സുദീർഘമായ ചരിത്രമുള്ള കാറാണ് ഹ്യുണ്ടേയ് വെർന. അമേരിക്കയും റഷ്യയുമടക്കം ലോകത്ത് മിക്ക വിപണികളിലും ആക്സന്റ് എന്നറിയപ്പെടുന്ന, ഇന്ത്യയിലും കൊറിയയിലും വെർന എന്നു വിളിക്കുന്ന മധ്യനിര സെഡാൻ. 1994 മുതൽ ലോകവിപണികളിൽ ലഭ്യം. ഇന്ത്യയിലും ആദ്യകാലത്ത് ആക്സന്റ് എന്നും പിന്നീട് വെർന എന്നും വിളിക്കപ്പെട്ടു. ഇപ്പോഴത്തെ വാർത്ത, 2023 ൽ ഇറങ്ങിയ ആറാം തലമുറ വെർന ഇന്ത്യയിലുമെത്തി.
/sathyam/media/post_attachments/chClITCJfRxxmX8gKImC.jpg)
എക്സിക്യൂട്ടീവ് സെഡാനുകളിലേക്ക് യുവ തലമുറയെ തിരിച്ചു വിളിക്കുന്ന കാറാണ് വെർന. സ്കോഡ സ്ലാവിയയും ഫോക്സ് വാഗൻ വിർച്യുസും ഹോണ്ട സിറ്റിയുമൊക്കെ ഉള്‍പ്പെടുന്ന സൗന്ദര്യധാമങ്ങളുടെ ഇടയിലേക്ക് ‘ഞെട്ടിപ്പിക്കുന്ന’ രൂപഭംഗിയും കൊതിപ്പിക്കുന്ന സൗകര്യത്തികവുകളുമായി വെർന. ആദ്യകാഴ്ചയിൽത്തന്നെ ശക്തിയും സൗന്ദര്യവും ആഢ്യത്തവും വഴിഞ്ഞൊഴുകുന്ന സുഖ സൗകര്യങ്ങളുമായി വെർന ഓടിയെത്തുകയാണ്.
ഇനി വരാൻ പോകുന്ന ഹ്യുണ്ടേയ്‌കളുടെ ഡിസൈൻ പ്രഖ്യാപനമാണ് വെർന. തികച്ചും വ്യത്യസ്തമായ ഫ്യൂച്ചറിസ്റ്റിക് രൂപകൽപന. ബംപറിലേക്കിറങ്ങിപ്പോകുന്ന ഗ്രില്ലും മുമ്പാകെ പടർന്നു നിൽക്കുന്ന നേർത്ത ഹെഡ് ലാംപും മാത്രം മതി ഇതു സാധാരണ കാറല്ലെന്ന ബോധം നൽകാൻ. ഫ്ലൂയിഡിക് രൂപകൽപനയിലുള്ള പഴയ വെർനകളുടെ ഒഴുക്കൻ രൂപം ഷാർപ് മൂലകൾക്കും രൂപകൽപനാ രീതികൾക്കും വഴിമാറി.
വശങ്ങളിൽ, പ്രത്യേകിച്ച് ഡിക്കിയോടു ചേരുന്ന ഭാഗത്ത് ഇതു വരെ മറ്റൊരു കാറിലും കണ്ടെത്താനാവാത്ത ചില കോറിയിടലുകൾ. കറുത്ത അലോയ് ഡിസൈനും തെറിച്ചു നിൽക്കുന്ന ചുവന്ന ബ്രേക്ക് കാലിപ്പറുകളും സ്പോർട്ടി രൂപഭംഗി ഉയർത്തുകയാണ്. പഴയ മോഡലിനെക്കാൾ 95 സെ മി നീളവും 70 സെ മി വീൽ ബേസും 36 സെ മി വീതിയും വെർനയ്ക്ക് അധികമുണ്ട്. വലിയ ഡിക്കിയുടെ ശേഷി 528 ലീറ്റർ. മൊത്തത്തിൽ ഈ വലുപ്പം കാഴ്ചയിൽ പ്രതിഫലിക്കും.