ഇരുചക്ര വാഹന വിപണിയെ ഇലക്ട്രിക്ക് വാഹനങ്ങള്‍ കീഴടക്കുന്ന കാഴ്‍ചയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു നഗരം. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസില്‍ ആണ് വാടക ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ നിരോധിച്ചത്. ഫ്രഞ്ച് തലസ്ഥാനത്തെ തെരുവുകളിൽ നിന്ന് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിരോധിക്കാൻ നടത്തിയ ജനഹിത പരിശോധനയില്‍ പാരീസിലെ ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/post_attachments/OFcddT4upiXmmR90FJuK.jpg)
ഫ്രഞ്ച് തലസ്ഥാനത്ത് ഇ-സ്‌കൂട്ടറുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഇവ നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്തിയത്. വൈദ്യുത വാഹനങ്ങൾ ആദ്യമായി സ്വീകരിച്ച നഗരങ്ങളിലൊന്നാണ് പാരീസ്. എന്നാൽ അവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് വിമർശകർ വാദിക്കുന്നത്.
ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് ജനപ്രീതി വർദ്ധിച്ചപ്പോൾ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു. 2022 ൽ പാരീസിലെ ഇ-സ്‍കൂട്ടർ അപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും 459 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. 2021-ൽ ഫ്രാൻസിൽ സ്‍കൂട്ടർ അപകടങ്ങളിൽ , പാരീസിൽ ഒരാൾ ഉൾപ്പെടെ 24 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇ-സ്‌കൂട്ടറുകളും സമാന വാഹനങ്ങളുമായിട്ടാണ് 459 അപകടങ്ങൾ പാരീസിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. ഇതിൽ മൂന്ന് മാരകമായ അപകടങ്ങളും ഉൾപ്പെടുന്നു.
2021-ൽ ഇറ്റാലിയൻ യുവതി ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഇടിച്ച് മരിച്ചിരുന്നു. സ്‍കൂട്ടര്‍ ഇടിച്ച് നടപ്പാതയിൽ തലയിടിച്ചു വീണ യുവതിയാണ് കൊല്ലപ്പെട്ടത്. പലരും സ്‌കൂട്ടറുകൾ ഓടിക്കുന്ന രീതിയെക്കുറിച്ച് നഗരത്തില്‍ വർദ്ധിച്ചുവരുന്ന ആശങ്കയുണ്ട്. അപകടകരമായി പായുന്ന ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ മൂലം കാല്‍നട യാത്രികര്‍ പലപ്പോഴും ഭീതിയിലാണ്. റൈഡർമാർ പലപ്പോഴും ഹെൽമറ്റ് ധരിക്കാറില്ല. മാത്രമല്ല 12 വയസ് പ്രായമുള്ള കുട്ടികൾക്ക് പോലും പാരീസില്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ നിയമപരമായി വാടകയ്ക്ക് എടുക്കാം.