്ടും അവതരിപ്പിച്ചത്. യെസ്‌ഡി മാത്രമല്ല, ക്ലാസിക് ലെജൻഡ്‌സ് ജാവ ബ്രാൻഡിനെയും പുനരുജ്ജീവിപ്പിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന ഒരു റിപ്പോര്‍ട്ട് യെസ്‌ഡിക്കെതിരായ ഒരു കോടതി ഉത്തരവിനെക്കുറിച്ചാണ്. കർണാടക ഹൈക്കോടതിയുടെ ഒരു പുതിയ ഉത്തരവ് ഇന്ത്യൻ വിപണിയിലെ യെസ്ഡി മോട്ടോർസൈക്കിളുകളുടെ വിൽപ്പനയെ ബാധിച്ചേക്കാം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു . 'യെസ്‍ഡി' ബ്രാൻഡ് ഐഡിയൽ ജാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തന രഹിതമായ കമ്പനി നിലവില്‍ ലയന പ്രക്രിയയിലാണ്. ക്ലാസിക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും അതിന്റെ സഹസ്ഥാപകൻ ബൊമൻ ഇറാനിയെയും 'യെസ്‍ഡി' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് കർണാടക ഹൈക്കോടതി വിലക്കി. ഇറാനിക്കും ക്ലാസിക് ലെജൻഡ്‍സിനും കോടതി 10 ലക്ഷം രൂപ വീതം പിഴയും ചുമത്തി.
ലിക്വിഡേറ്റർ ഓഫീസിന്റെ പരിധിയിൽ വരുന്നതിനാൽ ക്ലാസിക് ലെജൻഡ്‌സിന്റെ പുതിയ ബൈക്കുകളിൽ യെസ്‌ഡി പേര് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 1996-ൽ പ്രവർത്തനരഹിതമായ കമ്പനിയാണ് ഐഡിയൽ ജാവ ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്. പക്ഷേ ഇപ്പോഴും യെസ്‍ഡി എന്ന വ്യാപാരമുദ്രയുടെ അവകാശം ഐഡിയൽ ജാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വ്യാപാരമുദ്ര ലിക്വിഡേറ്ററുടെ ഓഫീസിന്റെ പരിധിയിലാണ്, യെസ്ഡി പേരിന്റെ ഉടമസ്ഥാവകാശം ലിക്വിഡേറ്ററുടെ ഓഫീസിൽ മാത്രമായിരിക്കും. ഐഡിയൽ ജാവ ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ തീർപ്പുകൽപ്പിക്കാത്ത എല്ലാ കുടിശ്ശികകളും ഒരു കക്ഷിക്കും ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തങ്ങളുടെ കുടിശ്ശിക ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്ന് ഐഡിയൽ ജാവ എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. ഐഡിയൽ ജാവ കമ്പനി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യെസ്‌ഡിയുടെ വ്യാപാരമുദ്ര ഉൾപ്പെടെ എല്ലാ ആസ്തികളും വിറ്റ് സമാഹരിച്ച ഫണ്ട്. ലിമിറ്റഡ് എല്ലാ കുടിശ്ശികയും തീർക്കാൻ ഉപയോഗിക്കണം. ബൊമൻ ഇറാനിക്ക് അനുകൂലമായി മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ വ്യാപാരമുദ്രകളുടെ രജിസ്ട്രാർ നൽകിയ എല്ലാ വ്യാപാരമുദ്ര രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കർണാടക ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ചു. അത്തരം എല്ലാ രജിസ്ട്രേഷനുകളും OL (ഔദ്യോഗിക ലിക്വിഡേറ്റർ) വഴി ഐഡിയൽ ജാവയിലേക്ക് മാറ്റാൻ ട്രേഡ്‍മാർക്ക് രജിസ്ട്രേഷൻ അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.
ട്രേഡ്‍മാർക്ക് രജിസ്ട്രാർ അനുവദിച്ച രജിസ്ട്രേഷനുകൾ സ്റ്റേ ചെയ്യാൻ ഐഡിയൽ ജാവ എംപ്ലോയീസ് അസോസിയേഷനും പ്രത്യേക അപേക്ഷ നൽകി. ബൊമൻ ഇറാനിക്കും ക്ലാസിക് ലെജൻഡ്‌സിനും കർണാടക ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ ചുമത്തി. യെസ്ഡി ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 30 ദിവസത്തിനകം നിർത്തിവെക്കാനും കമ്പനിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
“ഓർഡർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, ഈ വിഷയത്തിൽ കമ്പനി നിയമോപദേശം തേടുകയാണ്. ഓർഡറിനെതിരെ കമ്പനി ഉടൻ അപ്പീൽ ഫയൽ ചെയ്യും, അനുകൂലമായ ആശ്വാസം ലഭിക്കുമെന്ന ശുഭാപ്‍തി വിശ്വാസത്തിലാണ്. ഇടക്കാലത്തേക്ക്, അപ്പീൽ കോടതിയുടെ ഉത്തരവുകൾക്ക് വിധേയമായി മോട്ടോർ സൈക്കിളുകളുടെ നിർമ്മാണവും വിൽപ്പനയും തുടരും" സമീപകാല സംഭവവികാസത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ക്ലാസിക് ലെജൻഡ്‌സ് പറഞ്ഞു.
ജാവയും യെസ്‍ഡിയും തമ്മില്‍
ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ 2018 ല്‍ ആണ് ഇന്ത്യയില്‍ തിരികെ എത്തന്നത്. നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ആ മടങ്ങിവരവ്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് രാജ്യത്ത് തിരികെ എത്തിച്ചത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ജാവയെ പുനര്‍ജ്ജനിപ്പിച്ചത്. ജാവയുടെ ഒപ്പം തന്നെ ഇന്ത്യക്കാരെ ഗൃഹാതുരതയിലേക്ക് വഴി നടത്തുന്നു യെസ്‍ഡി എന്ന നാമവും. കാരണം ജാവയും യെസ്‍ഡിയും ഒരമ്മപെറ്റ മക്കളാണെന്നതു തന്നെ. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായിരുന്നു ജാവ എങ്കിൽ തനി ഇന്ത്യനായിരുന്നു യെസ്‍ഡി. 1960-കളിൽ ജാവ ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിറ്റിരുന്ന മൈസൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐഡിയൽ ജാവ കമ്പനി 1973-ൽ റീബ്രാൻഡ് ചെയ്‍തപ്പോൾ സ്വീകരിച്ച പേരായിരുന്നു യെസ്‍ഡി. ആ കഥ ഇങ്ങനെ.
1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനിയുടെ തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്. ആദ്യകാലത്ത് മുംബൈയില്‍ ഇറാനി കമ്പനിയും ദില്ലിയില്‍ ഭഗവന്‍ദാസുമായിരുന്നു ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്‍തിരുന്നത്. എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചു. പക്ഷേ വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്‍തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജാവ റോഡിലിറങ്ങി.
ആദ്യം ജാവ എന്നായിരുന്നു പേരെങ്കിലും ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ നിര്‍മ്മിത ജാവയുടെ പേര് യെസ്‍ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണത്ര അര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം.