മുൻനിര ഇരുചക്ര വാഹന നിർമാതാക്കളും സ്റ്റാർട്ടപ്പുകളും കയ്യും മെയ്യും മറന്നു രംഗത്തെത്തിയത് ഇലക്ട്രിക് സ്കൂട്ടർ സെഗ്‌മെന്റിന് ഉണർവേകിയിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു സ്റ്റാർട്ടപ് കമ്പനിയാണ് ബൗൺസ്. ഡിസൈൻ കൊണ്ടും ഫീച്ചറുകൊണ്ടും ചർച്ചയായ മോഡലാണ് ബൗൺസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഇൻഫിനിറ്റി ഇ വൺ. ബൗൺസ് ഈയിടെയാണ് കേരളത്തിലെത്തിയത്. കൊച്ചിയിലാണ് ഷോറൂം.
/sathyam/media/post_attachments/aJeCfbW03FbZoXy228nv.jpg)
റെട്രോ മോഡേൺ ഡിസൈനുകളുടെ സങ്കലനമാണ് ഇൻഫിനിറ്റിയിൽ കാണാൻ കഴിയുന്നത്. വട്ടത്തിലുള്ള എൽഇഡി ഹെഡ്‌ലാംപ് യൂണിറ്റും വീതിയേറിയ ഹാൻഡിൽ ബാറും റെട്രോ സ്കൂട്ടറുകളെ ഒാർമിപ്പിക്കുന്നു. സാധാരണ പെട്രോൾ സ്കൂട്ടറുകളുടെ വലുപ്പവും ഡിസൈനുമാണ് ഇൻഫിനിറ്റിക്കും. രണ്ട് പേർക്കു സുഖമായി ഇരിക്കാവുന്ന വലുപ്പമുണ്ട് സീറ്റിന്. വലിയ ഗ്രാബ് റെയിലും ഇൻഡിക്കേറ്റർ കൂട്ടിയിണക്കിയ ടെയിൽ ലാംപുമാണ്. ഫുട്പെഗിന്റെയും സ്വിങ് ആമിന്റെയുമൊക്കെ ഡിസൈൻ വെറൈറ്റിയുണ്ട്.
2 കിലോവാട്ട് അവറിന്റെ ലിഥിയം അയോൺ ബാറ്ററിയാണ് ഇൻഫിനിറ്റി ഇ–വണ്ണിലുള്ളത്. മോട്ടർ 1.5 കിലോവാട്ടിന്റെ ഹബ് മൗണ്ടഡ് ബിഎൽഡിസിയും. െഎപി 67 റേറ്റിങ്ങുള്ള 34 എഎച്ച് ബാറ്ററിയാണിത്. ഫുൾ ചാർജിൽ 80 കിമീ ആണ് ബൗൺസിന്റെ വാഗ്ദാനം. പക്ഷേ, കൺസോളിൽ 70 കിലോമീറ്ററേ കാണിക്കുകയുള്ളൂ! കൊച്ചിയിൽനിന്നു വാഹനമെടുത്ത കസ്റ്റമർക്ക് 86 കിമീ റേഞ്ച് കിട്ടിയെന്ന് മാനേജരുടെ വാക്ക്. 3–4 മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജാകും. 2 യൂണിറ്റ് വൈദ്യുതിയാണ് ഇതിനു വേണ്ടി വരിക.
യൂണിറ്റിന് 6 രൂപ വച്ചു കൂട്ടിയാൽ ഫുൾ ചാർജിനു വേണ്ടിവരുന്ന തുക 12 രൂപ മാത്രം! 15 ആംപിയർ പ്ലഗ് വഴി ചാർജ് ചെയ്യാവുന്ന പോർട്ടബിൾ ചാർജറുണ്ട്. 9,999 രൂപയാണു വില. വാഹനം മോഷണം പോയാൽ ഉടൻതന്നെ അലേർട്ട് മെസ്സേജ് വരും. മാത്രമല്ല, ട്രാക്ക് ചെയ്യാനു കഴിയും. വാഹനം ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തകരാൻ വന്ന് നിന്നു പോയാൽ ബൗൺസിൽനിന്നു മെസേജ് ഏറ്റവും അടത്തുള്ള ഡീലറിലേക്കെത്തുകയും സർവീസ് സഹായം ഉടൻതന്നെ എത്തുകയും ചെയ്യും. ജിയോ ഫെൻസിങ് അടക്കമുള്ള ഫീച്ചേഴ്സും ഇൻഫിനിറ്റിയിലുണ്ട്.
ആപ് വഴി വാഹനവും മൊബൈലും കണക്റ്റ് ചെയ്യാം. ബാറ്ററി സ്റ്റാറ്റസ്, വാഹനത്തിന്റെ കണ്ടീഷൻ, സർവീസ് സംബന്ധിയായ കാര്യങ്ങൾ എന്നിവയെല്ലാം മൊബൈലിൽ അറിയാനും കഴിയും. സീറ്റിനടിയിൽ 12 ലീറ്റർ സ്റ്റോറേജ് സ്പേസുണ്ട്. മൊബൈൽ പോയിന്റും ഇവിടെ നൽകിയിട്ടുണ്ട്. ബാറ്ററി, മോട്ടർ, ചാർജർ, ഡിസ്പ്ലെ, രണ്ട് കൺട്രോൾ യൂണിറ്റുകൾ എന്നിങ്ങനെ ആറ് പാർട്സുകൾക്ക് 3 വർഷം അല്ലെങ്കിൽ 40,000 കിമീ വാറന്റിയുണ്ട്.